പ്രജ്ഞാ സിങ്ങിന് കിട്ടിയതും സ്റ്റാന്‍ സ്വാമിക്ക് കിട്ടാതിരുന്നതും
യു.എം മുഖ്താര്‍
2008ല്‍ റമദാനിലെ അവസാന രാവുകളില്‍ വിശ്വാസികള്‍ തറാവീഹ് നിസ്‌കാരം (റമദാനിലെ പ്രത്യേക നിശാപ്രാര്‍ഥന) നിര്‍വഹിച്ചുകൊണ്ടിരിക്കെയാണ് മഹാരാഷ്ട്രയിലെ മലേഗാവിലും 560 കിലോമീറ്റര്‍ അകലെയുള്ള ഗുജറാത്ത് നഗരമായ മൊദാസയിലും മിനുറ്റുകളുടെ വ്യത്യാസത്തില്‍ നാടന്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചത്. രണ്ടുനഗരങ്ങളും അത്യാവശ്യം മുസ്‌ലിംകള്‍ അധിവസിക്കുന്ന പ്രദേശം. റമദാന്‍ 27 ആയതിനാല്‍ മാര്‍ക്കറ്റുകള്‍ ചെറിയ പെരുന്നാളിനെ വരവേല്‍ക്കുന്നതിന്റെ തിരക്കിലായിരുന്നു. രണ്ടിടത്തുമായി 15 കാരന്‍ അടക്കം പത്തുപേര്‍ മരിച്ചു. നൂറുകണക്കിനാളുകള്‍ക്ക് പരുക്കേറ്റു. ഈ രണ്ടു സ്‌ഫോടനക്കേസുകളിലും പ്രതിചേര്‍ക്കപ്പെടുകയും ആക്രമണങ്ങള്‍ ആസൂത്രണംചെയ്തുവെന്ന് അന്വേഷണ ഏജന്‍സികള്‍ വിധിയെഴുതുകയും ചെയ്ത സന്യാസിനി പ്രജ്ഞാ സിങ് താക്കൂര്‍ അനാരോഗ്യം ചൂണ്ടിക്കാട്ടി കോടതികളില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്ന് ഇളവ് നേടി ബാസ്‌കറ്റ് ബോള്‍ കളിക്കുകയും വിവാഹസല്‍ക്കാരത്തില്‍ നൃത്തംവയ്ക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചുകൊണ്ടിരിക്കെയാണ് 84 കാരനായ വൈദികന്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയില്‍ മരിക്കുന്നത്. ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി പരിഗണിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് കോടതിയുടെ ദയയ്ക്ക് കാത്തുനില്‍ക്കാതെ സ്വാമി ആശുപത്രിയില്‍ വച്ച് അന്ത്യശ്വാസം വലിച്ചത്. പക്ഷേ അവശനായ ഒരു വയോധികന്റെ സ്വാഭാവിക മരണമായിരുന്നില്ല അത്. മറിച്ച് മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടി ശബ്ദിച്ച, ഭരണകൂടത്തോട് നിരന്തരം കലഹിച്ച പൗരന്റെ സ്ഥാപനവല്‍കൃത കൊലപാതകമാണത്. നീതിപീഠങ്ങളുടെ വാതിലുകള്‍ക്കുമുന്നില്‍ നിരന്തരം മുട്ടി വാടിത്തളര്‍ന്നാണ് സ്വാമി മരിച്ചത്.
ആരാണ് സ്റ്റാന്‍ സ്വാമി?
ജാര്‍ഖണ്ഡിലെ ബെഗൈച്ചയില്‍ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന സാമൂഹികപ്രവര്‍ത്തകനായിരുന്നു ജസ്യൂട്ട് വൈദികനായ ഫാദര്‍ സ്റ്റാന്‍ സ്വാമി. ബംഗളൂരുവിലെ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയരക്ടറായി 11 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് സ്റ്റാന്‍ സ്വാമി ആദിവാസികള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്. ആദിവാസികളെ ചൂഷണം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്യുന്ന ഖനി മാഫിയകള്‍ക്കെതിരേ സ്വാമി അവരെ ജാഗരൂകരാക്കി. ഖനിമാഫിയകളെ യഥേഷ്ടം പ്രീണിപ്പിക്കുന്ന നരേന്ദ്ര മോദി ഭരണകൂടത്തിന് അദ്ദേഹം കണ്ണിലെ കരടാവുന്നത് സ്വാഭാവികം. മാഫിയകള്‍ക്കെതിരേ ശബ്ദിക്കുന്ന അവകാശബോധമുള്ള ആദിവാസി യുവതലമുറയെ മാവോയിസ്റ്റ് ചാപ്പകുത്തി നേരിടുന്നതാണ് എളുപ്പം. അത്തരത്തില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടച്ച നൂറുകണക്കിന് ആദിവാസി യുവാക്കള്‍ക്ക് സ്റ്റാന്‍ സ്വാമിയും സംഘവും നിയമസഹായം നല്‍കുകയുണ്ടായി. തടവില്‍കഴിയുന്ന യുവാക്കളുടെ കുടുംബത്തെ ഒരുപരിധിവരെ സംരക്ഷിക്കാനും സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘത്തിന് കഴിഞ്ഞു. ഭരണകൂടത്തെ ചൊടിപ്പിക്കാന്‍ അദ്ദേഹത്തിന്റെ ഈ പ്രവര്‍ത്തനങ്ങള്‍ ധാരാളമായിരുന്നു.
രാജ്യത്തെ ദലിത്, മനുഷ്യാവകാശപ്രവര്‍ത്തകരെ ലക്ഷ്യംവച്ചുള്ള ഭരണകൂട നീക്കമായിരുന്നു സ്വാമിക്കെതിരേയും നടന്നത്. സ്റ്റാന്‍ സ്വാമിയെ മാത്രമല്ല അര്‍ബണ്‍ നക്‌സലുകള്‍ എന്നാരോപിച്ച് വയോധികനായ വിപ്ലവകവി വരവരറാവു, ആനന്ദ് തെല്‍തുംദേ, സുധാ ഭരദ്വാജ്, ഗൗതം നവ്‌ലാഖ, മലയാളികളായ ഹാനി ബാബു, റോണാവില്‍സന്‍ അടക്കമുള്ളവരെയും തടവിലിട്ടു. ഇവര്‍ക്കെതിരായ ആരോപണങ്ങളില്‍ പലതും കെട്ടിച്ചമച്ചതാണെന്ന ആക്ഷേപവുമുണ്ട്. സ്റ്റാന്‍ സ്വാമിക്കെതിരായ പ്രധാന 'തെളിവു'കളില്‍ ഒന്ന് കംപ്യൂട്ടറില്‍ നിന്ന് കിട്ടിയ 'രേഖകള്‍' ആയിരുന്നു. എന്നാലിത് പൊലിസ് 'കണ്ടെത്തു'ന്നതിന് മുന്‍പ് കണ്ടിട്ടില്ലെന്നും താന്‍ അവയൊന്നും കംപ്യൂട്ടറില്‍ ശേഖരിച്ചിട്ടില്ലെന്നുമാണ് സ്റ്റാന്‍ സ്വാമി പറഞ്ഞത്. കൃത്രിമമായി എന്‍.ഐ.എ ഉണ്ടാക്കിയെടുത്ത തെളിവാണിതെന്ന സംശയം ഇതോടെ ബലപ്പെട്ടിരുന്നു. ഈ 'തെളിവു'കളുടെ പിന്‍ബലത്തിലാണ് ജയിലില്‍ മരിച്ചുപോകുമെന്നും പാര്‍ക്കിന്‍സണ്‍സ് രോഗിയായ തനിക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നുമുള്ള 84 കാരന്റെ അവസാന യാചന പോലും ചെവികൊള്ളാതെ അദ്ദേഹത്തെ ഭരണകൂടം മരണത്തിന് വിട്ടുകൊടുത്തത്.
ചില്ലറക്കാരിയല്ല പ്രജ്ഞാ സിങ്
മലേഗാവ്, മൊദാസ സ്‌ഫോടനക്കേസുകളിലും ആര്‍.എസ്.എസ് പ്രചാരക് സുനില്‍ ജോഷിയെ കൊലപ്പെടുത്തിയ കേസിലും ആരോപണവിധേയയാണ് പ്രജ്ഞാ സിങ്. ബോംബ് നിര്‍മാണ വിദഗ്ധനായ ജോഷിയെ തെളിവു നശിപ്പിക്കുന്നതിനായി സംഘ്പരിവാര്‍ തന്നെ ഒളിസങ്കേതത്തില്‍ വച്ച് കൊലപ്പെടുത്തിയെന്നാണ് ആരോപണം. യു.എ.പി.എയിലെ 16 (ഭീകരപ്രവര്‍ത്തനം), 18 (ഭീകരപ്രവര്‍ത്തനത്തിന് ഗൂഢാലോചന), ഇന്ത്യന്‍ കുറ്റകൃത്യനിയമത്തിലെ (ഐ.പി.സി) 120 (ക്രിമിനല്‍ ഗൂഢാലോചന), 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 324 (മനപ്പൂര്‍വം മുറിവേല്‍പ്പിക്കല്‍), 153 (രണ്ടു മതവിഭാഗങ്ങള്‍ക്കിടയില്‍ വൈര്യം വളര്‍ത്തല്‍) എന്നീ കുറ്റങ്ങളാണ് പ്രജ്ഞയ്‌ക്കെതിരേയുള്ളത്. സ്‌ഫോടക വസ്തു നിയമപ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. ലഫ്റ്റനന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത്, വിരമിച്ച മേജര്‍ രമേശ് ഉപാധ്യായ, അജയ് രഹികര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമിര്‍ കുല്‍ക്കര്‍ണി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് വധശിക്ഷയോ ജീവപര്യന്തം തടവോ ലഭിച്ചേക്കും. അഭിനവ് ഭാരത് എന്ന സംഘടനയാണ് ഭീകരവാദം വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെ ആക്രമണം സംഘടിപ്പിച്ചതെന്നാണ് കുറ്റപത്രത്തിലുള്ളത്. ദബോല്‍ക്കര്‍, പന്‍സാരെ, ഗൗരി ലങ്കേശ് എന്നിവരെ കൊലപ്പെടുത്തിയ കേസിലും പ്രതിസ്ഥാനത്തുള്ള തീവ്ര ഹിന്ദുത്വ സംഘടനയാണ് അഭിനവ് ഭാരത്. ഇത്തരം ഗൗരവമുള്ള കേസില്‍ പ്രതിയായിരിക്കെ തന്നെയാണ് ബി.ജെ.പി ഭോപ്പാലില്‍ അവരെ സ്ഥാനാര്‍ഥിയാക്കിയത്. യു.പി.എ കാലത്ത് ഹിന്ദുത്വ ആക്രമണങ്ങള്‍ക്കെതിരേ പതിവായി പ്രതികരിച്ചുവന്ന ദിഗ് വിജയ് സിങ്ങായിരുന്നു എതിര്‍ സ്ഥാനാര്‍ഥി. പ്രജ്ഞാ സിങ് പാവമാണെന്നും ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്താന്‍ ദിഗ് വിജയ് സിങ്ങും അദ്ദേഹത്തിന്റെ കോണ്‍ഗ്രസും കേസ് കെട്ടിച്ചമച്ചതാണെന്നുമുള്ള ബി.ജെ.പിയുടെ പ്രചാരണത്തിനൊടുവില്‍ നാലുലക്ഷത്തോളം വോട്ടുകള്‍ക്കാണ് ഭോപ്പാലുകാര്‍ പ്രജ്ഞയെ വിജയിപ്പിച്ചത്.
ജാമ്യത്തിലിറങ്ങിയതോടെ പതിവായി വീല്‍ചെയറിലായിരുന്നു പ്രജ്ഞയുടെ സഞ്ചാരം. അനാരോഗ്യം ചൂണ്ടിക്കാട്ടി കോടതിയില്‍ നേരിട്ട് ഹാജരാവുന്നതിലും അവര്‍ ഇളവ് നേടിയെടുത്തു. ഇങ്ങനെ പരസഹായമില്ലാതെ എണീറ്റുനില്‍ക്കാന്‍ പോലും വയ്യെന്നു വാദിച്ച് ഇളവ് നേടിയെടുത്ത പ്രജ്ഞാ സിങ് പക്ഷേ ബാസ്‌കറ്റ് ബോള്‍ കളിക്കുന്നതിന്റെയും വിവാഹചടങ്ങില്‍ നൃത്തംവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവരികയുണ്ടായി. ഭോപ്പാലിലെ പ്രജ്ഞയുടെ വസതിയില്‍ നടന്ന വിവാഹാഘോഷത്തിലായിരുന്നു പ്രജ്ഞയുടെ നൃത്തം. നൃത്തം ചെയ്തുകൊണ്ടിരുന്ന അവര്‍ കാണികളോട് കൂടെ ചേരാനും നിര്‍ദേശം നല്‍കുന്നുണ്ട്.
യു.എ.പി.എ ഉയര്‍ത്തുന്ന ചോദ്യം
നരേന്ദ്ര മോദി കേന്ദ്രത്തില്‍ അധികാരത്തിലേറി ഒരു വര്‍ഷം കഴിഞ്ഞ്, അതായത് 2015നും 2019നും ഇടയ്ക്കുള്ള നാലു വര്‍ഷത്തിനിടെ ഇന്ത്യയിലാകെ യു.എ.പി.എ വകുപ്പ് പ്രകാരം 7,840 അറസ്റ്റുകളാണ് ഉണ്ടായത്. ഇവരില്‍ ബഹുഭൂരിഭാഗവും ആദിവാസികളും മുസ്‌ലിംകളും ദലിതുകളുമാണ്. 7,840 പേരില്‍ 155 പേര്‍ മാത്രമാണ് കുറ്റക്കാരെന്നു കണ്ടെത്തിയവര്‍. അതായത് രണ്ടു ശതമാനം മാത്രം. ബാക്കി 98 ശതമാനം പേരെയും ഭരണകൂടം ഭീകരരായി മുദ്രകുത്തി തടവിലിട്ടുവെന്ന് അര്‍ഥം. ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന തത്വം നീതിന്യായ സംവിധാനത്തിന്റെ മൗലികതത്വമായി അംഗീകരിച്ച ഒരു രാജ്യത്താണ് ഇവ്വിധം അനീതി നടമാടുന്നത്. ഈ യു.എ.പി.എയുടെ അവസാന ഇരയാണ് സ്വാമി. 'ശല്യക്കാരെ' അടിച്ചമര്‍ത്താനും വായ് മൂടിക്കെട്ടാനും ബ്രിട്ടിഷ് കാലം മുതല്‍ തന്നെ വിവിധ കരിനിമയങ്ങളുണ്ട്. ബ്രിട്ടിഷ് രാജിന് കീഴില്‍ റൗലറ്റ് ആക്ട് ആയിരുന്നു എങ്കില്‍ ജനാധിപത്യ ഇന്ത്യയില്‍ ടാഡ, പോട്ട നിയമങ്ങളുടെ തുടര്‍ച്ചയായുണ്ടായ ഭീകരനിയമമാണ് യു.എ.പി.എ.
ബാക്കിയായ ചോദ്യങ്ങള്‍
സ്റ്റാന്‍ സ്വാമിയുടെ മരണത്തോടെ പ്രധാനമായും മൂന്നു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഭരണകൂടത്തിന് ബാധ്യതയുണ്ട്. യു.എ.പി.എയും രാജ്യദ്രോഹവും ചുമത്തി ജയിലിലടക്കേണ്ട ഒരു ക്രിമിനല്‍ കുറ്റം സ്റ്റാന്‍ സ്വാമി ചെയ്തിട്ടുണ്ടോ? അല്ലെങ്കില്‍ 84ാം വയസില്‍ അനാരോഗ്യം അവഗണിച്ച് ജാമ്യം നിഷേധിച്ച് തടവില്‍വയ്ക്കാന്‍ മാത്രം ക്രിമിനലായിരുന്നോ അദ്ദേഹമെന്നതാണ് ഒന്നാമത്തെ ചോദ്യം. ഏഴുവര്‍ഷത്തിലധികം ശിക്ഷലഭിക്കേണ്ട വലിയ കുറ്റകൃത്യമല്ലാത്ത കേസുകളില്‍ ജയില്‍ശിക്ഷയനുഭവിക്കുന്ന തടവുകാര്‍ക്ക് കൊവിഡ് പരിഗണിച്ച് പരോള്‍ അനുവദിക്കുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രിംകോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. കൊവിഡ് ഒന്നാം വ്യാപന സമയത്തെ നിര്‍ദേശം രണ്ടാം തരംഗത്തിന്റെ തുടക്കത്തിലും സുപ്രിംകോടതി ആവര്‍ത്തിക്കുകയുണ്ടായി. ഈ നിര്‍ദേശം നിലനില്‍ക്കെ തന്നെ സ്വാമിക്ക് കൊവിഡ് ബാധിച്ചു. പരോളോ സ്ഥിരം ജാമ്യമോ നല്‍കിയില്ലെങ്കിലും മറ്റെവിടേക്കെങ്കിലും മാറ്റാമായിരുന്നു. ജയില്‍ ചാടുക പോലുള്ള കൃത്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നുണ്ടാവില്ലെന്ന് ഉറപ്പുമായിരുന്നു.
ജയില്‍ അന്തേവാസികളുടെ ആരോഗ്യ കാര്യത്തില്‍ സൂപ്രണ്ടിനും മറ്റു ജീവനക്കാര്‍ക്കുമുള്ള ഉത്തരവാദിത്വം അവര്‍ പാലിക്കാത്തതു സംബന്ധിച്ചാണ് രണ്ടാമത്തെ ചോദ്യം. തടവുകാരില്‍ രോഗികളുണ്ടെങ്കില്‍ മതിയായ ചികിത്സ ജയിലില്‍ വച്ച് തന്നെ ലഭ്യമാക്കണം. ഇനി ജയിലിനുള്ളിലോ ജയില്‍ സ്ഥിതിചെയ്യുന്ന പട്ടണത്തിലോ മതിയായ ചികിത്സ ലഭ്യമല്ലെങ്കില്‍ രോഗിക്കാവശ്യമായ ചികിത്സ ലഭിക്കുന്ന സ്ഥലത്തേക്ക് എത്തിക്കാന്‍ സൗകര്യം ഒരുക്കണം. അതിന് കോടതിയുടെ ഭാഗത്തുനിന്നുള്ള അനുമതി ലഭിക്കുവോളം കാത്തിരിക്കണമെന്നില്ല. ഇക്കാര്യത്തിലും ജയിലധികൃതരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായി.
മൂന്നാമത്തെ ചോദ്യം ജുഡിഷ്യറിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച സംബന്ധിച്ചാണ്. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി സ്റ്റാന്‍ സ്വാമി ജാമ്യം ചോദിച്ചെങ്കിലും വിചാരണക്കോടതി അതു നിരസിച്ചു. അവസാനം കേസ് ഹൈക്കോടതിയിലെത്തുമ്പോള്‍ അദ്ദേഹം വെന്റിലേറ്ററില്‍ ഊര്‍ധ്വശ്വാസം വലിച്ചുകിടക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."