വാർധക്യം അവഗണിക്കപ്പെടുമ്പോൾ
അഡ്വ. ടി.പി.എ നസീർ
പ്രായമാവുക എന്നത് ജീവിതത്തിലെ അനിവാര്യ ശാരീരിക മാറ്റമാണ്. വാർധക്യത്തിന്റെ മുന്നൊരുക്കങ്ങളിൽ പ്രധാനം മനസുകൊണ്ട് വാർധക്യത്തെ ഉൾക്കൊള്ളുകയും മനസിനെ വാർധക്യം പിടികൂടാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുകയെന്നതാണ്. സ്വപ്നങ്ങൾക്ക് അതിരുകൾ വരക്കപ്പെടുന്നുണ്ടെങ്കിലും വാർധക്യം ജീവിതത്തിൽ നിന്നുള്ള പുറംതള്ളലുകളല്ല. ജീവിതത്തോട് ചേർന്നുനിൽക്കുന്ന ആയുസിന്റെ നിയതമായ ഒഴുക്കും ജീവിത കഥയുടെ ക്ലൈമാക്‌സുമാണ്. വിശ്രമമില്ലാതെ ദുരിതങ്ങളും ത്യാഗങ്ങളും സഹിച്ച് നമ്മുടെ ജീവിതത്തിന്റെ കുതിപ്പിനും കിതപ്പിനും സാക്ഷിയായി കാലത്തോടൊപ്പം പൊരുതി നടന്നവരാണവർ. താൻ ആർക്കു വേണ്ടിയായിരുന്നോ ജീവിച്ചതും മിച്ചംവച്ചതും അവരൊക്കെ വാർധക്യകാലത്ത് തനിക്കൊപ്പമുണ്ടാവുകയെന്നത് വാർധക്യ സഹച ആഗ്രഹമാണ്. പക്ഷേ സ്വാർഥതയും വെറുപ്പും വിദ്വേഷവും നിറഞ്ഞ കുടുംബ, സാമൂഹ്യ പശ്ചാത്തലത്തിൽ ഇന്ന് ഏറ്റവും വേദനിക്കുന്നതും വാർധക്യമാണ്.
വൃദ്ധസദനത്തിലെ കാത്തിരിപ്പു ബെഞ്ചിൽ തന്റെ പ്രിയപ്പെട്ടവരുടെ വരവും കാത്ത് കണ്ണിമ ചിമ്മാതെ കാത്തിരിക്കുന്ന, മക്കളുണ്ടായിട്ടും അനാഥരാക്കപ്പെട്ട വാർധക്യത്തിന്റെ വിലാപവും കണ്ണുനീരും നമ്മെ വല്ലാതെ അസ്വസ്ഥമാക്കേണ്ടതുണ്ട്. വാർധക്യം പല കുടുംബങ്ങളിലേയും ബാധ്യതയായി മാറുന്ന ഇക്കാലത്ത് വാർധക്യത്തിന്റെ ഭാവ പകർച്ചകളെ ഉൾക്കൊള്ളാൻ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ബാധ്യതകൾ നിറഞ്ഞ ശരിയായ സമീപനങ്ങൾ ഉറ്റവരിൽ നിന്നുണ്ടാവാതെ പോവുന്നത് കുടുംബ മൂല്യങ്ങളും ജീവിത കാഴ്ചപ്പാടുകളും മാറിക്കൊണ്ടിരിക്കുന്ന അണുകുടുംബ വ്യവസ്ഥയിലെ നിത്യ കാഴ്ചയായി മാറുകയാണ്. രക്തബന്ധങ്ങൾക്കും മാനുഷിക മൂല്യങ്ങൾക്കും വില കൽപ്പിക്കാത്ത ജീവിത കാഴ്ചപ്പാടുകളാണ് വാർധക്യത്തെ വേണ്ട രീതിയിൽ ശ്രുശ്രൂഷിക്കാതെ പോവുന്നത്. എന്നാൽ ഇത്തരത്തിലുള്ള ജീവിത സാഹചര്യം പുതിയ തലമുറയിൽ ഉരിത്തിരിഞ്ഞുവരുന്നതിൽ രക്ഷിതാക്കളുടെ ഭാഗത്തുനിന്നുള്ള വീഴ്ചകളും ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. കുടുംബങ്ങളിൽ രക്ഷിതാക്കൾക്കിടയിലെ അനൈക്യവും സ്‌നേഹമില്ലായ്മയും മുതിർന്നവരോടുള്ള സമീപനവുമൊക്കെ നമ്മുടെ ഇന്നത്തെ തലമുറയെ കൃത്യമായി സ്വാധീനിക്കപ്പെടുന്നുണ്ട്.
വാർധക്യകാല ആകുലതകളും ഒറ്റപ്പെടലുകളും പങ്കുവയ്ക്കാനായി ആരുമില്ലാതാവുമ്പോൾ ജീവിത സായാഹ്നത്തിൽ നിരാശ ബാധിച്ച് വിഷാദമുൾപ്പെടെയുള്ള മാനസിക പ്രശ്‌നങ്ങളിലേക്ക് വഴുതി വീണുകൊണ്ടിരിക്കുകയാണ് പ്രായമായവരിൽ പലരും! സാമ്പത്തിക ഭദ്രതയില്ലാത്ത ജീവിത സാഹചര്യങ്ങൾ, ഒറ്റപ്പെടൽ, താനുദ്ദേശിച്ചതു പോലെ ഇഷ്ടകാര്യങ്ങൾ തുടർന്നും ചെയ്യാനുള്ള സ്വാതന്ത്ര്യം നഷ്ടമാവുക, ജീവിതത്തിൽ നിയന്ത്രണങ്ങൾ കടന്നുവരിക, ജീവിതം കൈയിൽ നിന്ന് വഴുതിപ്പോയിരിക്കുന്നുവെന്ന തോന്നലുകൾ തുടങ്ങിയവ വാർധക്യത്തെ കടുത്ത നിരാശയിലേക്കും മാനസിക സംഘർഷങ്ങളിലേക്കുമെത്തിക്കുന്നു. രോഗഭയവും ബന്ധുക്കളിൽ നിന്നുള്ള അകറ്റിനിർത്തലുകളും കാഴ്ചയും കേൾവിയും നഷ്ടമാവലും ആവശ്യത്തിനനുസരിച്ച് സാമ്പത്തിക വരുമാനമില്ലാത്തതുംഉറ്റവരുടെ മരണവും വാർധക്യ വിഷാദങ്ങൾക്ക് ആക്കം കൂട്ടുന്ന പ്രധാന കാരണങ്ങളാണ്.
പ്രായമായവരെ കേൾക്കുകയും അവരെ തങ്ങളിലേക്ക് അടുപ്പിച്ചുനിർത്തി ഒന്ന് തലോടാനും കെട്ടിപ്പിടിക്കാനും ചേർന്നിരിക്കാനും സമയം കണ്ടെത്തുകയും ചെയ്യുമ്പോഴാണ് സ്‌നേഹപരിചരണത്തെ അവർ തൊട്ടറിയുന്നത്. മക്കളുടെ ആരോഗ്യപ്രശ്‌നങ്ങളിലും ഭാവിയെക്കുറിച്ചും നാം കാണിക്കുന്ന വെപ്രാളവും ആകുലതയും സ്വന്തം രക്ഷിതാക്കളുടെ കാര്യത്തിൽ പലപ്പോഴും കുടുംബാംഗങ്ങൾ കാണിക്കുന്നില്ലെന്നത് യാഥാർഥ്യമാണ്. തങ്ങൾക്ക് വേണ്ടി ജീവിതം മറന്നുപോയ രക്ഷിതാക്കളെ അവർ ജീവിച്ചിരിക്കുമ്പോൾ തന്നെ നാം മറന്നു പോവുകയെന്നത് വേദനാജനകമാണ്. വൃദ്ധരായ മാതാപിതാക്കളുടെ പരിചരണത്തിൽ ഏതെങ്കിലും വിധത്തിലുള്ള വീഴ്ച കുടുംബാന്തരീക്ഷത്തിലുണ്ടാവുമ്പോൾ അത് തിരുത്തുന്നതിനും അവരുടെ ആവശ്യങ്ങൾ സൂക്ഷ്മമായി തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നതിനും സ്ത്രീകളായ കുടുംബാംഗങ്ങൾക്ക് വിശേഷിച്ചും മരുമക്കളായ ഭാര്യമാർക്ക് വലിയ ഉത്തരവാദിത്വമുണ്ട്. കുടുംബാംഗങ്ങൾക്കിടയിലെ സ്‌നേഹത്തിന്റെയും സൗഹാർദത്തിന്റെയും ഇഴയടുപ്പം തകരാതെ സൂക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയും ക്ഷമയും വൈകാരിക ആത്മബന്ധങ്ങളും സഹന മനസ്സുമൊക്കെ അതിപ്രധാനമാണ്. ചില വീടുകളിൽ രക്ഷിതാക്കളെ അമിതമായി സ്‌നേഹിക്കുന്ന ഭർത്താവിനെതിരേ പരിഭവം പറയുന്ന ഭാര്യമാരെയും നമുക്ക് കാണാൻ കഴിയും. വൃദ്ധരായ മാതാപിതാക്കളുടെ ഭാഗത്തുനിന്ന് കഴിഞ്ഞകാലത്ത് തങ്ങൾക്കുണ്ടായ മോശപ്പെട്ട അനുഭവങ്ങളുടെ പേരിൽ വാർധക്യകാലത്ത് അവരോട് തിരിച്ച് മോശമായി പെരുമാറുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളും നമുക്കിടയിൽ വിരളമല്ല.
പ്രായമാവുകയെന്നാൽ രോഗബാധിതമാവുകയാണന്നും മറ്റുള്ളവരുടെ സംരക്ഷണത്തിലേക്ക് എടുത്തെറിയപ്പെടുകയാണെന്നുമുള്ള ധാരണ മാറ്റേണ്ടതുണ്ട്. രോഗാതുരത വർധക്യത്തിന്റെ പര്യായമല്ല. വാർധക്യകാലത്ത് സ്വന്തം വീടുകളിൽ ചടഞ്ഞുകൂടാതെ ബന്ധുക്കളുടേയും മറ്റ് അടുപ്പമുള്ള ഇടങ്ങളിലേക്കുമൊക്കെ യാത്ര പോവുന്നതും പ്രായമായവരുടെ കൂട്ടായ്മകളിൽ സജീവമാകുന്നതും ആത്മീയ, ജീവകാരുണ്യ മേഖലയിൽ പ്രവർത്തിക്കുന്നതുമൊക്കെ മനസ്സിന് ഊഷ്മളതയും സന്തോഷം നൽകുന്ന കാര്യങ്ങളാണ്. ചില കുടുംബങ്ങളിൽ ഒരു മകന്റെ വീട്ടിൽ നിന്ന് മറ്റൊരു മകന്റെ വീട്ടിലേക്ക് കയറി വരുന്ന വൃദ്ധരായ മാതാപിതാക്കൾ അധികനാൾ തങ്ങുമോയെന്ന ഉൾഭയത്തോടെ അവരെ സ്വീകരിക്കുന്നതും നമ്മൾ കാണുന്നു! വീട്ടിൽ നിന്ന് അച്ഛനമ്മമാർ മറ്റു ബന്ധുക്കളുടെ അടുത്തേക്ക് പോവുമ്പോൾ വീടുകളിൽ ആഘോഷമാക്കുന്നവരും വിരളമല്ല. വാർധക്യത്തോട് ഇത്തരത്തിലുള്ള സമീപനം സ്വീകരിക്കുന്നവർ ഭാവിയിൽ തങ്ങൾക്ക് ഇതേ ഗതി വന്നാലുണ്ടാവുന്ന അവസ്ഥയെക്കുറിച്ച് ചിന്തിക്കുന്നത് നല്ലതാണ്. വാർധക്യകാല ഒറ്റപ്പെടലുകളെ കൂടുതൽ ശക്തമാക്കുന്നത് അവഗണനയാണ്. മൂല്യമില്ലാത്ത നാണയം പോലെ വാർധക്യം ബാധിച്ചവരെ മാറ്റിനിർത്തുന്നത് വേദനാജനകമാണ്. വീട്ടിലെ പ്രധാന ആഘോഷങ്ങളിൽ നിന്നും ചടങ്ങുകളിൽ നിന്നും അവരെ ബോധപൂർവം മാറ്റിനിർത്തുന്നത് മാപ്പർഹിക്കാത്ത പ്രവൃത്തിയാണ്. ഇത്തരത്തിലുള്ള അകറ്റിനിർത്തലിലൂടെ തങ്ങളാണ് സമൂഹത്തിൽ നിന്നും ബന്ധുക്കളിൽ നിന്നും മാനസികമായി അകറ്റിനിർത്തപ്പെടുന്നതെന്ന് ഓർമിക്കേണ്ടതുണ്ട്. വാർധക്യത്തിന്റെ ബലഹീനതയെക്കാൾ വിവേകമുണ്ടെന്ന് നടിക്കുന്നവരുടെ അവിവേകമാണ് ഇവിടെ ഇത്തരം പ്രവൃത്തികളിലൂടെ ശ്രദ്ധിക്കപ്പെടുന്നത്!
വാർധക്യത്തോടുള്ള സമീപനം ബാധ്യതയായി കാണാതെ കടമയായി കുടുംബം ഉൾക്കൊള്ളുമ്പോഴാണ് നമുക്കിടയിൽ പ്രായമായവർ ഏറ്റവും സുരക്ഷിതരായിരിക്കുന്നത്.വാർധക്യത്തെ ഒരു രോഗമായി കാണാതെ അനിവാര്യമായ ശാരീരിക മാറ്റമെന്ന നിലയിൽ ഉൾക്കൊള്ളാൻ നമുക്ക് കഴിയണം. പ്രായത്തിന്റെ ഈ സായാഹ്ന ഘട്ടത്തെ കാരുണ്യത്തിന്റേയും ക്ഷമയുടേയും സ്‌നേഹമസൃണമായ ഭാഷയിലൂടെ കൂട്ടിപ്പിടിക്കാനും പരിചരിക്കാനും നമ്മൾക്ക് സാധിക്കണം. വാർധക്യം നമ്മളിൽ ഓരോരുത്തർക്കും നടന്നുപോവേണ്ട വഴിയാണന്ന തിരിച്ചറിവ് എപ്പോഴുമുണ്ടാവണം. കണക്കുകളും കടപ്പാടിന്റെയും കഥകളേക്കാൾ അവർ നമ്മളെ പരിചരിച്ചു വളർത്തിതുപോലെ കാലത്തിന്റെ ഒഴുക്കിൽ ക്ഷീണിച്ചുപോയ അവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുമ്പോഴാണ് വാർധക്യത്തോടുള്ള സാമൂഹ്യ ഉത്തരവാദിത്വം നിറവേറ്റപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."