ഇടത് സൈബർ പോരാളിയെ കള്ളക്കേസിൽ കുടുക്കിയെന്ന്; നിഷേധിച്ച് പൊലിസ്
കൊച്ചി • പരാതിയുടെ പുരോഗതി തിരക്കി സ്റ്റേഷനിലെത്തിയ സൈബർ പോരാളിയായ ഇടത് പ്രവർത്തകനെ പൊലിസ് കള്ളക്കേസിൽ ഉൾപ്പെടുത്തി ജയിലിലടച്ചെന്ന് ആരോപണം. എറണാകുളം സ്വദേശിയായ പി.കെ സുരേഷ് കുമാറിനെയാണ് പൊലിസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നതടക്കമുള്ള ജാമ്യമില്ലാ വകുപ്പ് ചേർത്ത് കഴിഞ്ഞ ദിവസം ജയിലിലടച്ചത്.
ഭൂമി കച്ചവടത്തിനായി സുരേഷ് ഒരാൾക്ക് ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകിയിരുന്നു. എന്നാൽ പണം വാങ്ങിയയാൾ ഭൂമി മറ്റൊരാൾക്ക് മറിച്ച് കൊടുത്തു. സംഭവത്തിൽ ആലുവ റൂറൽ എസ്.പിയ്ക്ക് നൽകിയ പരാതിയുടെ തുടർനടപടി എന്തായെന്നറിയാൻ ആലുവ ഡിവൈ.എസ്.പി ഓഫിസിലെത്തിയ സുരേഷിനെ പൊലിസ് അകാരണമായി മർദിച്ച് ജയിലിലടച്ചെന്നാണ് ആരോപണം. എന്നാൽ പരാതി അന്വേഷിച്ച് ആലുവ ഡിവൈ.എസ്.പി ഓഫിസിലെത്തിയ സുരേഷ്, സ്റ്റേഷൻ റൈറ്ററോട് തട്ടിക്കയറുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് പൊലിസ് പറയുന്നത്. തുടർന്ന് നിലത്തിട്ട് ചവിട്ടിയെന്നും ഇതേ തുടന്നാണ് ഇയാൾക്കെതിരെ കേസെടുത്തതതെന്നുമാണ് പൊലിസിന്റെ വിശദീകരണം. എന്തായാലും പൊലിസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുക, ഡ്യൂട്ടിയിലുള്ള പൊലിസുകാരനെ കൈയേറ്റം ചെയ്യുക അടക്കമുള്ള ഗുരുതര വകുപ്പുകൾ ചേർത്താണ് സുരേഷ് കുമാറിനെതിരെ കേസെടുത്തിരിക്കുന്നു.
പൊലിസ് അതിക്രമത്തിൽ പലപ്പോഴും സർക്കാറിനെ ന്യായീകരിച്ച് സമൂഹമാധ്യമങ്ങളിൽ നിരന്തരം ലേഖനമെഴുതാറുള്ള വ്യക്തിയാണ് സുരേഷ് കുമാർ. സുരേഷിനെതിരായ പൊലിസ് നടപടിയിൽ ഇടത് സൈബർ ഇടങ്ങളിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. യു.ഡി.എഫ് ഭരണത്തിൽ ഇതിനേക്കാൾ പരിഗണന കിട്ടുമെന്നതടക്കമുള്ള പ്രതികരണങ്ങളും ഉയരുന്നുണ്ട്. കസ്റ്റഡിയിൽ മർദനമേറ്റ സുരേഷിന് ചികിത്സ ഉറപ്പാക്കിയശേഷം കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. സുരേഷിന്റെ ജാമ്യാപേക്ഷ ഇന്ന് ആലുവ മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."