ബി.ജെ.പി നേതൃത്വം ഒന്നടങ്കം മാറണമെന്ന് ആര്‍.എസ്.എസ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: നിലവിലെ ബി.ജെ.പി നേതൃത്വത്തെ മാറ്റി പാര്‍ട്ടിയെ അഴിച്ചുപണിയണമെന്ന് ആര്‍.എസ്.എസ്. ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കേണ്ടവര്‍ സ്വന്തം ഗ്രൂപ്പുണ്ടാക്കി പാര്‍ട്ടിയെ തളര്‍ത്തുകയാണെന്നും ഇതിന് ഒറ്റമൂലി നേതൃതലത്തിലുള്ള അഴിച്ചുപണി തന്നെയാണെന്നും സംസ്ഥാനത്തെ ആര്‍.എസ്.എസ് നേതൃത്വം ബി.ജെ.പി ദേശീയ നേതൃത്വത്തോടു നിര്‍ദേശിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ സംബന്ധിച്ച് ബി.ജെ.പി ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയ സമിതി രഹസ്യമായി അന്വേഷിച്ചു നല്‍കിയ റിപ്പോര്‍ട്ടിലും കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിനെതിരേ ഗുരുതരമായ കണ്ടെത്തലുകളും വിമര്‍ശനങ്ങളുമാണുള്ളത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിന് എ.ബി.വി.പിയുടെ സംഘടനാ നിലവാരം പോലുമില്ലെന്ന കടുത്ത വിമര്‍ശനം ആര്‍.എസ്.എസിനുണ്ട്. തെരഞ്ഞെടുപ്പില്‍ ഒരാളെപ്പോലും ജയിപ്പിക്കാന്‍ കഴിയാത്ത കേരളത്തില്‍നിന്ന് കേന്ദ്രമന്ത്രിമാരെ എന്തിനാണ് വെറുതെ സൃഷ്ടിക്കുന്നതെന്ന അഭിപ്രായവും ആര്‍.എസ്.എസ് പ്രകടിപ്പിച്ചിട്ടുണ്ട്.
പാര്‍ട്ടി നേതൃത്വം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലണം. സി.പി.എം വീണ്ടും അധികാരത്തിലെത്തിയതുകൊണ്ടു മാത്രം കേരളത്തില്‍ കോണ്‍ഗ്രസിന്റെ സ്ഥാനത്തേക്ക് ബി.ജെ.പിക്ക് ഒരിക്കലും എത്തിച്ചേരാനാവില്ല. ന്യൂനപക്ഷങ്ങളുമായി കൂടുതല്‍ അടുക്കുകയാണ് അതിനു വേണ്ടതെന്നും ആര്‍.എസ്.എസ് നിര്‍ദേശിക്കുന്നു. ഈ മാസം പകുതിയോടെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ കേരളത്തിലെത്തും. അതിനു മുമ്പായി സംസ്ഥാനത്തെ പ്രധാന നേതാക്കളെ അദ്ദേഹം ഡല്‍ഹിക്കു വിളിപ്പിക്കും. ഇവിടുത്തെ ആര്‍.എസ്.എസ് നേതൃത്വവുമായി കൂടിയാലോചിച്ച ശേഷമാകും പാര്‍ട്ടിയില്‍ തിരുത്തലുകള്‍ക്ക് അദ്ദേഹം തയാറാകുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."