നേതൃമാറ്റം സി.പി.എമ്മിലും കോൺഗ്രസിലും
പ്രതിച്ഛായ
ജേക്കബ് ജോർജ്
7012000311
കോടിയേരി ബാലകൃഷ്ണനു പകരം സി.പി.എം സംസ്ഥാന നേതൃത്വത്തിലേക്ക് എം.വി ഗോവിന്ദൻ മാസ്റ്റർ. അസുഖം കടുത്തതിനെ തുടർന്ന് കൂടുതൽ ചികിത്സയ്ക്കു പോവുകയാണ് കോടിയേരി. ശരിക്കുമൊരു കമ്യൂണിസ്റ്റുകാരനാണ് ഗോവിന്ദർ മാസ്റ്റർ. എങ്ങനെയായാലും പാർട്ടി സിദ്ധാന്തങ്ങളുടെ നാലതിരുകൾക്കുള്ളിൽ നിൽക്കുന്നയാൾ. പാർട്ടി അണികൾക്ക് രാഷ്ട്രീയവും പാർട്ടി നിലപാടും സംബന്ധിച്ച് വിജ്ഞാനം പകർന്നുകൊടുക്കുന്ന ഗുരുനാഥൻ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച് ഒരു വർഷക്കാലമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെയും എക്‌സൈസിന്റെയും ചുമതല നോക്കുന്ന സംസ്ഥാന മന്ത്രി. പൊതു രാഷ്ട്രീയത്തിലും ഭരണത്തിലും വേണ്ടുന്ന പരിചയം നേടിയ ഗോവിന്ദൻ മാസ്റ്റർ പാർട്ടി സെക്രട്ടറിയാവുകയാണ്.
എങ്കിലും പാർട്ടി കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപൊയ്‌ക്കൊണ്ടിരിക്കുമ്പോഴാണ് ഗോവിന്ദൻ മാസ്റ്റർ അമരത്തെത്തുന്നതെന്നോർക്കണം. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോഴാണ് ഈ നേതൃമാറ്റമെന്ന കാര്യം പ്രത്യേകം ശ്രദ്ധേയം. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ 19ലും ജയിച്ചത് കോൺഗ്രസ് നേതൃത്വം നൽകുന്ന യു.ഡി.എഫ് ആയിരുന്നു. സി.പി.എമ്മിനു കനത്ത തിരിച്ചടിയായിരുന്നു ആ തെരഞ്ഞെടുപ്പ്. 2024ലെ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷവച്ചിരിക്കുമ്പോഴാണ് കോടിയേരി സ്ഥാനമൊഴിയുന്നതും ഗോവിന്ദൻ മാസ്റ്റർ സെക്രട്ടറിയാവുന്നതും.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഗംഭീര തിരിച്ചുവരവുനടത്തി എന്നതു വേറെ കാര്യം. 99 സീറ്റ് നേടി മുഖ്യമന്ത്രി പിണറായി വിജയൻ ഭരണത്തുടർച്ച നേടുകയായിരുന്നു. ഈ നേട്ടം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ കഴിയുമോ എന്നതാണ് പാർട്ടിയുടെ മുന്നിലുള്ള വെല്ലുവിളി. ആ വെല്ലുവിളി ഏറ്റെടുക്കേണ്ടത് പുതിയ സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും.
മുമ്പു പാർട്ടിയെ വേട്ടയാടിയിരുന്ന വിഭാഗീയത ഇന്നു തീരെയില്ല എന്ന് ഗോവിന്ദൻ മാസ്റ്റർക്ക് ആശ്വസിക്കാം. ഒരു കാലത്ത് സി.ഐ.ടി.യു പക്ഷം പാർട്ടിയിൽ ഉയർത്തിയിരുന്ന കനത്ത ഭീഷണി, പാർട്ടി സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചിരുന്ന വി.എസ് അച്യുതാനന്ദൻ നേരിട്ട പരീക്ഷണങ്ങൾ, തുടർന്ന് സി.ഐ.ടി.യു പക്ഷത്തെ വെട്ടിനിരത്തി ജേതാവായ വി.എസ്. സംഭവബഹുലമായ ഏറ്റുമുട്ടലുകളിലൂടെയാണ് സി.പി.എം കഴിഞ്ഞ ദശകങ്ങൾ പിന്നിട്ടത്. 1985ലെ പാർട്ടി കൊച്ചി സംസ്ഥാന സമ്മേളനത്തിൽ എം.വി രാഘവൻ അവതരിപ്പിച്ച ബദൽ രേഖയിൽ തുടങ്ങുന്ന സംഭവങ്ങൾ. 1986ൽ എം.വി.ആർ പാർട്ടിക്കു പുറത്തായി. എം.വി.ആറിനെ രണ്ടു കൈയും നീട്ടി കെ. കരുണാകരൻ സ്വീകരിച്ചു. പിന്നാലെ കമ്യൂണിസ്റ്റ് ഇതിഹാസമായിരുന്ന കെ.ആർ ഗൗരിയമ്മയും കരുണാകരന്റെ സ്വീകരണം ഏറ്റുവാങ്ങി മന്ത്രിസഭയിൽ അംഗമായി.
2021ൽ കോൺഗ്രസിനെയും യു.ഡി.എഫിനെയും ഞെട്ടിച്ച് ഭരണത്തുടർച്ച നേടിയ ഇടതുമുന്നണിയുടെ നേതൃപാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പദമാണ് എം.വി ഗോവിന്ദൻ മാസ്റ്റർ ഏറ്റെടുക്കുന്നത്. പക്ഷേ കേരള രാഷ്ട്രീയം പുതിയ ചക്രവാളത്തിലേക്കു വളരുകയാണ്. കേന്ദ്രത്തിൽ ബി.ജെ.പി പ്രതിപക്ഷ കക്ഷികളുടെമേൽ സമ്മർദം രൂക്ഷമാക്കുന്ന സമയം. കോൺഗ്രസ് നേതൃത്വം ദിവസേന ദുർബലമായിക്കൊണ്ടിരിക്കുന്ന കാലം. ബി.ജെ.പിക്കെതിരേ ദേശീയതലത്തിൽ ബദലുണ്ടാക്കാൻ പ്രയാസപ്പെടുന്ന കോൺഗ്രസ് നേതൃത്വം.
സി.പി.എമ്മിനാവട്ടെ പിടിച്ചുനിൽക്കാൻ കേരളം മാത്രം. ശക്തി കേന്ദ്രമായിരുന്ന പശ്ചിമബംഗാളും ത്രിപുരയും എന്നേ സി.പി.എമ്മിനെ കൈവിട്ടുപോയി. ബിഹാറിൽ പേരിനും മാത്രം സാന്നിധ്യം. പഞ്ചാബ് പോലെ പണ്ട് ശക്തിയുണ്ടായിരുന്ന സംസ്ഥാനങ്ങളിലൊക്കെ ഇടതുപക്ഷ രാഷ്ട്രീയം തന്നെ വലിയ തളർച്ച നേരിടുകയാണ്. ഭരണത്തിന്റെ തണലും ശീതളിമയുമുള്ളതു കേരളത്തിൽ മാത്രം. സംഘടന പച്ചപിടിച്ചുനിൽക്കുന്നതും ഇവിടെ മാത്രം.
വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പു വിജയിക്കുക എന്നതു മാത്രമല്ല, നാലു വർഷത്തിനപ്പുറം നടക്കാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മേധാവിത്വം തുടരാനാവും വിധം പാർട്ടിയെ സജ്ജമാക്കി നിർത്താനും കഴിയണം പുതിയ സംസ്ഥാന സെക്രട്ടറിക്ക്. കോൺഗ്രസ് ഒരു വർധിതാവേശത്തിലാണെന്ന കാര്യം സി.പി.എമ്മിന് വലിയ വെല്ലുവിളി തന്നെയാണ്. ഏറ്റവുമൊടുവിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഉദാഹരണം. അന്തരിച്ച നിയമസഭാംഗം പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസ് നേടിയ വൻ വിജയം സി.പി.എമ്മിന്റെ കണക്കുകൂട്ടലുകളൊക്കെയും തെറ്റിച്ചുകൊണ്ടായിരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയിൽ വി.ഡി സതീശന്റെ മുന്നേറ്റം കുറിക്കുന്ന വിജയവുമായി അത്. തെരഞ്ഞെടുപ്പിന്റെ മുഴുവൻ നീക്കങ്ങളും സതീശന്റെ നിയന്ത്രണത്തിലായിരുന്നു.
ഗോവിന്ദൻ മാസ്റ്ററെ പോലെ മന്ത്രിസ്ഥാനം ഒഴിഞ്ഞിട്ടാണ് 1998ൽ പിണറായി വിജയൻ പാർട്ടി സെക്രട്ടറി സ്ഥാനമേറ്റെടുത്തത്. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരമേറ്റ ഇ.കെ നായനാർ മന്ത്രിസഭയിൽ വിദ്യുച്ഛക്തി മന്ത്രിയായിരുന്നു അദ്ദേഹം. കേരളം കടുത്ത വൈദ്യുതിക്ഷാമത്തിലൂടെ കടന്നു പോവുന്ന സമയമായിരുന്നു അത്. പവർകട്ടും ലോഡ് ഷെഡ്ഡിങ്ങും കേരള സമൂഹത്തെയും വ്യവസായ മേഖലയെയും ആകെ വലച്ചിരുന്ന കാലം. ആ ഘട്ടത്തിലാണ് പിണറായി വിജയൻ വിദ്യുച്ഛക്തി വകുപ്പിന്റെ ചുമതല ഏറ്റെടുത്തത്.
ഒരു വർഷത്തിലേറെക്കാലം നീണ്ടുനിന്ന ഭരണ പരിചയം ഗോവിന്ദൻ മാസ്റ്റർക്കും നൽകുന്നത് വലിയ അനുഭവപശ്ചാത്തലം തന്നെ. താരതമ്യേന വലിയ വകുപ്പുകൾ തന്നെയാണ് അദ്ദേഹം കൈകാര്യം ചെയ്തത് - എക്‌സൈസും തദ്ദേശസ്വയംഭരണവും.
കോൺഗ്രസിലെ നേതൃമാറ്റ രീതിയും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്. ഇന്നും ദേശീയതലത്തിൽ ബി.ജെ.പി.ക്കെതിരേ ഒരു പ്രതിപക്ഷനിര കെട്ടിപ്പടുക്കാൻ ശേഷിയുള്ള പാർട്ടി കോൺഗ്രസ് മാത്രം. പക്ഷേ ആരാണു കോൺഗ്രസിന്റെ നേതാവ്? രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്ത് മൻമോഹൻ സിങ് ഗവൺമെന്റിൽ പ്രധാന വകുപ്പിന്റെ ചുമതല ഏറ്റെടുത്ത് പ്രാഗത്ഭ്യം തെളിയിക്കാനും വലിയ പരിചയം സ്വന്തമാക്കാനും രാഹുൽ ഗാന്ധിക്കു കഴിയുമായിരുന്നു. അവസാനത്തെ ഒന്നോ രണ്ടോ വർഷം മൻമോഹൻ സിങ്ങിനെ മാറ്റിനിർത്തി പ്രധാനമന്ത്രിയാവാനും രാഹുലിനു കഴിയുമായിരുന്നു. മുൻ പ്രധാനമന്ത്രിയെന്ന പരിവേഷം എക്കാലവും അദ്ദേഹത്തിന്റെ സ്വന്തമാവുമായിരുന്നു. അധികാരത്തിൽ നിന്നു ദൂരെ മാറിനിൽക്കാനാണ് രാഹുൽ ഗാന്ധി താൽപ്പര്യപ്പെട്ടത്. 2019ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ട ദയനീയ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുൽ ഗാന്ധി പാർട്ടി പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിയുകയും ചെയ്തു.
ഇപ്പോഴിതാ പാർട്ടിയുടെ മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്നു രാജിവച്ചു പടിയിറങ്ങിയിരിക്കുന്നു. രാഹുൽ ഗാന്ധി കോൺഗ്രസ് നേതൃത്വത്തിൽ വന്ന ശേഷം പാർട്ടിക്കു വരുത്തിവച്ച നാശനഷ്ടങ്ങൾ എണ്ണിയെണ്ണി പറഞ്ഞുകൊണ്ടാണു രാജി. രാഹുൽ ഗാന്ധി രാജ്യമാകെ കാൽനടയാത്ര നടത്താനൊരുങ്ങുമ്പോഴാണ് ഗുലാം നബി ആസാദ് രാജിവച്ചത്. സ്ഥാനമൊന്നും വഹിക്കാതെ പിൻസീറ്റ് ഡ്രൈവിങ് നടത്തുകയാണ് രാഹുൽ ഗാന്ധിയെന്നും അദ്ദേഹം ആക്ഷേപിക്കുന്നുണ്ട്.കോൺഗ്രസ് നേതാവെന്ന നിലയ്ക്ക് ഇന്ത്യയൊട്ടാകെ രാഹുൽ ഗാന്ധി ഒരു പദയാത്ര നടത്തുന്നത് മഹാസംഭവം തന്നെയാണ്. 'ഭാരത് ജോഡോ യാത്ര'യ്ക്ക് കേരളത്തിലും എങ്ങും തയാറെടുപ്പുകൾ പൂർത്തിയായിരിക്കുന്നു. ഉത്തരവാദിത്വം നേരിട്ടുവഹിക്കാതെ, രാഷ്ട്രീയം പയറ്റുകയാണ് രാഹുൽ ഗാന്ധി. നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും നേരിടാൻ ഇതു മതിയോ?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."