ജാതീയത ഭരിക്കുന്ന സര്‍വകലാശാലകള്‍
ഹിശാമുല്‍ വഹാബ്
കേന്ദ്ര സര്‍വകലാശാലകളില്‍നിന്നു ജാതീയവിവേചനത്തെ കുറിച്ചുള്ള തുറന്നു പറച്ചിലുകളും അനുഭവക്കുറിപ്പുകളും വ്യാപകമായി ഉയരുന്ന സാഹചര്യമാണ് രാജ്യത്തുടനീളമുള്ളത്. എന്നാല്‍ മറുവശത്ത്, ജാതീയതയുടെ എല്ലാ സൗകര്യങ്ങളും (privilege) അനുഭവിച്ചും ജാതിവ്യവസ്ഥയുടെ അനുഭവയാഥാര്‍ഥ്യങ്ങളെ തന്നെ നിരാകരിച്ചും സര്‍വകലാശാലകളില്‍ അധികാരം നിലനിര്‍ത്തുന്ന അധ്യാപക, ഉദ്യോഗസ്ഥ മേധാവികളെയും നമുക്ക് കാണാം. ഇന്ത്യന്‍ സമൂഹം കാലങ്ങളായി തുടര്‍ന്നുപോരുന്ന അനീതിയുടെയും വിവേചനത്തിന്റെയും പ്രതീകമായ ജാതീയത, എന്തുകൊണ്ട് വിദ്യാഭ്യാസ വിചക്ഷണരുടെയും 'പ്രബുദ്ധത'യുടെ വക്താക്കളുടെയും കേന്ദ്രസ്ഥാനമായ ദേശീയപ്രാധാന്യമുള്ള മികച്ച സര്‍വകലാശാലകളില്‍ ഇന്നും നിലനില്‍ക്കുന്നു എന്നതിന്റെ കാരണങ്ങള്‍ അന്വേഷിക്കേണ്ടത് അവിടങ്ങളിലെ പ്രാതിനിധ്യ പ്രശ്‌നങ്ങളിലാണ്.
Affirmative action എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഇന്ത്യന്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ തൊഴില്‍ മേഖലകളിലും സംവരണം ഏര്‍പ്പെടുത്തിയത്, ചരിത്രത്തിലുടനീളം അനീതിക്കിരയായ പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തവും പൊതുരംഗങ്ങളിലേക്കുള്ള പ്രാപ്യത വര്‍ധിപ്പിക്കാനും ഉദ്ദേശിച്ചാണ്. അതിനാല്‍ തന്നെ, 2019ലെ 103ാം ഭരണഘടന ഭേദഗതിവരെ സംവരണം സാമൂഹ്യപരമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന സമുദായങ്ങള്‍ക്കായിരുന്നു. എന്നാല്‍, കേവലം വ്യക്തിയുടെയും കുടുംബത്തിന്റെയും സാമ്പത്തികസ്ഥിതി പരിഗണിച്ച്, വിശകലന സര്‍വേകളുടെ പിന്‍ബലമില്ലാതെ നടപ്പാക്കിയ സാമ്പത്തിക സംവരണം പാര്‍ലമെന്റില്‍ ബഹുഭൂരിപക്ഷത്തിന്റെ പിന്തുണയോടുകൂടി നടപ്പാക്കിയത് ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിച്ചാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ തുടര്‍ന്നുവരുന്ന സംവരണവിരുദ്ധ നീക്കങ്ങളില്‍ ഒന്നു മാത്രമായ ഈ ഭേദഗതി നിലവിലെ സവര്‍ണ അസന്തുലിത പ്രാതിനിധ്യത്തെ വീണ്ടും അരക്കിട്ടുറപ്പിക്കാനാണു സഹായിച്ചത്. 2019ലെ അധ്യാപക നിയമനത്തിലെ 13 പോയിന്റ് റോസ്റ്റര്‍ സിസ്റ്റത്തിനെതിരേ 200 പോയിന്റ് റോസ്റ്റര്‍ സിസ്റ്റം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംവരണീയ സമുദായങ്ങളുടെ സമരം വിജയിച്ചത് ഭരണഘടനാ തത്വങ്ങളുടെ സംരക്ഷണത്തിന് വേണ്ടിയുള്ള നിതാന്ത ജാഗ്രതയുടെ സൂചകമാണ്.
വിവരാവകാശ നിയമപ്രകാരം ലഭ്യമായ റിപ്പോര്‍ട്ട് അനുസരിച്ചു, ഇന്ത്യയിലെ മൊത്തം 23 ഐ.ഐ.ടികളില്‍ 22ലും അധ്യാപക നിയമനങ്ങളില്‍ സംവരണ തത്വങ്ങള്‍ പരിഗണിക്കപ്പെടുന്നില്ല. ഇവിടങ്ങളില്‍ എല്ലാം പട്ടികവര്‍ഗ അധ്യാപക പ്രാതിനിധ്യം ആറില്‍ കുറവാണെങ്കില്‍, 18 ഐ.ഐ.ടികളില്‍ പട്ടികജാതി പ്രാതിനിധ്യം പത്തില്‍ കുറവാണ്. ഏഴ് ഐ.ഐ.ടികളില്‍ ഒ.ബി.സി വിഭാഗത്തില്‍ പത്തില്‍ താഴെ അധ്യാപകരാണുള്ളത്. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം 27 % ഒ.ബി.സി, 15 % എസ്.സി, 7.5 % എസ്.ടി എന്നിങ്ങനെയാണ് അധ്യാപകനിയമനം നടപ്പിലാക്കേണ്ടത്. എന്നാല്‍, 1959 ല്‍ സ്ഥാപിതമായ ഐ.ഐ.ടി മദ്രാസിലെ 596 അധ്യാപകരില്‍ 16 (2.7%) എസ്.സി അംഗങ്ങളും മൂന്ന് (0.5%) എസ്.ടി അംഗങ്ങളും 62 (10.4 %) ഒ.ബി.സി അംഗങ്ങളുമാണ് നിലവിലുള്ളത്. അതിനാല്‍ തന്നെ ഏകദേശം 85 ശതമാനം സവര്‍ണ അല്ലെങ്കില്‍ ജനറല്‍ കാറ്റഗറിയിലുള്ള അധ്യാപകരുടെ അമിതപ്രാധാന്യത്തിന്റെ പരിണിതഫലങ്ങളാണ് നാം ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്.
2020 ജനുവരിയിലെ ഡാറ്റ പ്രകാരം അഖിലേന്ത്യാതലത്തില്‍ തന്നെ കേവലം 9 ഒ.ബി.സി പ്രൊഫസര്‍മാരാണുള്ളത്. ജെ.എന്‍.യു, ഡി.യു, ബി.എച്ച്.യു മുതലായ സര്‍വകലാശാലകളില്‍ ഒരാള്‍ പോലും ഒ.ബി.സി വിഭാഗത്തില്‍ നിന്നില്ല. കേന്ദ്ര സര്‍വകലാശാലകളിലെ 1062 പ്രൊഫസര്‍മാരില്‍ ഒരു ശതമാനത്തില്‍ താഴെയാണ് എസ്.ടി വിഭാഗക്കാരുള്ളത്. ഇവിടങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകളിലാണ് താരതമ്യേന കൂടുതല്‍ പ്രാധാന്യമുള്ളത്. രാജ്യത്തെ ഐ.എം.എമുകളിലെ 60 ശതമാനത്തില്‍ കൂടുതല്‍ എസ്.സി, ഒ.ബി.സി സംവരണ തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു എന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്. എസ്.ടി സംവരണത്തിലാണെങ്കില്‍ 80% ഒഴിവാണ് കാണിക്കുന്നത്. 42 കേന്ദ്ര സര്‍വകലാശാലകളില്‍ ഒഴിഞ്ഞുകിടക്കുന്ന 1074 തസ്തികകളില്‍ 75 ശതമാനം സംവരണ സമുദായക്കാരുടേതാണ്. അതേസമയം, വിദ്യാഭ്യാസ മേഖലയിലെ മറ്റൊരു യാഥാര്‍ഥ്യമെന്നത്, 2017-19 കാലയളവില്‍ ഐ.ഐ.ടികളില്‍ നിന്ന് കോഴ്‌സ് ഉപേക്ഷിച്ചവരില്‍ 47.6 % പേരും സംവരണീയ വിദ്യാര്‍ഥികളാണ്.
ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേന്ദ്ര സര്‍വകലാശാലകളിലെ സവര്‍ണ അപ്രമാദിത്വം, അധ്യാപക നിയമനങ്ങളിലും വിദ്യാര്‍ഥി പ്രവേശനങ്ങളിലുമുള്ള ഇന്റര്‍വ്യൂകളില്‍ വലിയ വിവേചനങ്ങള്‍ക്കും മുന്‍വിധികള്‍ക്കും കാരണമാകുന്നു എന്നത് അനുഭവ യാഥാര്‍ഥ്യമാണ്. 2019 വരെ ഐ.ഐ.ടികളില്‍ സംവരണം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ മാത്രമേ പരിഗണിച്ചിട്ടുള്ളൂ എന്ന യാഥാര്‍ഥ്യത്തിന്റെ ഫലമാണ് 15 ഐ.ഐ.ടികളില്‍ ഒരു എസ്.സി,എസ്.ടി പ്രൊഫസര്‍ പോലുമില്ല എന്നത്. അതുപോലെതന്നെ അധ്യാപക തസ്തികയിലെ സ്വാഭാവിക സ്ഥാനക്കയറ്റത്തിന്റെ (ുൃീാീശേീി) അഭാവവും കൂടുതല്‍ ബാധിക്കുന്നത് സംവരണ സമൂഹങ്ങളെയാണ്. ഡിപ്പാര്‍ട്ട്‌മെന്റ് അധികാരം കൈയാളുന്ന ജാതീയ മനോഭാവമുള്ള സവര്‍ണരുടെ അതൃപ്തി അവരുടെ അക്കാദമിക ജീവിതത്തെ പ്രതികൂലമായി ബാധിക്കുന്നു.
ഇത്തരമൊരു സാഹചര്യത്തിലാണ് സര്‍വകലാശാലകളില്‍ നിന്നുയര്‍ന്നുവരുന്ന ജാതീയ വേര്‍തിരിവിന്റെയും ഇസ്‌ലാമോഫോബിയയുടെയും വാര്‍ത്തകളെ മനസിലാക്കേണ്ടത്. മദ്രാസ് ഐ.ഐ.ടിയിലെ എക്കണോമിക്‌സ് ഡിപ്പാര്‍ട്‌മെന്റ് അസിസ്റ്റന്റ് പ്രൊഫസറായ കണ്ണൂര്‍ സ്വദേശി വിപിന്‍ പുതിയേടത്ത് വീട്ടില്‍ രണ്ടുവര്‍ഷമായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ജാതീയതയെ ചോദ്യംചെയ്തുകൊണ്ടാണ് തന്റെ രാജിക്കത്തു എഴുതിയത്. രാഷ്ട്രീയ, ലിംഗ വ്യത്യസ്തതകള്‍ക്കപ്പുറം എല്ലാ തരത്തിലുമുള്ള ഉദ്യോഗസ്ഥരില്‍ നിന്നും വിവേചനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്ന രാജ്യത്ത്, സ്ഥാപനത്തില്‍ സംവരണീയ വിഭാഗത്തില്‍പ്പെട്ട അധ്യാപകരുടെ അനുഭവങ്ങള്‍ പഠിക്കാനും നിര്‍ദേശങ്ങള്‍ നല്‍കാനും വേണ്ടി ഒരു കമ്മിറ്റിയെ നിയോഗിക്കണമെന്ന് അദ്ദേഹം രാജിക്കത്തില്‍ പറയുന്നുണ്ട്.
തന്റെ രാജിക്കത്തില്‍, 'ജാതിവിവേചനം വിരളമാണെന്ന' വളരെ വ്യാപകമായ മുന്‍വിധി, പൊതുധാരണയെ വിപിന്‍ ചോദ്യം ചെയ്യുന്നുണ്ട്. അനുഭവയാഥാര്‍ഥ്യങ്ങളെയും തെളിവുകളെയും പരിഗണിക്കാതെ കേവല അനുമാനത്താല്‍ പ്രചരിക്കുന്ന ഈ വികലമായ പൊതുധാരണയാണ് ഇന്ന് ബഹുഭൂരിപക്ഷത്തിന്റെയും ചിന്തകളെ നിയന്ത്രിക്കുന്നത്. അതിനാലാണ് ജാതി വിവേചനങ്ങള്‍ തുറന്നുകാട്ടുന്നവരെ തന്നെ 'ജാതിവാദികള്‍' എന്നു വിളിച്ചാക്ഷേപിക്കുന്നത്. ഹൈദരാബാദ് സര്‍വകലാശാലയിലെ വൈസ് ചാന്‍സലറായ അപ്പാറാവുവിന്റെ ദലിത്, മുസ്‌ലിം വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് ജീവാഹുതി നടത്തിയ രോഹിത് വെമുലയെയും 'ജാതിവാദി' എന്നായിരുന്നു സര്‍വകലാശാല അഭിസംബോധന ചെയ്തത്. രോഹിത്തിനെ പോലെ, ഐ.ഐ.ടി മദ്രാസ് പ്രൊഫസര്‍ സുദര്‍ശന്റെ ഇസ്‌ലാമോഫോബിയ കാരണമായി സ്ഥാപനവത്കൃത കൊലപാതകത്തിന് വിധേയയായ ഫാത്തിമ ലത്തീഫും വിളിച്ചുപറഞ്ഞത് സവര്‍ണ അപ്രമാദിത്വത്തിന്റെ പീഡനങ്ങളെക്കുറിച്ചാണ്.
യു.എസിലെ ജോര്‍ജ്ജ് മാസന്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡി പൂര്‍ത്തിയാക്കിയ വിപിന്റെ രാജിക്കിടയാക്കിയ ഘടകങ്ങള്‍, സംവരണീയ സമുദായങ്ങളുടെ അക്കാദമിക സ്ഥാപനങ്ങളിലെ അതിജീവന പ്രശ്‌നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. വിദ്യാഭ്യാസ മികവിന്റെ (ാലൃശ)േ എല്ലാ മാനദണ്ഡങ്ങളും കടന്നുകൊണ്ട് മുന്നേറുന്ന വിദ്യാര്‍ഥികളെയും അധ്യാപകരെയും കാത്തിരിക്കുന്നത് ജാതീയതയുടെ ആധുനിക അഗ്രഹാരങ്ങളായ സര്‍വകലാശാലകളാണ്. ജാതിയധിഷ്ഠിത അല്ലെങ്കില്‍ ജാതിവാല്‍ ഐക്യ ഗ്രൂപ്പുകള്‍ വിഹരിക്കുന്ന ഇത്തരം ഇടങ്ങള്‍ പിന്നോക്കവിഭാഗ വിദ്യാര്‍ഥികളുടെ അസ്തിത്വത്തെയും നിലനില്‍പ്പിനെയും നീരസത്തോടെയാണ് നോക്കിക്കാണുന്നത്. 'അയ്യര്‍ അയ്യങ്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി' എന്നാണ് മദ്രാസ് ഐ.ഐ.ടിയെ അംബേദ്കര്‍ പെരിയാര്‍ സ്റ്റഡി സര്‍ക്കിള്‍ വിശേഷിപ്പിക്കുന്നത്. സംഘ്പരിവാറിന്റെ പൂര്‍ണമായ പിന്തുണയോടു കൂടി നിലനില്‍ക്കുന്ന ഉദ്യോഗസ്ഥ മേധാവികള്‍ക്കും വിദ്യാര്‍ഥി സംഘടനകള്‍ക്കും ജാതി വിവേചനത്തിനെതിരായ തുറന്നുപറച്ചിലുകള്‍ അലോസരം സൃഷ്ടിക്കുന്നുണ്ട്. പക്ഷേ, കാലങ്ങളായി നിലനില്‍ക്കുന്ന സവര്‍ണ ഉദ്യോഗസ്ഥ കൂട്ടുകെട്ട്, അധികാര പങ്കാളിത്തത്തിനും നീതിക്കുംവേണ്ടിയുള്ള ശബ്ദങ്ങളെ അടിച്ചമര്‍ത്തിയാണ് മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നത്. ഫാത്തിമ ലത്തീഫിന്റെ മരണത്തിന് കാരണക്കാരനായ പ്രൊഫസര്‍ സുദര്‍ശന്‍ ഇപ്പോഴും പദവിയിലിരിക്കുന്ന മദ്രാസ് ഐ.ഐ.ടിയില്‍ ജാതീയ, ഇസ്‌ലാമോഫോബിക് വിവേചനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
ഓരോ തവണയും വിവേചനത്തിന് വിധേയമാകുമ്പോള്‍ നല്‍കുന്ന പരാതികള്‍ക്ക് അനുകൂലമായ നടപടികളെടുക്കാന്‍ സര്‍വകലാശാലകള്‍ തയാറല്ല എന്നിരിക്കെ, അത്തരം രീതികളുടെ പരിമിതികള്‍ വിപിന്‍ പറഞ്ഞുവയ്ക്കുന്നു. 'ചെറിയ ചുവടുകളിലൂടെയാണ് സമൂഹം പുരോഗമിക്കുക, അങ്ങനെ തന്നെയല്ലേ?' എന്ന വിപിന്റെ ചോദ്യം ജാതിവിവേചനത്തിനുള്ള കൃത്യമായ പരിഹാര മാര്‍ഗങ്ങള്‍ ഇനിയും അന്വേഷിക്കേണ്ടിയിരിക്കുന്നു എന്ന യാഥാര്‍ഥ്യത്തിലേക്കാണ് നമ്മെ നയിക്കുന്നത്. രോഹിത്തിന്റെ നീതിക്കു വേണ്ടിയുള്ള മൂവ്‌മെന്റ് ഉയര്‍ത്തിയ, ജാതീയവേര്‍തിരിവിനെ ഫലപ്രദമായി നേരിടാനുള്ള നീക്കങ്ങള്‍ നിര്‍ദേശിക്കുന്ന രോഹിത് ആക്ട് അടക്കമുള്ള നിയമനിര്‍മാണങ്ങളും നടപടികളും ഉയര്‍ത്തിക്കൊണ്ടുവരേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
(ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഗവേഷകനാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."