നാം നിർമിക്കുന്ന വിപത്തുകൾ
ഉൾക്കാഴ്ച
മുഹമ്മദ്
രണ്ടു ജയിൽപുള്ളികളും ഇരുമ്പഴികൾക്കുള്ളിലിരുന്ന് പുറത്തേക്കു കണ്ണും നട്ടിരുന്നു. ഒരാൾ മാനത്തെ നക്ഷത്രങ്ങളിലേക്കാണു നോക്കിയത്. മറ്റെയാൾ നിലത്തെ പാഴ്ചേറിലേക്കും. മാനത്തേക്കു നോക്കിയ വ്യക്തിക്കു മനോഹരമായി മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളെ കാണാൻ കഴിഞ്ഞു. നിലത്തേക്കു നോക്കിയ വ്യക്തിക്ക് അഴുക്കുനിറഞ്ഞ പാഴ്നിലവും.
നോക്കുന്നതും ചിന്തിക്കുന്നതുമെന്തോ, അതാണൊരാൾ കാണുക. ഉയരത്തിലേക്കു നോക്കുന്നയാൾക്ക് ഉയർച്ച കാണാം. താഴേക്കു നോക്കുന്നയാൾക്ക് താഴ്ചയും കാണാം. പ്രതിസന്ധികൾക്കുള്ളിലെ അനുഗ്രഹത്തെയാണു നോക്കുന്നതെങ്കിൽ അയാൾക്ക് ആ പ്രതിസന്ധി അനുഗ്രഹമായി അനുഭവപ്പെടും. അനുഗ്രഹത്തെ കാണാതെ പ്രതിസന്ധിയെ മാത്രമാണ് നോക്കുന്നതെങ്കിൽ അയാൾക്ക് അതൊരു പ്രതിസന്ധി തന്നെയായിരിക്കും. കാരാഗൃഹത്തെ കാരാഗൃഹമായി കാണുന്നവർക്ക് അതൊരു കാരാഗൃഹം തന്നെ. എന്നാൽ ഏകാന്തവാസത്തിനുള്ള മേത്തരം ഇടമായി കാണുന്നവർക്ക് അതു കാരാഗൃഹമല്ല. നാടുകടത്തപ്പെട്ടുവെന്നിരിക്കട്ടെ. അതിനെ നാടുകടത്തലായി കാണുന്നവർക്ക് നാടുകടത്തലായിതന്നെ അനുഭവപ്പെടും. ദേശസഞ്ചാരമായി കാണുന്നവർക്ക് അതൊരു നവ്യാനുഭൂതി പകരുന്ന അനുഭവവുമായിരിക്കും. വധത്തെ വധമായി കാണുന്നവർക്ക് അതൊരു ദുരന്തം തന്നെ. വധത്തെ രക്തസാക്ഷിത്വമായി കാണുന്നവർക്ക് വധിക്കപ്പെടുകയെന്നത് വലിയ അനുഗ്രഹമാണ്. യോദ്ധാക്കളെ അങ്കക്കളത്തിലേക്കു നയിക്കുന്നത് ഒന്നുകിൽ വിജയം, അല്ലെങ്കിൽ രക്തസാക്ഷിത്വം എന്ന ബോധമാണ്. അല്ലാതെ ജീവൻ നഷ്ടപ്പെടുക എന്ന ചിന്തയല്ല.
കവി ബശാറുബ്നു ബുർദ് അന്ധനായിരുന്നു. തന്റെ അന്ധതയെ നിന്ദിച്ച ശത്രുവിഭാഗത്തോട് അദ്ദേഹം പറഞ്ഞ വാക്കുകൾ ചരിത്രപ്രസിദ്ധമാണ്. അദ്ദേഹം പാടി:
വഅയ്യറനിൽ അഅ്ദാഉ വൽ ഐബു ഫീഹിമൂ
ഫലൈസ ബിആരിൻ അൻ യുഖാല ളരീറു
ഇദാ അബ്സ്വറൽ മർഉൽ മുറൂഅത വത്ത്വുഖാ
ഫഇന്ന അമൽ ഐനൈനി ലൈസ യളീറു
റഐതുൽ അമാ അജ്റൻ വദുഖ്റൻ വഇസ്വ്മതൻ
വഇന്നീ ഇലാ തിൽകഥ്ഥലാഥി ഫഖീറു
(ശത്രുക്കൾ എന്നെ മോശമായി ചിത്രീകരിച്ചു. സത്യത്തിൽ ന്യൂനത അവരിൽതന്നെയാണുള്ളത്. അന്ധൻ എന്നു പറയപ്പെടുന്നത് ന്യൂനതയൊന്നുമല്ല. ഭക്തിയെയും വ്യക്തിത്വത്തെയും കണ്ടാൽ പുറംകണ്ണുകളുടെ അന്ധത അവനെ ബാധിക്കുകയേ ഇല്ല. അന്ധതയെ പ്രതിഫലവും നിക്ഷേപവും കാവലുമായിട്ടാണ് ഞാൻ കണ്ടത്. ഈ മൂന്നിലേക്കും ഞാനാണെങ്കിൽ ആവശ്യക്കാരനുമാണ്)
പൗരുഷത്തിന്റെ വിത്തുകൾ മുളയ്ക്കുന്ന മണ്ണാണ് വേദനകളും വിഷമങ്ങളും എന്ന് പ്രസിദ്ധ ഇസ്ലാമിക ചിന്തകനും എഴുത്തുകാരനുമായ മുഹമ്മദുൽ ഗസ്സാലി തന്റെ ജദ്ദിദ് ഹയാതക് എന്ന വ്യഖ്യാത ഗ്രന്ഥത്തിൽ പറഞ്ഞിട്ടുണ്ട്. ശിക്ഷയുടെ വസ്ത്രത്തിൽവച്ച് പാപങ്ങളെ ഇല്ലായ്മ ചെയ്യുന്ന പ്രക്രിയയാണ് വിപത്തുകൾ. വിപത്തുകൾ ഇറങ്ങിപ്പോകുമ്പോൾ പലരും ശുദ്ധിയാകും. വേറെ പലരും കൂടുതൽ അശുദ്ധരാകും. വിപത്തുകളോട് നിഷേധാത്മക നിലപാടുകൾ സ്വീകരിച്ചവരാണ് അശുദ്ധരാവുക. വിപത്തുകളെ നിർമാണാത്മകമായി സമീപിച്ചവരാണ് ശുദ്ധരാവുക. വസ്ത്രം കല്ലിലടിച്ച് അലയ്ക്കുന്നതു പോലെയാണ് അവരെ സംബന്ധിച്ചിടത്തോളം വിപത്തുകൾ. ആ വിപത്ത് അവരെ ഒന്നു കുടഞ്ഞുപിഴിയുമെങ്കിലും ഒടുക്കം അവരുടെ പുനർജനനമായിരിക്കും നടക്കുക.
ചീയുമ്പോഴാണ് വളമാവുക എന്നു കേട്ടിട്ടില്ലേ. സാഹചര്യങ്ങളും അവസ്ഥകളും ചീയുമ്പോൾ പ്രയാസങ്ങൾ സ്വാഭാവികം. എന്നാൽ അവയെ വളമാക്കിയെടുക്കാൻ കഴിയുന്നിടത്ത് ഒരാൾ വിജയിക്കും. പതിതാവസ്ഥകളാണ് പലരെയും പ്രതിഭകളാക്കിയിട്ടുള്ളത്.
കീടക്കൂടിലേക്ക് ഒരു തുള്ളിതന്നെ പ്രളയമാണ്. എന്നാൽ, അറ്റം കാണാത്ത മരുഭൂമിയിലേക്ക് അതൊരു തുള്ളി മാത്രം; നിമിഷങ്ങൾകൊണ്ട് വറ്റിയില്ലാതായിത്തീരുന്ന ഒരു തുള്ളി. മനസു കീടക്കൂടിനോളം ചെറുതായവർക്ക് കൊച്ചുകൊച്ചു പ്രയാസങ്ങൾപോലും മഹാമലയായിരിക്കും. മനസ് മരുഭൂമിയോളം വിശാലമായവർക്ക് എത്ര കഠിനപരീക്ഷണങ്ങളും അനുഗ്രഹങ്ങൾക്കുള്ള വളം മാത്രം. വിപത്തുകളല്ല, വിപത്തുകളെ താങ്ങാൻ കഴിയാതിരിക്കുന്ന അവസ്ഥയാണ് വിപത്ത്. ആ വിപത്ത് പിടികൂടാത്തവരുണ്ടെങ്കിൽ വിപത്തുകളൊന്നും അവർക്ക് വിപത്തുകളായിരിക്കില്ല.
വമൻ ആശ ഫിദ്ദുൻയാ ഫലാ ബുദ്ദ അൻ യറാ
മിനൽ ഐശി മാ യസ്വ്ഫൂ വമാ യതകദ്ദറൂ
ഇഹലോകജീവിതത്തിൽ പ്രശാന്തതയും പ്രതിസന്ധിയും നേരിടേണ്ടി വരിക അനിവാര്യമെന്നർഥം. വിപത്തുകൾ നമ്മെ നിർമിക്കുകയാണെന്നറിയുക. നാം വിപത്തുകളുടെ ഏറ്റവും ചീത്ത നിർമിതിയായി അധഃപതിക്കാതിരുന്നാൽ മതി.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."