ഉച്ചകോടിക്ക് ഡല്‍ഹിയെ ജയിലാക്കേണ്ടതുണ്ടോ
ഉച്ചകോടിക്ക് ഡല്‍ഹിയെ ജയിലാക്കേണ്ടതുണ്ടോ
സെപ്റ്റംബര്‍ 9,10 തീയതികളില്‍ നടക്കുന്ന ജി 20 ഉച്ചകോടിയുടെ പേരില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയും ലോക്ക്ഡൗണും കൊണ്ട് രാജ്യ തലസ്ഥാന നഗരമായ ഡല്‍ഹിയെ കത്രികപ്പൂട്ടിട്ട് വച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രഗതി മൈതാനിലെ പുതുതായി നിര്‍മിച്ച ഭാരത് മണ്ഡപം കണ്‍വന്‍ഷന്‍ സെന്ററിലാണ് യോഗം നടക്കുന്നത്. വിവിധ രാജ്യത്തലവന്‍മാരും യൂറോപ്യന്‍ യൂനിയന്‍ പ്രതിനിധികളുമായി 30 പേരും അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികളുമായി 14 പേരുമാണ് പങ്കെടുക്കുക. യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എന്നിവര്‍ ഉള്‍പ്പെടെ നിരവധി രാഷ്ട്രത്തലവന്‍മാരും നയതന്ത്രജ്ഞരും യോഗത്തിനെത്തുന്നുണ്ട്. യോഗത്തിന്റെ പേരില്‍ ഇന്നലെ മുതല്‍ സെപ്റ്റംബര്‍ 12 വരെ ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചു. ഇതോടെ അഞ്ചിലധികം ആളുകള്‍ കൂടുന്നത് പൊലിസിന് തടയാം. ഡ്രോണുകള്‍ പറത്തുന്നതിനും മറ്റു പറക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്.
എട്ടുമുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അന്നേ ദിവസം ബസുകള്‍ ഓടില്ല. ന്യൂഡല്‍ഹി ജില്ലയില്‍ നിരത്തുകളില്‍ ഓട്ടോറിക്ഷകളും ടാക്‌സികളും കാണരുതെന്ന് ഉത്തരവുണ്ട്. പ്രധാന റോഡുകളില്‍ ആംബുലന്‍സ് അല്ലാതെ മറ്റൊന്നുമുണ്ടാകില്ല. ഡല്‍ഹിയിലെ വിവിധ സര്‍വകലാശാലകള്‍ക്ക് കീഴിലുള്ള എല്ലാ കോളജുകള്‍ക്കും അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും മുനിസിപ്പല്‍ സ്ഥാപനങ്ങളും എട്ടുമുതല്‍ 10 വരെ അവധിയായിരിക്കും. കടുത്ത ട്രാഫിക് നിയന്ത്രണങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ല്യൂട്ടന്‍ മേഖലയില്‍ കൂടുതല്‍ നിയന്ത്രണമുണ്ട്. നാലു ദിവസം ഭക്ഷ്യവസ്തുക്കളും മരുന്നുകളും മറ്റു അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങള്‍ മാത്രമേ ഡല്‍ഹിയിലേക്ക് കടത്തിവിടുന്നുള്ളൂ. ആര്‍ക്കും ഡല്‍ഹിക്ക് പുറത്തു പോകാം. എന്നാല്‍ ഡല്‍ഹിയിലേക്ക് പ്രവേശിക്കാന്‍ കഴിയില്ല.
നഗരത്തിലെ തെരുവുകച്ചവടക്കാരെ ഇതിനകം ഒഴിപ്പിച്ച് തുടങ്ങിയിട്ടുണ്ട്. തെരുവില്‍ ജീവിക്കുന്നവരെയും യാചകരെയും ഒഴിപ്പിക്കുന്ന നടപടിയും തുടങ്ങി. നേതാക്കള്‍ അതത് രാജ്യങ്ങളിലേക്ക് തിരിച്ചുപോകുന്ന 10,11 തീയതികളില്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ കൂടുമെന്നാണ് കരുതുന്നത്. മെട്രോ സര്‍വിസ് സാധാരണപോലെ നടക്കുമെങ്കിലും സുപ്രിംകോടതി, ഖാന്‍ മാര്‍ക്കറ്റ്, മണ്ഡി ഹൗസ്, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ് എന്നീ സ്റ്റേഷനുകള്‍ സെപ്റ്റംബര്‍ 8 മുതല്‍ 10 വരെ താല്‍ക്കാലികമായി അടച്ചിടും.
കടകള്‍ നേരത്തെ അടക്കാനുള്ള ഉത്തരവ് പലയിടത്തും പൊലിസ് രാജിലേക്ക് നീങ്ങിയിരിക്കുകയാണ്. നിയന്ത്രണങ്ങളുടെ കെടുതികള്‍ക്കൊപ്പം വിലക്കയറ്റത്തിന്റെ പിടിയിലുമാണ് ഡല്‍ഹി. അതിര്‍ത്തികളില്‍ ഭക്ഷ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ലെന്ന് പൊലിസ് പറയുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയിലേക്കുള്ള അവശ്യവസ്തുക്കളുടെ ഒഴുക്ക് കുറഞ്ഞു. ഇതോടെയാണ് വിലക്കയറ്റം ഡല്‍ഹിയില്‍ പിടിമുറുക്കിയത്. അവശ്യവസ്തുക്കളുടെ വില കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ പെട്ടെന്നാണ് ഉയര്‍ന്നത്.
ജനജീവിതത്തിന് മാത്രമല്ല, അഭിപ്രായസ്വാതന്ത്ര്യത്തിനും ഡല്‍ഹിയില്‍ വിലങ്ങിട്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ പൊതുപരിപാടികള്‍ക്കും വിലക്കുണ്ട്. കഴിഞ്ഞ ദിവസം സി.പി.എമ്മിന്റെ പഠനകേന്ദ്രമായ സുര്‍ജിത് ഭവനില്‍ അടച്ചിട്ട മുറിയില്‍ നടത്തിയ സെമിനാര്‍ ഡല്‍ഹി പൊലിസ് തടഞ്ഞിരുന്നു. പാര്‍ട്ടിയുടെ പഠന ക്ലാസ് തടസപ്പെടുത്താനും ശ്രമിച്ചു. പൊലിസ് അനുമതിയില്ലാതെ സ്വകാര്യസ്ഥലത്തെ അടച്ചിട്ട മുറിയിലുള്ള ക്ലാസുകള്‍ പോലും വേണ്ടെന്നാണ് പൊലിസ് ഉത്തരവ്. സര്‍വകലാശാലകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഓണ്‍ലൈന്‍ സെമിനാറുകള്‍ വരെ റദ്ദാക്കി. ഒരു പരിപാടികളും നടത്തിപ്പോകരുതെന്നാണ് സര്‍വകലാശാലകള്‍ക്ക് പൊലിസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജി 20 യോഗത്തിന് രാജ്യം ആതിഥ്യം വഹിക്കുന്നുവെന്നത് അഭിമാനകരമാണ്. എന്നാല്‍ ഒരു ഉച്ചകോടിയുടെ പേരില്‍ 32,941,000 പേര്‍ ജീവിക്കുന്ന നഗരത്തെ ജയിലാക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുകയും തെരുവില്‍ ജീവിക്കുന്നവരെ ആട്ടിപ്പായിക്കുകയും ചെയ്യുന്നതുകൊണ്ട് സര്‍ക്കാര്‍ എന്താണ് ലക്ഷ്യമാക്കുന്നത്.
ഈ ജി20 യോഗം വിജയകരമായി നടത്തുന്നതിലൂടെ രാജ്യത്തിന്റെ ത്രിവര്‍ണ പതാക ലോകത്തിന്റെ ഉയരെ പറക്കാന്‍ ബുദ്ധിമുട്ടുകള്‍ സഹിച്ച് എല്ലാവരും സഹകരിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെടുന്നത്. സ്വാതന്ത്ര്യത്തിന് വിലമതിക്കുന്നവരാണ് ലോകസമൂഹം. കൊവിഡ് കാലത്തുപോലും യൂറോപ്പ് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താതിരുന്നത് ജനങ്ങളുടെ സ്വാതന്ത്ര്യത്തിന് വിലങ്ങിടുകയെന്നത് അവര്‍ക്ക് ചിന്തിക്കാന്‍ സാധിക്കാത്ത കാര്യമായതുകൊണ്ടാണ്. എല്ലാ വിദേശപ്രതിനിധികളും അവരുടെ കുടുംബവുമായാണ് രാജ്യത്തെത്തുന്നത്. അവരാകട്ടെ വിനോദസഞ്ചാര കേന്ദ്രങ്ങളും മാര്‍ക്കറ്റുകളും സന്ദര്‍ശിക്കാനും രാജ്യത്തെ ഭക്ഷണവും സംസ്‌കാരവും ആസ്വദിക്കാനും ആഗ്രഹിക്കും. ഡല്‍ഹിയിലെ ഷോപ്പിങ്മാളുകളും കടകളും പരമ്പരാഗത മാര്‍ക്കറ്റുകളും അടച്ചിട്ടാല്‍ അതെങ്ങനെയാണ് സാധ്യമാകുക.
ചാന്ദ്‌നി ചൗക്ക്, കരോള്‍ ബാഗ്, ഖാന്‍ മാര്‍ക്കറ്റ്, സരോജിനി നഗര്‍, കമലാ നഗര്‍ തുടങ്ങിയവയെല്ലാം ഡല്‍ഹിയിലെ ചരിത്രം തുളുമ്പുന്ന പുരാതന മാര്‍ക്കറ്റുകളാണ്. സര്‍ക്കാര്‍ അതിനെ പൈതൃക കേന്ദ്രങ്ങളാക്കി വികസിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ കേന്ദ്രങ്ങള്‍ അവര്‍ക്ക് മുന്നില്‍ വയ്ക്കാനായില്ലെങ്കില്‍ പിന്നെന്തിനാണ് ഇവയെല്ലാം. വിമാനത്താവളത്തില്‍ നിന്ന് പട്ടാളത്തിന്റെ അകമ്പടിയോടെ ഹോട്ടലിലേക്ക് കൊണ്ടുപോയി അവിടെനിന്ന് യോഗസ്ഥലത്തേക്കും പൊലിസ് അകമ്പടിയില്‍ തടവുകാരെപ്പോലെ കൊണ്ടുപോകുന്നത് അവര്‍ ആസ്വദിക്കണമെന്നില്ല. സുരക്ഷയൊക്കെ ആവാം. എന്നാല്‍, അത് രാജ്യത്തിന്റെ അതിഥികളെ ഇവിടെ തടവുകാരാക്കിക്കൊണ്ടാകരുത്. രാജ്യത്തെയും സംസ്‌കാരത്തെയും അവര്‍ക്ക് തുറന്നുകാണാനും പഠിക്കാനും ആസ്വദിക്കാനുമുള്ള അവസരമാണ് ഒരുക്കേണ്ടത്. ഇന്ത്യയെ അവര്‍ക്ക് മുന്നില്‍ തുറന്നുവച്ചു കൊടുക്കൂ. അത് രാജ്യത്തിന്റെ അന്തസ് വര്‍ധിപ്പിക്കുകയേയൂള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."