സുരേന്ദ്രനെ നീക്കാന്‍ ബി.ജെ.പിയില്‍ ഒപ്പുശേഖരണം
സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴ ആരോപണത്തില്‍ കുരുക്ക് മുറുകുന്നതിനിടെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ തല്‍സ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം ഒപ്പുശേഖരണം തുടങ്ങി. പി.കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളുടെ ഒപ്പുകള്‍ ശേഖരിച്ച് കേന്ദ്രനേതൃത്വത്തിന് അയയ്ക്കുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിയും തുടര്‍ന്നുണ്ടായ കോഴ ആരോപണങ്ങളും കാരണം പ്രതിസ്ഥാനത്തു നില്‍ക്കുന്ന സുരേന്ദ്രന്റെ നേതൃത്വത്തില്‍ മുന്നോട്ടുപോകാനാവില്ലെന്നും ഇങ്ങനെ പോയാല്‍ കേരളത്തില്‍ പാര്‍ട്ടി തകര്‍ന്നടിയുമെന്നും ചൂണ്ടിക്കാട്ടിയാണ് ഒപ്പുശേഖരണം.
പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ വിശ്വാസ്യത നഷ്ടമായ നേതൃത്വം മാറണമെന്ന കടുത്ത നിലപാടിലാണിവര്‍.
അതേസമയം, ഓണ്‍ലൈന്‍ യോഗങ്ങള്‍ സംഘടിപ്പിച്ച് സജീവമാകാനുള്ള ശ്രമത്തിലാണ് വി. മുരളീധരന്‍- കെ. സുരേന്ദ്രന്‍ വിഭാഗം. പാര്‍ട്ടി നേതൃതല യോഗങ്ങള്‍ ഓണ്‍ലൈനിലല്ലാതെ വിളിച്ച് തങ്ങളുന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നും കോഴ ഇടപാടുകളും ഫണ്ട് വെട്ടിപ്പുകളുമെല്ലാം പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയെന്നും കൃഷ്ണദാസ്, ശോഭ വിഭാഗങ്ങള്‍ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ടിന്റെ കണക്ക് കോര്‍ കമ്മിറ്റി, സംസ്ഥാന ഭാരവാഹി യോഗങ്ങളിലൊന്നും ഇതുവരെ അവതരിപ്പിച്ചിട്ടില്ല. ആവശ്യങ്ങളോട് മുഖംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് സുരേന്ദ്രന്‍ സ്വീകരിക്കുന്നതെന്നും എതിര്‍ വിഭാഗം ആരോപിക്കുന്നു.
ഇതിനിടെ മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍ മുരളീധരനും സുരേന്ദ്രനുമെതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തുവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."