സഹകരണ മേഖലയിലും കേന്ദ്രം കൈവയ്ക്കുമ്പോള്‍
കെ.പി നൗഷാദ് അലി
2021 ലെ ബജറ്റ് പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് സഹകരണ മേഖലയ്ക്കായി പുതിയ മന്ത്രാലയം പ്രഖ്യാപിച്ച കേന്ദ്ര സര്‍ക്കാര്‍, ചുമതലക്കാരനായി നിശ്ചയിച്ചിരിക്കുന്നത് അമിത് ഷായെയാണ്. 'സഹകാര്‍ സെ സമൃദ്ധി' എന്ന ആപ്തവാക്യത്തിന്റെ ലക്ഷ്യം രാജ്യമാണോ അതോ ബി.ജെ.പിയാണോ എന്നാണ് ഇനി അറിയാനുള്ളത്. സഹകരണ സംഘങ്ങളെ ജനാധിപത്യ വിരുദ്ധമായി വരുതിയില്‍ കൊണ്ടുവന്നാണ് ഗുജറാത്തില്‍ ബി.ജെ.പി ഭരണത്തുടര്‍ച്ച സാധ്യമാക്കിയത്. 28 സംസ്ഥാനങ്ങളിലെ മാര്‍ക്കറ്റും 39200 കോടിയുടെ വിറ്റുവരവുമുള്ള ആഗോള പെരുമ അമുലിന് സമ്മാനിച്ച വര്‍ഗ്ഗീസ് കുര്യനെ അപമാനിച്ചു പുറത്താക്കാന്‍ മോദിയെയും അമിത് ഷായെയും പ്രേരിപ്പിച്ചത് 1.6 കോടി ക്ഷീര കര്‍ഷകരും രണ്ടു ലക്ഷം സഹകാരികളുമടങ്ങുന്ന രാഷ്ട്രീയ മൂലധനം നല്‍കുന്ന പ്രലോഭനമായിരുന്നു. ഗുജറാത്ത് കോ ഓപറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനടക്കം ആയിരക്കണക്കിന് സഹകരണ സംഘങ്ങളിലൂടെയാണ് ബി.ജെ.പി ഗുജറാത്തില്‍ ഭരണവിരുദ്ധ തരംഗങ്ങളെ അതിജീവിച്ച് പോരുന്നത്. വിജയകരമായി പരീക്ഷിച്ച ഗുജറാത്ത് ഫോര്‍മുല രാജ്യമെങ്ങും പകര്‍ത്താനുള്ള നീക്കമായി സഹകരണ മന്ത്രാലയ പ്രഖ്യാപനത്തെ നിരീക്ഷകര്‍ കാണുന്നതിനെ അതുകൊണ്ടുതന്നെ നിസ്സാരമായി കാണാന്‍ കഴിയില്ല.
2024 ലെ പൊതുതെരഞ്ഞെടുപ്പും മുന്നോടിയായി നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളും ബി.ജെ.പിക്ക് ശങ്ക നല്‍കുന്നുണ്ട്. വലിയ സംസ്ഥാനങ്ങളായ പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും പ്രതീക്ഷക്ക് വകയില്ല. മഹാ വികാസ് അഘാഡി തുടരുന്ന പക്ഷം മഹാരാഷ്ട്രയിലും കാര്യങ്ങള്‍ പന്തിയാവില്ല. കര്‍ഷക സമരങ്ങള്‍ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ്, കിഴക്കന്‍ യു.പി എന്നിവടങ്ങളിലെല്ലാം സാധ്യതകള്‍ വിരളമാക്കാനിടയുണ്ട്. സാധാരണക്കാരനുമായി നേരിട്ട് ബന്ധിപ്പിക്കുന്ന മികച്ച ടൂളായ സഹകരണ രംഗം മന്ത്രാലയമാകുന്നതിന്റെ രാഷ്ട്രീയ പ്രസക്തിയതാണ്. ഉദാഹരണമായി മഹാരാഷ്ട്രയെ എടുക്കുകയാണെങ്കില്‍ രണ്ടു ലക്ഷം സൊസൈറ്റികളും അഞ്ചു കോടി അംഗങ്ങളും അവിടെ മാത്രമായുണ്ട്. ഗുജറാത്തില്‍ രണ്ടര കോടി ജനത സഹകരണരംഗവുമായി ബന്ധപ്പെട്ട് നില്‍ക്കുന്നു.
ഇന്ത്യയും സഹകരണ മേഖലയും
ലോകത്തിലെ ഏറ്റവും വലിയ സഹകരണ പ്രസ്ഥാനങ്ങളുടെ നാടായി ഇന്ത്യ കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ ഉപഭോക്തൃ, ഉല്‍പ്പാദന, വായ്പ, നിര്‍മാണ, മാര്‍ക്കറ്റിങ് രംഗങ്ങളില്‍ സഹകരണ സംഘങ്ങള്‍ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. കൃഷി, പാല്‍, പഞ്ചസാര വിതരണ, വിപണന രംഗങ്ങളില്‍ കോര്‍പറേറ്റ് സംരംഭങ്ങള്‍ സഹകരണ മേഖലയ്ക്ക് വളരെ പിന്നിലാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം മൂന്നിലെ ആര്‍ട്ടിക്കിള്‍ 19(1)(ഇ) പ്രകാരം സഹകരണ സ്ഥാപനങ്ങള്‍ രൂപീകരിക്കാനും പങ്കാളിയാവാനും ഓരോ പൗരനും മൗലികാവകാശമുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ തന്നെ ഇന്ത്യയില്‍ സഹകരണ പ്രസ്ഥാനങ്ങളുണ്ട്. കര്‍ഷകര്‍ നേരിട്ട കൊള്ളപ്പലിശയും സാമ്പത്തിക ചൂഷണവുമാണ് ഇതിന് ആവിര്‍ഭാവമായത്. 1903 ല്‍ ബംഗാളിലാണ് പ്രഥമ വായ്പ സഹകരണ സംഘം സ്ഥാപിതമായത്. സംഘങ്ങള്‍ വ്യാപകമാവാന്‍ തുടങ്ങിയപ്പോള്‍ 1904 ല്‍ കോ ഓപറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ആക്ട് നിലവില്‍ വന്നു. 1919 ല്‍ മൊണ്ടെഗു - ചെംസ്‌ഫോര്‍ഡ് പരിഷ്‌കാരങ്ങളെ തുടര്‍ന്ന് സഹകരണ മേഖല പ്രവിശ്യാവിഷയമായി മാറി. തുടര്‍ന്ന് പ്രാദേശിക വകഭേദങ്ങളോടെ സഹകരണരംഗം ഇന്ത്യയില്‍ പടര്‍ന്നുപിടിച്ചു. ഇന്നും ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം സഹകരണമേഖല സംസ്ഥാന വിഷയമായി തുടരുന്നതിന്റെ അടിസ്ഥാനമിതാണെന്ന് കരുതാം.
സ്വതന്ത്ര ഇന്ത്യയില്‍ സഹകരണരംഗം പഞ്ചവല്‍സര പദ്ധതികളുടെ അവിഭാജ്യഘടകമായി തീര്‍ന്നു. 1962 ല്‍ ദേശീയ സഹകരണ വികസന കോര്‍പറേഷന്‍ രൂപീകൃതമായി. 1984 ല്‍ സംസ്ഥാനന്തര സഹകരണ സൊസൈറ്റി ആക്ട് പാര്‍ലമെന്റ് പാസാക്കുകയുണ്ടായി. 2002 ല്‍ ഭേദഗതികള്‍ കൂട്ടിച്ചേര്‍ത്ത് ദേശീയ സഹകരണ നയം പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനന്തര സഹകരണ സംഘങ്ങള്‍ കേന്ദ്ര നിയന്ത്രണത്തിലായിക്കഴിഞ്ഞു. തനതു മന്ത്രാലയം രൂപീകരിക്കുന്നതിലെ അസാംഗത്യം ആരായുന്നവരുടെ പ്രധാന ചോദ്യമിതാണ്.
ആര്‍.ബി.ഐ നിയന്ത്രണങ്ങള്‍
പലപ്പോഴും കോര്‍പറേറ്റ് ബാങ്കിങ്ങിനെ അസൂയപ്പെടുത്തുന്ന വിശ്വാസ്യതയും നിക്ഷേപവും ഇന്ത്യയിലെ സഹകരണ ബാങ്കുകള്‍ക്ക് സ്വന്തമാണ്. ദശലക്ഷക്കണക്കിന് അക്കൗണ്ടുകളുള്ള ജനകീയ മുന്നേറ്റം സൊസൈറ്റികളുടെ മാത്രം പ്രത്യേകതയാണ്. രാജ്യത്ത് ഏകദേശം 33 സംസ്ഥാന സഹകരണ ബാങ്കുകളും 375 ജില്ലാ സഹകരണ ബാങ്കുകളും ഒരു ലക്ഷത്തോളം പ്രൈമറി സഹകരണ ബാങ്കുകളുമുണ്ട്. 6 ലക്ഷം കോടിയിലധികം നിക്ഷേപം ഇവയിലുള്ളതായി കണക്കാക്കുന്നുണ്ട്. 1949 ലെ സഹകരണ ബാങ്ക് നിയന്ത്രണ നിയമപ്രകാരമായിരുന്നു ഇവ മുന്നോട്ടുപോയിരുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ ഓര്‍ഡിനന്‍സിലൂടെ നിയമം ഭേദഗതി ചെയ്യുകയും നിയന്ത്രണങ്ങള്‍ കര്‍ക്കശമാക്കി റിസര്‍വ് ബാങ്ക് സഹകരണ സംഘങ്ങള്‍ക്കു മേല്‍ അധീശത്വം സ്ഥാപിക്കുകയും ചെയ്തു. ഇതോടെ സംയോജനം, പിരിച്ചുവിടല്‍, രജിസ്‌ട്രേഷന്‍, നടത്തിപ്പ് ചുമതലകള്‍, കണക്കെടുപ്പ്, ബോര്‍ഡ് രൂപീകരണം എന്നിവയൊഴികെയുള്ള വിഷയങ്ങളില്‍ ആര്‍.ബി.ഐ മാര്‍ഗനിര്‍ദേശങ്ങള്‍ നിലവില്‍ വന്നു. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക താല്‍പര്യം ഇതിന്റെ പിറകിലുണ്ടായിരുന്നു.
മന്ത്രാലയ രൂപീകരണത്തിന്റെ
രാഷ്ട്രീയം
ഭരണസ്വാധീനവും തിണ്ണബലവും എല്ലാ കാലത്തും സഹകരണ ജനാധിപത്യത്തില്‍ ഇടപെട്ടു പോന്നിട്ടുണ്ട്. പക്ഷേ നാളിതുവരെ സംസ്ഥാനത്തിനകത്തെ പ്രാദേശിക സ്വഭാവമാണതിനുള്ളത്. കേന്ദ്ര ഭരണത്തിന്റെ ഇടപെടലുകളുണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ ജുഡിഷ്യറിയുടെയും മീഡിയയുടെയും കൃത്യമായ ഇടപെടലുകള്‍ വഴി നീതി നിര്‍വഹണം വലിയ പരുക്കില്ലാതെ നടന്നുപോയതായി വിലയിരുത്താം. മന്ത്രാലയം രൂപീകരിച്ചു ഭരണ, നിയമപരമായ ചട്ടക്കൂടുകളും പുതിയ നയപരിപാടികളുമായി കേന്ദ്രഭരണം രംഗപ്രവേശം ചെയ്യുമ്പോള്‍ വലിയ ഏറ്റുമുട്ടലുകള്‍ പ്രതീക്ഷിക്കപ്പെടുന്നു. പുതിയ സംസ്ഥാനന്തര, വിവിധോദ്ദേശ്യ സംഘങ്ങള്‍ പിറവിയെടുക്കാനിടയുണ്ട്. കേന്ദ്ര പദ്ധതികളും സംരംഭങ്ങളും സഹായങ്ങളും ഇത്തരം സംഘങ്ങള്‍ വഴിയായിരിക്കും. നിലവിലുള്ള സംഘങ്ങള്‍ പദ്ധതികളും പരിപാടികളുമില്ലാതെ ശുഷ്‌കമാവാനിടയുണ്ട്. സംഘാടനത്തിലും നടത്തിപ്പിലും കൃത്യമായ രാഷ്ട്രീയം കടന്നുവരും. ദൈനംദിന ജീവിത സന്ധാരണത്തിന് സാധാരണക്കാരന് പാര്‍ട്ടി ഓഫിസുകളെ ആശ്രയിക്കേണ്ട സ്ഥിതി സംജാതമാവും. കേന്ദ്ര ഭരണകൂടവും ബി.ജെ.പിയും ലക്ഷ്യംവയ്ക്കുന്നത് ഇതു തന്നെയാണ്. നിയമവും നീതിയും കാറ്റില്‍പ്പറത്തുന്നത് നായക പരിവേഷമായി വിലയിരുത്തുന്ന പൊതുബോധം ഇന്ത്യയില്‍ വേരുപിടിച്ചതിനാല്‍ എതിര്‍ശബ്ദങ്ങള്‍ ബധിരകര്‍ണങ്ങളില്‍ പതിക്കാനാണ് സാധ്യത. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് സഹകരണ സംഘങ്ങള്‍ നിയമത്തിനതീതമായി വാഴുന്ന കാഴ്ചകള്‍ ഗുജറാത്തില്‍ നാം കണ്ടിട്ടുണ്ട്. നോട്ടുനിരോധന കാലത്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ബി.ജെ.പി നിയന്ത്രിത സഹകരണ ബാങ്കുകള്‍ ഗുജറാത്തില്‍ നല്‍കപ്പെട്ട കണക്കുകള്‍ പ്രകാരം 3100 കോടിയിലധികം മാറ്റിയെടുത്തിട്ടുണ്ട്. അമിത് ഷാ ബോര്‍ഡിലുണ്ടായിരുന്ന അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ 745 കോടിയും രാജ്‌കോട്ട് സഹകരണ ബാങ്കിന്റെ 693 കോടിയും ഇതില്‍ പെടും. സമാനമായ നിയമാതീത പരിവേഷമുള്ള പ്രിവിലേജ് സൊസൈറ്റികള്‍ ഇനിയും പിറവിയെടുക്കും.
ജനദ്രോഹ നടപടികളും കോര്‍പറേറ്റ് പ്രീണനം സൃഷ്ടിക്കുന്ന ദുസ്സഹമായ ജീവിതാവസ്ഥയും തീര്‍ക്കുന്ന അപ്രീതി മറികടക്കാന്‍ വര്‍ഗീയതയ്ക്ക് കഴിഞ്ഞു കൊള്ളണമെന്നില്ല എന്ന ബോധ്യമാണ് കേന്ദ്ര ഭരണത്തെ പുതിയ രാഷ്ട്രീയ ആയുധങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നത്. അവധാനതയോടെ ചുവടുകള്‍ തീര്‍ക്കാനുള്ള വിവേകത്തിന്റെ പ്രഭവകേന്ദ്രത്തിനായി ജനാധിപത്യ ഇന്ത്യ കണ്ണുകള്‍ പായിക്കുന്നുണ്ട്. പുലരി വിദൂരമല്ല എന്നു പ്രത്യാശിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."