ഓര്‍മകളുടെ ചിത്രശാല
ദിവ്യ ജോണ്‍ ജോസ്
കുറച്ചു വര്‍ഷങ്ങള്‍ക്കുമുന്‍പ് തപാലില്‍ ഒരു പുസ്തകം കിട്ടി. അതയച്ചുതന്ന ആളോട് നന്ദി പറയുകയും അതു വായിച്ചെന്നധ്വനിയില്‍ സംസാരിച്ചുനിര്‍ത്തുകയുംചെയ്തു. ഖുശ്വന്ത്‌സിങ്ങിന്റെ 'ഡെത്ത് അറ്റ് മൈ ഡോര്‍ സ്‌റ്റെപ്പ്‌സ്' എന്ന പുസ്തകമായിരുന്നു അത്. ലേഖനങ്ങളായിരുന്നതുകൊണ്ട്, കുറച്ചു കുറിപ്പുകള്‍ വായിച്ചശേഷം നിര്‍ത്തി. പിന്നീട് കുറച്ച് റീഡേഴ്‌സ്‌ബ്ലോക്കുമായി. വായന തീരേ ഇല്ലാതായ കുറെ നാളുകള്‍ കഴിഞ്ഞാണ് വീണ്ടുമൊരു വായനയിലേക്ക്, ഈ പുസ്തകത്തിലേക്കു തിരിച്ചെത്തുന്നത്.
വായനയുടെ അവസാന താളുകള്‍ എത്തിയപ്പോഴാണ്, ഉണങ്ങിയ ഒരു ഡെയ്‌സിഫ്‌ലവര്‍, പൊടിയാറായ വിധത്തിലിരിക്കുന്നതു കാണുന്നത്. വസന്തകാലത്തിന്റെ ആരംഭത്തില്‍, പൊട്ടിമുളയ്ക്കാറുള്ള ആദ്യപൂക്കളിലൊന്നാണ് ഇവിടെ (അയര്‍ലന്‍ഡില്‍) ഡെയ്‌സിപുഷ്പങ്ങള്‍. വഴിയരികിലുംമറ്റും മഞ്ഞയും വെള്ളയുംനിറത്തില്‍ നിറഞ്ഞുനില്‍ക്കുന്നതു കാണാം. കുറച്ചൊരു കുറ്റബോധത്തോടെ, അതു പൊടിയാതെയെടുത്ത് ഒരു ഡപ്പിക്കുള്ളില്‍ സൂക്ഷിച്ചുവച്ചു. അതു സമ്മാനിച്ച സുഹൃത്താകട്ടെ, അപ്പോഴേക്കും കടലുകള്‍ക്കപ്പുറത്തേക്ക്, മറ്റൊരു രാജ്യത്തേക്ക് കുടിയേറിപ്പോവുകയുംചെയ്തിരുന്നു.
ഒരു കുഞ്ഞുപെട്ടിയില്‍ കുറേയധികം ഓര്‍മപ്പൊട്ടുകള്‍ ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. പലതും പഴയ സുഹൃത്തുക്കളെ, പ്രണയങ്ങളെ, കാത്തിരുപ്പുകളെ, വേര്‍പാടുകളെയൊക്കെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും. ഷര്‍ട്ടിലെ ബട്ടന്‍സ്, ഒരു യൂറോ നാണയം, പോസ്റ്റുകവറിലെ സ്റ്റാമ്പുകള്‍, പേന, ചില സ്ഥലങ്ങളിലേക്കുള്ള യാത്രകളെ ഓര്‍മിപ്പിക്കുന്ന ബസ്‌യാത്രാ ടിക്കറ്റുകള്‍, അങ്ങനെ നിരവധി ലൊട്ടലൊടുക്കുകള്‍. പപ്പ ഉപയോഗിച്ചിരുന്ന ഖദര്‍സഞ്ചികളിലൊന്ന് ഞാന്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. മരിക്കുന്നതിനുമുന്‍പ്, പപ്പ ഉടുത്തുകൊണ്ടിരുന്ന മുണ്ടുകളിലൊന്ന് ചോദിച്ചുവാങ്ങിസൂക്ഷിച്ചിട്ടുണ്ട്. ചിലപ്പോളെല്ലാം അതുടുത്തുനടക്കും. പപ്പ അയച്ച കത്തുകള്‍, അനിയന്‍ അയച്ച ബാഡ്മിന്റന്‍ബാറ്റ്, അമ്മച്ചി അയച്ചുതന്ന സാമ്പാറിന്റെ കുറിപ്പടി, യു.കെയിലെ സുഹൃത്തിനെക്കണ്ട്, പിരിയാന്‍നേരം അവള്‍ അഴിച്ചുതന്ന കമ്മലുകള്‍! ഇതെല്ലാം എത്രയും പ്രിയപ്പെട്ടതായി സൂക്ഷിച്ചുവച്ചിരിക്കുന്നു. ഒരു ചെറിയ മ്യൂസിയം; ഓര്‍മകളുടെ മ്യൂസിയം.
ഇതുകൊണ്ടൊക്കെയായിരിക്കണം, ഓര്‍ഹന്‍ പാമുകിന്റെ 'മ്യൂസിയം ഓഫ് ഇന്നസെന്‍സ്' വായിച്ചുകഴിഞ്ഞപ്പോള്‍, അതില്‍ പരാമര്‍ശിച്ചിട്ടുള്ള മ്യൂസിയത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ആഗ്രഹിച്ചത്. തുര്‍ക്കിയിലെ ശരിക്കുമുള്ള ആ മ്യൂസിയം, കാണാന്‍ പ്ലാനിട്ടിരിക്കുന്ന സ്ഥലങ്ങളിലൊന്നായി ഇടംപിടിക്കുന്നതും അങ്ങനെയാണ്.
പാമുക്കിന്റെ ചിത്രശാല
'നിഷ്‌കളങ്കതയുടെ ചിത്രശാല' എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നത് 2008ലാണ്. 1975-80കളിലെ തുര്‍ക്കിയുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. സമ്പന്നരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്ന കുടുംബത്തിലെ യുവാവാണ് കെമാല്‍. സുന്ദരിയായ സിബലുമായി വിവാഹനിശ്ചയം നടക്കാനിരിക്കുന്നു. പ്രതിശ്രുതവധുവിനായ് മനോഹരമായ ഒരു ബാഗ് വാങ്ങുന്നതിന് ഒരു കടയിലേക്കു ചെല്ലുന്ന ആ യുവാവ്, അകന്നബന്ധത്തിലുള്ള ഫ്യൂസന്‍ എന്നു പേരുള്ള മനോഹരിയായ പെണ്‍കുട്ടിയെ സെയില്‍സ്‌ഗേളിന്റെ റോളില്‍, അവിടെവച്ചു കാണുന്നു. ആദ്യകാഴ്ചയില്‍ത്തന്നെ, കെമാലിന്റെ ജീവിതം മാറിമറിയുകയാണുണ്ടായത്.
അതിതീവ്രമായ അനുരാഗത്തില്‍ അയാള്‍ അകപ്പെട്ടുപോകുന്നു. ബാഗിന്റെ വില്‍പനയുമായി ബന്ധപ്പെട്ട് പിന്നീടുണ്ടായ ചില നീരസങ്ങള്‍, ഫ്യൂസനെ, കെമാലിന്റെ കുടുംബത്തിന്റെ വകയായി വാങ്ങിയിട്ടിരിക്കുന്ന ഒരു പഴയ അപ്പാര്‍ട്ട്‌മെന്റില്‍ എത്തിക്കുന്നു. ആരും താമസിക്കാനില്ലാത്ത ആ പഴയ കെട്ടിടത്തില്‍, അയാളുടെ അമ്മ സൂക്ഷിച്ചുവച്ചിട്ടുള്ള പഴയ സാധനങ്ങളുംമറ്റും ആകെ പൊടിപിടിച്ച് കൂടിക്കിടന്നിരുന്നു. പതുക്കേ കെമാലുമായ് ശാരീരികബന്ധത്തിലേക്കെത്തുന്ന രീതിയില്‍, അവരുടെ കണ്ടുമുട്ടലുകള്‍ ദിവസേനയെന്നവണ്ണം ആവര്‍ത്തിക്കുന്നു. തന്നെക്കാള്‍ പന്ത്രണ്ടു വയസ് കൂടുതലാണെന്നും കെമാലിന്റെ വിവാഹനിശ്ചയദിനങ്ങള്‍ അടുത്തുവരുന്നു എന്നുള്ളതുമായ സത്യം അറിയാമായിരുന്നെങ്കിലും അയാളോടുള്ള പ്രണയം തുറന്നുപറയാതിരിക്കാന്‍ ഫ്യൂസന് കഴിയുന്നില്ല.
കെമാലിന്റെ വിവരണങ്ങളിലൂടെയാണ് നോവലിലെ സംഭവങ്ങള്‍ പറഞ്ഞുപോകുന്നത്. തീവ്രമായ അനുരാഗത്തിലകപ്പെട്ട്, അത്രമേല്‍ പ്രണയാതുരമായ ദിവസങ്ങളെക്കുറിച്ച് അയാള്‍ വിവരിക്കുന്നിടത്ത്, എത്ര ആഴത്തിലാണ്, ആ യുവതി അയാളുടെ മനസിനെ കീഴടക്കിയിരിക്കുന്നതെന്നോര്‍ത്ത് നാം അത്ഭുതപ്പെടും! അതേസമയം, സിബലുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാന്‍ കഴിയാത്ത മാനസികാവസ്ഥ. ഫ്യൂസനെ കാണുന്ന ദിവസങ്ങളില്‍ത്തന്നെ, കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്ന വിവാഹനിശ്ചയത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു.
ആര്‍ഭാടപൂര്‍ണമായ നിശ്ചയസത്കാരത്തില്‍, അകന്നബന്ധുക്കള്‍കൂടിയായ ഫ്യൂസനും മാതാപിതാക്കളും പങ്കെടുക്കുന്നു. സിബലിനോടൊപ്പമുള്ള ദാമ്പത്യത്തിനൊപ്പം, ഫ്യൂസനുമായുള്ള പ്രണയവും സാധ്യമാകും എന്നൊരു വിശ്വാസം അയാളെ സന്തോഷിപ്പിക്കുന്നു. പിറ്റേന്നുതന്നെ, മെഹാമെതിലെ അപ്പാര്‍ട്ടുമെന്റില്‍ കാണാം എന്നു പറഞ്ഞ് കെമാല്‍ ഫ്യൂസനെ യാത്രയാക്കുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ പറഞ്ഞസമയത്ത് അയാള്‍ അവിടെയെത്തിയെങ്കിലും അവള്‍ വരുന്നില്ല. ആഴ്ചകളും മാസങ്ങളും അയാള്‍ അതാവര്‍ത്തിച്ചു. അവര്‍ സ്‌നേഹം പങ്കുവച്ച കിടക്കവിരികളില്‍, അവള്‍ കുടിച്ചുവച്ചുപോയ ചായക്കപ്പില്‍, വലിച്ചുതീര്‍ന്ന സിഗരറ്റുകുറ്റികളില്‍ അവളുടെ സാന്നിധ്യം ദര്‍ശിച്ചുകൊണ്ട് തീവ്രമായ, കഠിനമായ ദു:ഖത്തോടും പ്രതീക്ഷ നിറഞ്ഞ വിചാരങ്ങളോടെയും അയാള്‍ അവളെ കാത്തിരുന്നു.
ഒടുവില്‍ അവളുടെ വീടന്വേഷിച്ച് അയാളെത്തി. ദൂരേ എവിടേക്കോ അവള്‍ അച്ഛനൊപ്പം മാറിപ്പോയിരിക്കുന്നുവെന്ന വിവരമാണ് അവളുടെ അമ്മയില്‍നിന്ന് അയാള്‍ക്ക് അറിയാന്‍ കഴിഞ്ഞത്. ഇനി അന്വേഷിക്കരുതെന്ന ഒരപേക്ഷയും അമ്മയില്‍നിന്നുണ്ടായി.
നിരാശയില്‍പ്പെട്ട് അയാളുഴറുന്നു. സിബലുമായുള്ള സ്‌നേഹം കുറയുന്നില്ലെങ്കിലും തീവ്രമായ ബന്ധത്തിലേക്ക്, മാനസികമായും ശാരീരികമായും ഇടപെടാന്‍ അയാള്‍ക്കു കഴിയാതെവരുന്നു. ബുദ്ധിമതിയും സ്‌നേഹസമ്പന്നയുമായ ആ പ്രതിശ്രുതവധു കാരണമൊന്നുമന്വേഷിക്കാതെ അയാളെ തിരികെ കൊണ്ടുവരാനായി ശ്രമിക്കുന്നു. ഒടുവില്‍, ഫ്യൂസനുമായുള്ള ബന്ധത്തെക്കുറിച്ച് അവളോട് വെളിപ്പെടുത്തുന്നു. നോവലിന്റെ പകുതിയാകുമ്പോള്‍, കഥ ഇവിടെയെത്തിനില്‍ക്കുന്നു.
അയാള്‍ സിബലിനെ വിവാഹം കഴിക്കുമോ? ഫ്യൂസനെ കണ്ടെത്താനുള്ള അയാളുടെ അന്വേഷങ്ങള്‍ അവസാനിക്കുമോ? ഫ്യൂസന് എന്തായിരിക്കും സംഭവിച്ചിട്ടുണ്ടാകുക? തുടങ്ങി, വായനക്കാരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയുമായാണ് ബാക്കി പകുതി എഴുതിയിരിക്കുന്നത്.
നോവലിന്റെ നിഷ്‌കളങ്കത
ഒരു തീവ്രപ്രണയകഥ എന്നതിന്നപ്പുറം, തുര്‍ക്കിയുടെ അന്നത്തെ രാഷ്രീയസാംസ്‌കാരികാവസ്ഥകൂടി നോവലില്‍ അനാവരണംചെയ്യുന്നുണ്ട്. പ്രത്യേകിച്ചും തുര്‍ക്കി, യൂറോപ്യന്‍സംസ്‌കാരത്തെ സ്വാംശീകരിച്ചുതുടങ്ങുന്നു എന്നുള്ളതിനുള്ള തെളിവുകള്‍. സ്ത്രീകളുടെ വിവാഹവും വിവാഹത്തിനുമുന്‍പ് കന്യകയായിരിക്കുക എന്ന രീതിയും വിവാഹം കഴിക്കാതെ ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സ്ത്രീകളെക്കുറിച്ചുമെല്ലാം അക്കാലത്ത് നിലവിലിരുന്ന സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ വിശദമാക്കുന്നുണ്ട് പാമുക്.
പാമുക്, ഈ നോവലെഴുതുന്നതോടൊപ്പംതന്നെ, നോവലില്‍ പരാമര്‍ശിക്കുന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടുവിവരിക്കുന്ന പല വസ്തുക്കളും സ്വന്തം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു എന്ന് വായനക്കാരന് സൂചന നല്‍കുന്നുണ്ട്. അതേപ്പറ്റി പാമുക്ക് തന്നെ പറയുന്നത്, എഴുതിക്കൊണ്ടിരിക്കുന്ന സമയത്തുതന്നെ മ്യൂസിയവും പ്ലാന്‍ചെയ്യുകയും അതിലേക്കാവശ്യമുള്ള, കഥയോടു ചേര്‍ന്നുനില്‍ക്കുന്ന പലതും സമാഹരിക്കാന്‍ തുടങ്ങിയെന്നുമാണ്.
നോവല്‍ പബ്ലിഷ്‌ചെയ്ത 2008ല്‍ത്തന്നെ മ്യൂസിയം പ്രദര്‍ശനത്തിനായി സജ്ജീകരിച്ചെങ്കിലും അന്നതു നടന്നില്ല. പിന്നീട്, 2012ലാണ് പാമുക്കിന്റെ നോവലിലെ മ്യൂസിയം, ശരിക്കും വായനക്കാര്‍ക്കുള്ള പ്രദര്‍ശനശാല യാഥാര്‍ഥ്യമാകുന്നത്. 'ഇന്നസെന്‍സ് ഓഫ് മെമറീസ്' എന്നപേരില്‍ ഗ്രാന്റ് ലീ സംവിധാനംചെയ്ത ഒരു ചിത്രത്തില്‍, ഈ മ്യൂസിയത്തെക്കുറിച്ചുള്ള മനോഹരമായ വിവരണങ്ങളും ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു.
ഫ്യൂസന്റെ ഓര്‍മശാല
ഇത് രണ്ടു പ്രണയിതാക്കള്‍ കൈമാറിയ പ്രണയത്തിന്റെ സാക്ഷ്യപത്രം മാത്രമല്ല. മറിച്ച്, ആ കാലഘട്ടത്തില്‍ (1975-1984) തുര്‍ക്കിയുടെ പൊതുജീവിതധാര സാമൂഹ്യവും സാംസ്‌കാരികവും എങ്ങനെയായിരുന്നുവെന്ന ഒരു ഓര്‍മപ്പെടുത്തല്‍ കൂടിയാണ് എന്നവര്‍ അവകാശപ്പെടുന്നു. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി തുര്‍ക്കിയിലെ കെട്ടിടങ്ങളുള്‍പ്പെടെ പലതും മാറിപ്പോയിരുന്നു. 2008ല്‍ മ്യൂസിയം പൂര്‍ത്തിയാക്കാന്‍, പാമുക്കിന് ഒരുപാടുവര്‍ഷം പുറകിലേക്കു സഞ്ചരിക്കേണ്ടിവന്നിട്ടുണ്ട്. ചെറിയ കടകളും തെരുവോരങ്ങളും അലഞ്ഞുതിരഞ്ഞ്, 75-84 കാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന വസ്തുക്കള്‍ ശേഖരിക്കുകയെന്നത് ശ്രമകരമായിരുന്നു. മ്യൂസിയത്തിലെ ഒരു ചുമര്‍ നിറച്ചും ആയിരക്കണക്കിന്, വലിച്ചുതീര്‍ത്ത സിഗരറ്റുകുറ്റികള്‍ പതിപ്പിച്ചുവച്ചിട്ടുണ്ട്; ഫ്യൂസന്‍ വലിച്ചുപേക്ഷിച്ചവ! കര്‍ച്ചീഫ്, ഹെയര്‍പ്പിന്നുകള്‍, കുട തുടങ്ങി, ഫ്യൂസനുമായി ബന്ധപ്പെട്ട എല്ലാം ശേഖരിച്ചുസൂക്ഷിക്കുന്ന കെമാല്‍ തീര്‍ത്ത മ്യൂസിയം, പാമുക് എന്ന എഴുത്തുകാരന്‍ യഥാര്‍ഥത്തില്‍ ഉണ്ടാക്കിയെടുത്തിരിക്കുന്നു. അഥവാ നോവലിസ്റ്റ്, തന്റെ കഥാപാത്രം അത്തരമൊരു മ്യൂസിയം പണിതീര്‍ക്കാനായ് നോവലിസ്റ്റിനെത്തന്നെ ഏല്‍പിച്ചിരിക്കുന്നുവെന്ന രീതിയില്‍, അതൊരു പ്രണയത്തിന്റെ ചിത്രശാലയാക്കിമാറ്റാന്‍ അവര്‍ക്കു കഴിഞ്ഞിരിക്കുന്നു. അക്കാലത്തെ സിനിമ പോസ്റ്ററുകള്‍, ഭക്ഷണവസ്തുക്കള്‍, പാത്രങ്ങള്‍, അവര്‍ കണ്ട സിനിമയുടെ ടിക്കറ്റുകള്‍, ഒരു കമ്മല്‍, കത്തുകള്‍ അങ്ങനെ പലതും ഈ കെട്ടിടത്തിലുണ്ട്.
1999ല്‍ ഒരു കെട്ടിടം വാങ്ങിക്കുന്നതുതന്നെ, ഇങ്ങനെയൊരു കഥയും അതിനോടനുബന്ധിച്ച് ഒരു മ്യൂസിയവും പണികഴിപ്പിക്കാനായുള്ള ഉദ്ദേശത്തോടെയാന്നെന്ന് പാമുക് എന്ന ദീര്‍ഘദര്‍ശിയായ എഴുത്തുകാരന്‍ പറയുമ്പോള്‍, ഒരു രചനയ്ക്കു വേണ്ടി ഇത്രയേറെ തയ്യാറെടുപ്പുകളും പരിശ്രമങ്ങളും സമയവും ചെലവഴിച്ച അവരുടെ കഠിനാധ്വാനത്തെ അവഗണിച്ചുകൊണ്ട് ഈ നോവല്‍വായന പൂര്‍ത്തിയാക്കാനാവില്ല.
ഈ മ്യൂസിയം ഒരിക്കല്‍ കാണണം എന്നുതന്നെ കരുതുന്നു. അതോടൊപ്പം, പ്രിയപ്പെട്ടവര്‍ക്കുള്ള കത്തുകളിലും പുസ്തകങ്ങളിലും ഞാന്‍ ലാവണ്ടര്‍പുഷ്പങ്ങളും നെറ്റിയിലൊട്ടിച്ച പൊട്ടുകളും ഓറഞ്ചുകുരുക്കളും ഒളിപ്പിച്ചുവയ്ക്കുകയുംചെയ്യുന്നു. അത് അവരുടെ ഓര്‍മകളിലെ കുഞ്ഞുചെപ്പുകളില്‍ എന്നെ അടച്ചുസൂക്ഷിക്കുമെന്ന് സ്വപ്‌നം കാണുകയുംചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."