ന്യൂനപക്ഷ പദ്ധതികള്‍ ഹിന്ദു അവകാശങ്ങള്‍ ഹനിക്കുന്നതല്ലെന്ന് കേന്ദ്രം സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: ന്യൂനപക്ഷ മതവിഭാഗങ്ങളുടെ ക്ഷേമത്തിനായി നടപ്പാക്കുന്ന പദ്ധതികള്‍ ഹിന്ദുക്കളുടെ അവകാശങ്ങള്‍ ഹനിക്കുന്നതോ തുല്യതയ്‌ക്കെതിരായതോ അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രിംകോടതിയില്‍.
1992ലെ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഹരജി തള്ളണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട എല്ലാവര്‍ക്കും ക്ഷേമപദ്ധതികളുടെ അനൂകൂല്യം ലഭിക്കില്ല. സാമ്പത്തികവും സാമൂഹികവുമായി പിന്നോക്കാവസ്ഥയിലുള്ളവര്‍ക്കും സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയവര്‍ക്കുമാണ് പദ്ധതികളുള്ളത്. അസമത്വം ഒഴിവാക്കാനും ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ടവരുടെ വിദ്യാഭ്യാസവും തൊഴില്‍പരവുമായ ഉന്നമനം ലക്ഷ്യമിട്ടുമാണ് ക്ഷേമപദ്ധതികള്‍ നടപ്പാക്കുന്നത്.
ഈ പദ്ധതികള്‍ക്കു ഭരണഘടനാപരമായ സാധുതയുണ്ട്. ഇതുകൊണ്ട് മറ്റൊരു വിഭാഗത്തിനും പ്രയാസമുണ്ടാകുന്നില്ല. അവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നുമില്ലെന്നും കേന്ദ്രം വ്യക്തമാക്കി. ഹിന്ദുമത വിഭാഗത്തില്‍ ജനിച്ചതിനാല്‍ വിവേചനം നേരിടുന്നതായി ആരോപിച്ച് നീരജ്ശങ്കര്‍ സക്‌സേനയെന്ന വ്യക്തിയും മറ്റ് അഞ്ചുപേരുമാണ് സുപ്രിംകോടതിയെ സമീപിച്ചത്. വഖഫ് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങള്‍ ഹിന്ദുക്കളുടെ മഠങ്ങള്‍, അഖാഡകള്‍, ട്രസ്റ്റുകള്‍ എന്നിവയ്ക്ക് ലഭിക്കുന്നില്ലെന്നും ഹരജിക്കാര്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങള്‍ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണെന്ന ഹരജിക്കാരുടെ വാദവും അടിസ്ഥാനമില്ലാത്തതാണെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. സാമൂഹിക, സാമ്പത്തിക പിന്നോക്കാവസ്ഥ കണ്ടെത്താന്‍ ദേശീയ പിന്നോക്ക കമ്മിഷനുള്ളതിനാല്‍ ദേശീയ ന്യൂനപക്ഷ കമ്മിഷന്‍ നിയമം വേണ്ടതില്ലെന്ന ആവശ്യം തള്ളണമെന്നും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ രോഹിങ്ടണ്‍ നരിമാന്‍, രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."