ആർ.എസ്.പി (എൽ) വീണ്ടും പിളർപ്പിലേക്ക് രൂപീകരിച്ച് ആറാം വർഷത്തിനിടെ മൂന്നാമത്തെ പിളർപ്പ്
സ്വന്തം ലേഖകൻ
കൊല്ലം • കോവൂർ കുഞ്ഞുമോൻ എം.എൽ.എയുടെ ആർ.എസ്.പി (ലെനിനിസ്റ്റ്) വീണ്ടും പിളർപ്പിലേക്ക്. രൂപീകരിച്ച് ആറു വർഷത്തിനിടെ പാർട്ടിയുടെ മൂന്നാമത്തെ പിളർപ്പാണിത്. കൊല്ലം ജില്ലാ സെക്രട്ടറി പാലക്കാട്ട് നടന്ന പാർട്ടിയുടെ മണ്ഡലം സമ്മേളനത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്ന പേരിൽ പങ്കെടുത്തതിനെ തുടർന്ന് സംസ്ഥാന സെക്രട്ടറി, അദ്ദേഹത്തെ സ്ഥാനത്തുനിന്ന് നീക്കിയതാണ് പുതിയ പിളർപ്പിലേക്ക് നീങ്ങാൻ കാരണം.
പാലക്കാട് തരൂരിൽ നടന്ന പാർട്ടിയുടെ മണ്ഡലം സമ്മേളനത്തിൽ സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്ന പേരിലാണ് കൊല്ലം ജില്ലാ സെക്രട്ടറി സാബു ചക്കുവള്ളി പങ്കെടുത്തത്. ഇതേത്തുടർന്ന് കൊല്ലം ജില്ലാ സെക്രട്ടിയെ സംസ്ഥാന സെക്രട്ടി ഷാജി ഫിലിപ്പ് പദവിയിൽനിന്ന് നീക്കുകകയായിരുന്നു. പാലക്കാട് ജില്ലാ സെക്രട്ടറിയേയും നീക്കി. ഇതാണ് പുതിയ പിളർപ്പിലേക്ക് നയിച്ചത്. പുതിയ പിളർപ്പിൽ ജില്ലാ സെക്രട്ടറിക്കൊപ്പമാണ് കോവൂർ കുഞ്ഞുമോനെന്നാണ് വിവരം. ഇതിനു പ്രതികാര നടപടിയെന്ന നിലയിൽ ഷാജി ഫിലിപ്പിനെ നീക്കാൻ മറുവിഭാഗം അടുത്ത ദിവസം തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റി വിളിച്ചിരിക്കുകയാണ്.
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ആർ.എസ്.പി ലെനിനിസ്റ്റ് രൂപീകരിച്ച് കോവൂർ കുഞ്ഞുമോൻ എൽ.ഡി.എഫിനൊപ്പം ചേർന്നത്. ബോർഡ്, കോർപറേഷൻ സ്ഥാനങ്ങൾ സംബന്ധിച്ച് കുഞ്ഞുമോനും സംസ്ഥാന സെക്രട്ടറിയായിരുന്ന അമ്പലത്തറ ശ്രീധരൻ നായരും തമ്മിൽ തർക്കമുണ്ടാവുകയും ശ്രീധരൻ നായരെ പുറത്താക്കുകയും ചെയ്തിരുന്നു. തുടർന്ന് ശ്രീധരൻ നായർ വേറെ പാർട്ടി രൂപീകരിച്ചു. ശ്രീധരൻ നായർക്ക് പകരം സംസ്ഥാന സെക്രട്ടറിയായി അഡ്വ. എസ്. ബാലദേവിനെ നിയമിച്ചു.
2020ൽ പി.എസ്.സി മെമ്പർ സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പുറത്താക്കി. തുടർന്ന് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ സീറ്റ് വേണ്ടെന്നുകാട്ടി ബലദേവ് ഇടതുമുന്നണിക്ക് കത്തുനൽകുകയും ചെയ്തു.
തന്റെ പേരിലാണ് ആർ.എസ്.പി ലെനിനിസ്റ്റ് എന്ന പാർട്ടി രജിസ്റ്റർ ചെയ്തിരുക്കുന്നതെന്ന അവകാശവാദവും ബലദേവ് ഉന്നയിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ സി.പി.എം സംസ്ഥാന നേതൃത്വം ഇടപെട്ടാണ് കുഞ്ഞുമോന്റെ കുന്നത്തൂരിലെ സ്ഥാനാർഥിത്വം ഉറപ്പിച്ചത്. പിന്നീടാണ് കോട്ടയം സ്വദേശിയായ ഷാജി ഫിലിപ്പിനെ സെക്രട്ടറിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."