മതേതരരത്‌നം വൈദ്യര്‍
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
1902ല്‍ പി.എസ് വാര്യര്‍ കോട്ടക്കല്‍ ആര്യവൈദ്യശാല തുടങ്ങുമ്പോഴുള്ള ലക്ഷ്യം ജാതി, മത ഭേദമന്യേ എല്ലാവര്‍ക്കും ചികിത്സ ലഭിക്കുന്ന ആരോഗ്യകേന്ദ്രമെന്നായിരുന്നു. ആയുര്‍വേദത്തിലൂടെ മനുഷ്യരെ ഒരുമിപ്പിക്കുന്ന ചികിത്സയുടെ പേരു കൂടിയാണ് കോട്ടക്കല്‍ ആര്യവൈദ്യശാല. പി.എസ് വാര്യര്‍ തന്റെ ഒസ്യത്തില്‍ പറഞ്ഞ പ്രധാന കാര്യം ആര്യവൈദ്യശാലയില്‍ ഫീസു വാങ്ങി ചികിത്സിക്കുന്നവര്‍ക്ക് കിട്ടുന്ന അതേ ഗുണനിലവാരം സൗജന്യ ചികിത്സക്കെത്തുന്ന സാധാരണക്കാര്‍ക്കും ലഭിക്കണമെന്നാണ്. ചികിത്സയില്‍ വിവേചനമരുത് എന്നതായിരുന്നു അതിന്റെ താല്‍പര്യം. വിവേചനമില്ലാതെ മനുഷ്യരെ സമീപിക്കുന്ന പൈതൃകത്തിന്റെ തുടര്‍ച്ച തന്നെയാണ് ഇന്നും കോട്ടക്കന്‍ ആര്യവൈദ്യശാല.
ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയിലെത്തിച്ച മഹാപ്രതിഭയായ പി.കെ വാര്യര്‍, പി.എസ് വാര്യറുടെ മരുമകനാണ്. നമ്മുടെ പാരമ്പര്യ നന്മകള്‍ പലതും കാലത്തിന്റെ വേഗതയില്‍ പുറംതള്ളി പോയപ്പോഴും ആയുര്‍വേദത്തെ മൂല്യവും ഗുണവും ചോരാതെ നവീകരിക്കാനും കാലോചിതമായ പരിഷ്‌കരണങ്ങളിലൂടെ കാലത്തിനൊപ്പം കൊണ്ടുവരാനും ഔഷധ നിര്‍മാണരംഗത്ത് പുതിയ ഗവേഷണങ്ങള്‍ നടത്താനും പി.കെ വാര്യര്‍ നേതൃത്വം നല്‍കി. ഈ നവീകരണങ്ങളും ഗവേഷണങ്ങളുമാണ് ആയുര്‍വേദത്തെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ സാധിച്ചത്. അതോടൊപ്പം ലാഭമോഹങ്ങളുടെ മായാവലയത്തില്‍ അകപ്പെടുന്ന കച്ചവട താല്‍പര്യത്തില്‍നിന്നു അകന്ന് ആയുര്‍വേദത്തിന്റെ പാരമ്പര്യധര്‍മവും നന്മയും തനിമയും കാത്തുസൂക്ഷിക്കാനും അദ്ദേഹത്തിന് സാധ്യമായി. വാര്യര്‍ക്ക് ചികിത്സാ സമയത്ത് മാത്രമുള്ള ഒരാലോചനയുടെ പേരല്ല ആയുര്‍വേദം. അത് ജീവിതചര്യയുടെ തന്നെ ഭാഗമായിരുന്നു.
ആയുര്‍വേദത്തെ കുറിച്ചുള്ള ശ്രദ്ധയും ചിന്തയും കര്‍മവും തന്നെയാണ് അദ്ദേഹത്തെ ലോകമറിയുന്ന മലയാളിയാക്കിയത്. ആധുനിക വൈദ്യശാസ്ത്രരംഗത്തെ വ്യത്യസ്ത ചികിത്സാ ശാഖകളെ അംഗീകരിക്കാനും ബഹുമാനിക്കാനും അടുപ്പം സ്ഥാപിക്കാനും അദ്ദേഹത്തിനു സാധിച്ചു. അത് സത്യസന്ധതയുടെയും വിശാലമായ കാഴ്ചപ്പാടിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും നേര്‍ചിത്രമാണ്. ആര്യവൈദ്യശാലയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ധര്‍മ്മാശുപത്രിയില്‍ അലോപ്പതി ചികിത്സയും സൗജന്യമായി ലഭിക്കുന്നുണ്ട്.
ആര്യവൈദ്യത്തോടൊപ്പം നമ്മുടെ മതേതര പാരമ്പര്യത്തിന്റേയും അനന്തരാവകാശിയാണ് പി.കെ വാര്യര്‍. 1921 കാലത്ത് മുസ്‌ലിം കുടുംബങ്ങളില്‍നിന്ന് പുരുഷന്മാരെ ബ്രിട്ടിഷ് പട്ടാളക്കാര്‍ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയ ഘട്ടത്തില്‍ അരക്ഷിതരായ ആ കുടുംബങ്ങള്‍ക്ക് അഭയം നല്‍കാനും ഭക്ഷണവും മരുന്നും നല്‍കാനും അന്നത്തെ വാര്യര്‍ കുടുംബത്തിലെ മുതിര്‍ന്നവരായിരുന്ന പി.എസ് വാര്യരും കുടുംബവും മുന്നോട്ടുവന്നത് മലബാറിന്റെ ചരിത്ര രേഖയാണ്. അതേ മതേതര പാരമ്പര്യം ഇന്നും വാര്യര്‍ കുടുംബം തുടര്‍ന്നുപോകുന്നു. ആര്യവൈദ്യശാലയുടെ ഭാഗമായ കൈലാസ മന്ദിരത്തിന്റെ പ്രവേശന കവാടം മതേതര മുദ്രകള്‍ കൊണ്ട് സമ്പന്നമാണ്. കുരിശും ചന്ദ്രക്കലയും ഓംകാരവും മുദ്രണം ചെയ്തത് ഒരു അലങ്കാരമായിട്ടല്ല, അത് ആ കുടുംബം നിലനിര്‍ത്തിപ്പോരുന്ന നിലപാടാണ്.
കോട്ടക്കല്‍ പാലപ്പുറ ജുമാമസ്ജിദിന്റെ മിമ്പറിന് പി.എസ് വാര്യരുടെ സൗഹാര്‍ദത്തിന്റെ കഥ പറയാനുണ്ട്. കഥയല്ല ചരിത്രം തന്നെ! പള്ളി നിര്‍മാണ സമയത്ത് മിമ്പര്‍ നല്‍കാമെന്ന് പി.എസ് വാര്യര്‍ അറിയിച്ചു. പൊന്നാനി പള്ളിയുടെ മിമ്പര്‍ പോലെ പ്രൗഢിയുള്ള ഒരു മിമ്പര്‍ തന്നെ വേണമെന്ന് അദ്ദേഹത്തിനും നിര്‍ബന്ധം. വാര്യര്‍ നല്‍കിയതാണ് ഇന്ന് പാലപ്പുറ പള്ളിയിലെ മരത്തില്‍ നിര്‍മിച്ച മനോഹരമായ മിമ്പര്‍. വാര്യര്‍ ആയുര്‍വേദത്തോടൊപ്പം മത സൗഹാര്‍ദത്തിന്റെ പരിപോഷണത്തിനും ചികിത്സ നല്‍കിയ ഭിഷഗ്വരനാണ്.
പാണക്കാട് കുടുംബവും വാര്യര്‍ കുടുംബവും തമ്മിലുള്ള ബന്ധത്തിന് പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. സഹോദരന്‍ ശിഹാബ് തങ്ങളെ അനുസ്മരിച്ച് ചന്ദ്രിക പ്രസിദ്ധീകരിച്ച ഓര്‍മ പുസ്തകത്തില്‍ പി.കെ വാര്യര്‍ എഴുതി: 'കേരളത്തിലെ തന്നെ അത്യപൂര്‍വമായ രണ്ടു മതസൗഹാര്‍ദ കേന്ദ്രങ്ങളാണ് ആര്യവൈദ്യശാലയും പാണക്കാട് തങ്ങളുടെ തറവാടും. ഈ രണ്ടു സ്ഥാപനങ്ങളും തമ്മിലുള്ള ആത്മബന്ധമാകട്ടെ തങ്ങളുടെ പിതാവായ ജനാബ് പൂക്കോയ തങ്ങളുടെയും ഞങ്ങളുടെ വലിയമ്മാമന്‍ വൈദ്യരത്‌നം പി.എസ് വാരിയരുടേയും കാലം തൊട്ട് അഭംഗുരം നിലനില്‍ക്കുന്നു'. എന്റെ പിതാവ് പൂക്കോയ തങ്ങളും സഹോദരന്‍ ശിഹാബ് തങ്ങളും ആര്യവൈദ്യശാലയുടെ പല ശാഖകളുടേയും ഉദ്ഘാടകരായിട്ടുണ്ട്. കോട്ടക്കല്‍ ചന്ത തുടങ്ങാന്‍ തീരദേശത്തു നിന്ന് മുസ്‌ലിം കച്ചവടക്കാരെ കൊണ്ടുവരികയും അവര്‍ക്ക് താമസ സൗകര്യമൊരുക്കിയതും വാര്യര്‍ കുടുംബമായിരുന്നു.
കല, സാഹിത്യ, സാംസ്‌കാരിക രംഗത്തും വാര്യറുടെ ശ്രദ്ധയും കര്‍മവുമുണ്ടായിട്ടുണ്ട്. ആയുര്‍വേദ അറിവുകള്‍ സാധാരണക്കാരിലെത്തിക്കാന്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് പുസ്തകങ്ങളും പ്രസിദ്ധീകരിച്ചു വരുന്നു. 'സ്മൃതി പര്‍വം' എന്ന അദ്ദേഹത്തിന്റെ ആത്മകഥയ്ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ആയുര്‍വേദത്തെ സാര്‍വത്രികമാക്കാന്‍ പഠന വിഭാഗവും ആയുര്‍വേദ കോളജും നിലവിലുണ്ട്. പത്മശ്രീയും പത്മഭൂഷണും നല്‍കി അദ്ദേഹത്തെ രാജ്യം ആദരിച്ചു. ആയുര്‍വേദ പരിപോഷണത്തിനും മതേതരത്വ സംരക്ഷണത്തിനും വേണ്ടി സമര്‍പ്പിത ജീവിതം നയിച്ച മഹാനായ ആയുര്‍വേദാചാര്യന്റെ വേര്‍പാട് നമ്മുടെ സാമൂഹിക മണ്ഡലത്തില്‍ കനത്ത നഷ്ടമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."