നിയമസഭ കൈയാങ്കളി കേസ്: കോടതി കുറ്റപത്രം വായിച്ചുകേൾപ്പിച്ചു ; മാലോകർ തത്സമയം കണ്ടത് നിഷേധിച്ച് എം.എൽ.എമാരും
പ്രത്യേക ലേഖകൻ
തിരുവനന്തപുരം • 2015 മാർച്ച് 13ന് മലയാളികളെ നാണക്കേടിലേക്ക് തള്ളിയിട്ട കേരള നിയമസഭയിലെ അഴിഞ്ഞാട്ടത്തിൽ പ്രതികളായ പൊതുവിദ്യാഭ്യാസ മന്ത്രി ഉൾപ്പെടെയുള്ളവരുടെ കുറ്റപത്രം ഇന്നലെ കോടതി വായിച്ചു. മാലോകർ മാധ്യമങ്ങളിലൂടെ കണ്ട സത്യം പ്രതികളായ എം.എൽ.എമാർ നിഷേധിച്ചു. മന്ത്രി ശിവൻകുട്ടി അടക്കം നേരിട്ടെത്തിയിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ആർ. രേഖയ്ക്ക് മുന്നിലാണ് ഇ.പി ജയരാജൻ ഒഴികെയുള്ളവർ കുറ്റം നിഷേധിച്ചത്. മന്ത്രി വി. ശിവൻകുട്ടി, കെ.ടി ജലീൽ എം.എൽ.എ, മുൻ എം.എൽ.എമാരായ കെ. അജിത്, സി.കെ സദാശിവൻ, കെ. കുഞ്ഞുമുഹമ്മദ് എന്നിവരാണ് ഹാജരായത് ഇ.പി ജയരാജന് അസുഖം കാരണം ഹാജരാകാനാകില്ലെന്ന് കാട്ടി അഭിഭാഷകൻ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കി.
കുറ്റപത്രം വായിക്കാനായി പല തവണ പരിഗണിച്ചപ്പോഴും പ്രതികൾ ഹാജരായില്ല. അപ്പീൽ കോടതിയുടെ പരിഗണനയിലാണെന്നായിരുന്നു വാദം. കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്ന സർക്കാർ ഹരജി വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രിംകോടതിയും തള്ളിയിരുന്നു. പ്രതികൾ വിചാരണക്കോടതിയിൽ നൽകിയ വിടുതൽ ഹരജി തള്ളിയപ്പോൾ ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണക്കോടതിയുടെ ഉത്തരവ് ശരിവച്ചു. ഇതിനു പിന്നാലെയാണ് കോടതി വിചാരണ നടപടികൾ ആരംഭിച്ചത്. ഇന്നലെ ഹാജരാകണമെന്നും മറ്റൊരു അവസരം കൂടി നൽകാനാകില്ലെന്നും ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് ആർ. രേഖ അന്ത്യശാസനം നൽകിയിരുന്നു. കുറ്റം ചെയ്തിട്ടുണ്ടോ എന്ന് കോടതി ചോദിച്ചപ്പോഴാണ് പ്രതികൾ നിഷേധിച്ചത്.
അന്വേഷണ സംഘം ഹാജരാക്കിയ ദൃശ്യങ്ങൾ 10 ദിവസത്തിനകം പ്രതിഭാഗത്തിന് നൽകാൻ കോടതി നിർദേശിച്ചു. കേസ് ഈ മാസം 26 ന് വീണ്ടും പരിഗണിക്കുമ്പോൾ ഇ.പി ജയരാജൻ നേരിട്ട് ഹാജരാകണമെന്ന് കോടതി കർശന നിർദേശം നൽകി. ഏകപക്ഷീയ കുറ്റപത്രമാണെന്നും അത് നിഷേധിക്കുകയല്ലാതെ അംഗീകരിക്കണമായിരുന്നോയെന്ന് കോടതിക്ക് പുറത്ത് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. അതിനിടെ, കുറ്റ്യാടി എം.എൽ.എ കെ.കെ ലതികയെ മർദിച്ചെന്ന കേസിൽ കോൺഗ്രസ് മുൻ എം.എൽ.എമാരായ എം.എ വാഹിദ് (കഴക്കൂട്ടം), എ.ടി ജോർജ് (പാറശാല) എന്നിവർക്ക് കോടതി വാറണ്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."