അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം: മാപ്പ് പറഞ്ഞ് ഇടതു സംഘടനാ നേതാവായ സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥൻ
അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം: മാപ്പ് പറഞ്ഞ് ഇടതു സംഘടനാ നേതാവായ സെക്രട്ടറിയേറ്റിലെ മുൻ ഉദ്യോഗസ്ഥൻ
കോട്ടയം: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ നടത്തിയ സൈബർ അധിക്ഷേപത്തിൽ മാപ്പപേക്ഷിച്ച് സെക്രട്ടേറിയറ്റിലെ മുൻ ഉദ്യോഗസ്ഥനും ഇടതു സംഘടനാ നേതാവുമായ നന്ദകുമാർ കൊളത്താപ്പിള്ളി. മുൻ അഡീഷണൽ സെക്രട്ടറിയായിരുന്ന നന്ദകുമാർ ഫേസ്ബുക്കിലൂടെയാണ് അച്ചു ഉമ്മാനോട് ക്ഷമാപണം നടത്തിയത്. അച്ചു ഉമ്മൻ പൂജപ്പുര പൊലിസിൽ പരാതി നൽകിയതിന് പിന്നാലെയാണ് ക്ഷമാപണം നടത്തിയത്.
സ്ത്രീത്വത്തെ അപമാനിക്കാൻ താൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നന്ദകുമാർ കൊളത്താപ്പിള്ളി പറയുന്നു. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
"ഏതെങ്കിലും വ്യക്തിയെ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. എന്റെ പോസ്റ്റിന് കീഴെ വന്ന പ്രകോപനപരമായ കമന്റുകൾക്ക് മറുപടി പറയുന്നതിനിടയിൽ ഞാൻ രേഖപ്പെടുത്തിയ ഒരു കമന്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾക്ക് അപമാനമായി പോയതിൽ ഞാൻ അത്യധികം ഖേദിക്കുന്നു. സ്ത്രീത്വത്തെ അപമാനിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ശ്രദ്ധയിൽപെട്ട ഉടനെ ആ പോസ്റ്റ് ഞാൻ ഡിലീറ്റ് ചെയ്തു. അറിയാതെ സംഭവിച്ച് പോയ തെറ്റിന് നിരുപാധികം മാപ്പപേക്ഷിക്കുന്നു."
അതേസമയം, അധികാര ദുർവിനിയോഗം നടത്തി ഒരു രൂപ പോലും സമ്പാദിച്ചതായി തനിക്കെതിരെ ഒരു ആരോപണവും ഇതുവരെ ഉയർന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസം അച്ചു ഉമ്മൻ പറഞ്ഞിരുന്നു. പിതാവിനെ ജീവിതകാലം മുഴുവൻ വേട്ടയാടിയിരുന്നവർ അദ്ദേഹത്തിന്റെ മരണശേഷം മക്കളെ വേട്ടയാടുകയാണെന്നും അവർ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."