ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി ആവര്‍ത്തിച്ച് നല്‍കരുത്; ആരോഗ്യമന്ത്രിക്ക് സ്പീക്കറുടെ താക്കീത്
തിരുവനന്തപുരം: ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. നിയമസഭാ ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടികള്‍ ആവര്‍ത്തിച്ച് നല്‍കരുതെന്ന് വീണ ജോര്‍ജിന് സ്പീക്കര്‍ നിര്‍ദേശം നല്‍കി. പി പി ഇകിറ്റ് അഴിമതി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി ഒരേ മറുപടി നല്‍കി. ഇത്തരം ശൈലി ആവര്‍ത്തിക്കരുതെന്നാണ് സ്പീക്കറുടെ നിര്‍ദേശം. ആരോഗ്യ മന്ത്രിയെ നിയമസഭാ സെക്രട്ടേറിയറ്റ് ഇക്കാര്യം അറിയിച്ചു.
കോണ്‍ഗ്രസ് എം.എല്‍.എ എ.പി അനില്‍കുമാറിന്റെ പരാതിയിലാണ് സ്പീക്കറുടെ ഇടപെടല്‍.
അതേസമയം, പേവിഷബാധ വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി വ്യക്തമായ മറുപടി നല്‍കാതിരുന്നതിനെത്തുടര്‍ന്ന് ചോദ്യോത്തര വേളയ്ക്കിടെ മുഖ്യമന്ത്രി ഇടപെട്ടു. വാക്‌സിനുകളുടെ ഗുണനിലവാരത്തെ കുറിച്ച് പരിശോധിക്കേണ്ട ആവശ്യമില്ലെന്ന തരത്തിലുള്ള മന്ത്രിയുടെ പരാമര്‍ശത്തെയാണ് മുഖ്യമന്ത്രി തിരുത്തിയത്. മുഖ്യമന്ത്രിയുടെ നടപടിയെ പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ സ്വാഗതം ചെയ്തു.
വാക്‌സിന്‍ ഉപയോഗിച്ചിട്ടും എങ്ങനെ മരണം സംഭവിച്ചു എന്ന് മന്ത്രി വിശദീകരിച്ചു. പക്ഷേ സമൂഹത്തില്‍ പേവിഷബാധ മരണം ഉണ്ടായപ്പോള്‍ ആശങ്കയുണ്ട്. മന്ത്രി പറഞ്ഞ കാര്യങ്ങള്‍ മെഡിക്കല്‍ വിദഗ്ധരുടെ അഭിപ്രായമാണ്. എന്നിരുന്നാലും ആശങ്ക കണക്കിലെടുത്ത് വിദഗ്ധ സമിതിയെ നിയോഗിച്ച് വാക്‌സിനെ കുറിച്ച് പരിശോധിക്കുമെന്നും ആരോഗ്യവകുപ്പ് ഇത് നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
പേവിഷ വാക്‌സീന്റെ ഗുണനിലവാരത്തില്‍ സംശയമില്ലെന്ന് ആരോഗ്യമന്ത്രി പിന്നീട് പറഞ്ഞു. രണ്ട് ഇന്‍-ഹൗസ് ടെസ്റ്റും മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മാനദണ്ഡമനുസരിച്ചുള്ള ഗുണനിലവാര സര്‍ട്ടിഫിക്കറ്റും ഉറപ്പാക്കിയാണ് വാക്‌സിന്‍ വാങ്ങുന്നത്. അന്‍പതിനായിരം വയല്‍ വാക്‌സീന്‍ പിന്‍വലിച്ചെന്ന ആക്ഷേപം ശരിയല്ല. പരാതി വന്നപ്പോള്‍ പരിശോധനയ്ക്കയച്ച് പ്രശ്‌നമില്ലെന്ന് കണ്ടെത്തുകയാണ് ചെയ്തതെന്നും മന്ത്രി അവകാശപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."