സ്‌കൂൾ ബസിലെ സ്റ്റോപ്പ് സൈൻ ബോർഡ് കണ്ട് നിർത്തിയില്ലെങ്കിൽ കടുത്ത പിഴയും ബ്ലാക്ക് പോയിന്റും; റഡാറുകൾ പ്രവർത്തനം തുടങ്ങി
സ്‌കൂൾ ബസിലെ സ്റ്റോപ്പ് സൈൻ ബോർഡ് കണ്ട് നിർത്തിയില്ലെങ്കിൽ കടുത്ത പിഴയും ബ്ലാക്ക് പോയിന്റും; റഡാറുകൾ പ്രവർത്തനം തുടങ്ങി
ദുബൈ: സ്‌കൂൾ ബസുകളുടെ കാര്യത്തിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. സ്‌കൂൾ ബസുകളിൽ വിദ്യാർഥികൾ കയറുമ്പോഴോ ഇറങ്ങുമ്പോഴോ പ്രത്യക്ഷപ്പെടുന്ന "സ്റ്റോപ്പ്" എന്ന സൈൻ ബോർഡ് അവഗണിച്ച് വാഹനമോടിക്കുന്നവർക്ക് കനത്ത പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുകളും ശിക്ഷയായി ലഭിക്കും.
സ്‌കൂൾ ബസിൽ സ്റ്റോപ്പ് എന്ന ബോർഡ് പ്രത്യക്ഷപ്പെട്ടാൽ വാഹനം നിർത്താതെ നിയമങ്ങൾ ലംഘിക്കുന്ന ഡ്രൈവർമാരെ സ്വയമേവ ട്രാക്ക് ചെയ്യുന്ന റഡാറുകൾ ബുധനാഴ്ച സ്‌കൂളുകളുമായി സഹകരിച്ച് അധികൃതർ സജീവമാക്കി.
വിദ്യാർഥികൾ ഇറങ്ങുന്നതിനോ കയറുന്നതിനോ വേണ്ടി സ്കൂൾ ബസുകളുടെ ഡോറുകൾ തുറക്കുന്ന സമയത്താണ് "സ്റ്റോപ്പ്" എന്ന സൈൻ ബോർഡ് വാഹനത്തിൽ പ്രത്യക്ഷപ്പെടുക. ഈ അടയാളം കാണുമ്പോൾ എല്ലാ വാഹനങ്ങളും നിർത്തണം. ഈ സമയം സ്‌കൂൾ ബസിനെ മറികടക്കാൻ പാടില്ല. ഇത് തെറ്റിച്ചാൽ 1,000 ദിർഹം പിഴയും പത്ത് ബ്ലാക്ക് പോയിന്റുകളും നൽകേണ്ടിവരും.
"സ്റ്റോപ്പ്" സൈൻ ബോർഡ് കണ്ടാൽ ഇരുവശങ്ങളിലേക്കും വാഹനമോടിക്കുന്നവർ സ്കൂൾ ബസിൽ നിന്ന് അഞ്ച് മീറ്റർ അകലത്തിൽ വാഹനം നിർത്തണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, വിദ്യാർഥികളെ ഇറക്കുമ്പോൾ സ്റ്റോപ്പ് അടയാളം കാണിക്കാത്ത സ്കൂൾ ബസ് ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളും നൽകും. സ്റ്റോപ്പ് അടയാളങ്ങൾ അവഗണിക്കുന്ന ഡ്രൈവർമാരെ കണ്ടെത്താൻ യുഎഇയിലെ സ്കൂൾ ബസുകളിൽ റഡാറുകൾ സജ്ജീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."