'ജനാധിപത്യം അവസാനിച്ചിരിക്കുന്നു' പഞ്ചാബില്‍ നിയമസഭാ പ്രത്യേക സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവര്‍ണര്‍ക്കെതിരെ കെജ്രിവാള്
ചണ്ഡീഗഡ്: വിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആം ആദ്മി പാര്‍ട്ടി (എ.എ.പി) സര്‍ക്കാരിന്റെ ആവശ്യം നിരസിച്ച പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സെപ്തംബര്‍ 22 ന് നിയമസഭ പ്രത്യേക സമ്മേളനം വിളിക്കാനുള്ള തീരുമാനത്തെയാണ് ഗവര്‍ണര്‍ നിരസിച്ചത്.
കാബിനറ്റ് വിളിച്ചു ചേര്‍ത്ത നിയമസഭാ സമ്മേളനത്തെ എങ്ങനെയാണ് നിരസിക്കുക. അങ്ങിനെയെങ്കില്‍ ജനാധിപത്യം അവസാനിച്ചിരിക്കുന്നു. രണ്ട് ദിവസം മുമ്പ് ഗവര്‍ണര്‍ അനുമതി നല്‍കിയതാണ്. എന്നാല്‍ സംസ്ഥാനത്ത് ഓപറേഷന് താമര പരാജയപ്പെട്ട് തുടങ്ങിയതോടെ അനുമതി നിഷേധിക്കണമെന്ന് ഗവര്‍ണര്‍ക്ക് മുകളില്‍ നിന്ന് നിര്‍ദേശം ലഭിക്കുകയായിരുന്നു' കെജ്രിവാള് പറഞ്ഞു.
നിയമസഭ സമ്മേളനത്തിന് അനുമതി നിഷേധിച്ചു കൊണ്ടുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ സംസ്ഥാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തി. എ.എ.പി, കോണ്‍ഗ്രസ്, ശിരോമണി അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ ഗവര്‍ണറുടെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ചു.
നിയമസഭ നടത്താന്‍ ഗവര്‍ണര്‍ അനുവദിക്കാത്തത് രാജ്യത്തിന്റെ ജനാധിപത്യത്തിന്മേല് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെ നയിക്കുന്നത് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങള്‍ തെരഞ്ഞെടുത്ത പ്രതിനിധികളാണോ അതോ കേന്ദ്രം നിയമിച്ച ഏതെങ്കിലുമൊരു വ്യക്തിയാണോയെന്ന് മാന്‍ ചോദിച്ചു.
ബി.ജെ.പിയും കോണ്‍ഗ്രസും ഒത്തുചേര്‍ന്ന് സമ്മേളനം റദ്ദാക്കുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് എ.എ.പി ആരോപിച്ചു. ഗവര്‍ണറുടെ നീക്കം ജനാധിപത്യത്തിന്റെ അന്ത്യമാണെന്നും പാര്‍ട്ടി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."