കേന്ദ്ര മന്ത്രി സഭയിലെ ന്യൂനപക്ഷ വകുപ്പ് ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ കരുക്കള്‍ നീക്കുന്നു- റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയിലെ ന്യൂനപക്ഷ വകുപ്പ് ഇല്ലാതാക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. ന്യൂനപക്ഷ വകുപ്പിനെ സാമൂഹികനീതിശാക്തീകരണ വകുപ്പിന് കീഴിലേക്ക് ലയിപ്പിക്കാനാണ് നീക്കം. ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി 2006ല്‍ യു.പി.എ ഭരണകാലത്ത് ആരംഭിച്ച വകുപ്പാണ് മോദി സര്‍ക്കാറിന് കീഴില്‍ നിര്‍ത്തലാക്കാനുള്ള നീക്കം നടക്കുന്നത്.
ഡെക്കാന്‍ ഹെറാള്‍ഡ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ലയനത്തിനു ശേഷവും മന്ത്രാലയം നടപ്പാക്കുന്ന എല്ലാ പദ്ധതികളും തുടരും. അതേസമയം, മന്ത്രാലയ വൃത്തങ്ങള്‍ റിപ്പോര്‍ട്ടില്‍ പ്രതികരിച്ചിട്ടില്ല.
ന്യൂനപക്ഷകാര്യങ്ങള്‍ക്ക് സ്വതന്ത്ര മന്ത്രിസഭയുടെ ആവശ്യമില്ലെന്നാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാറിന്റെ നിലപാട്. യുപിഎയുടെ പ്രീണന നയത്തിന്റെ ഭാഗമായാണ് മന്ത്രിസഭ രൂപീകരിച്ചതെന്നും കേന്ദ്രം വിലയിരുത്തുന്നു. ന്യൂനപക്ഷ മന്ത്രാലയത്തെ സാമൂഹിക നീതി മന്ത്രാലയത്തിന് കീഴിലെ ഒരു വകുപ്പ് മാത്രമാക്കി മാറ്റാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ സൂചിപ്പിച്ചതായി ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തി രംഗത്തെത്തിയിട്ടുണ്ട്. സമൂഹത്തില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ന്യൂനപക്ഷ മന്ത്രാലയത്തെ ഇല്ലാതാക്കുന്നതെന്ന് രാജ്യസഭയിലെ കോണ്‍ഗ്രസ് എം.പി സയ്യിദ് നസീര്‍ ഹുസൈന്‍ ആരോപിച്ചു.
'ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും വേണ്ടിയാണ് പ്രത്യേക മന്ത്രാലയം യു.പി.എ സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. എന്നാല്‍, രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ബി.ജെ.പി സര്‍ക്കാര്‍ ഈ വകുപ്പിനെ ഇല്ലാതാക്കാന്‍ ശ്രമം നടത്തുന്നത്' അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ന്യൂനപക്ഷങ്ങളായ മുസ്‌ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, ജൈന വിഭാഗങ്ങള്‍ക്കായി പ്രത്യേകം ശ്രദ്ധ നല്‍കി പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ച് നടപ്പാക്കുകയായിരുന്നു യു.പി.എ സര്‍ക്കാര്‍ ലക്ഷ്യമിട്ടിരുന്നത്. തുടര്‍ന്ന്, സാമൂഹികനീതി മന്ത്രാലയത്തില്‍ നിന്ന് ന്യൂനപക്ഷ വകുപ്പിനെ വേര്‍തിരിച്ച് പ്രത്യേകം മന്ത്രാലയത്തിന് രൂപം നല്‍കുകയായിരുന്നു- അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനയുടെ അന്ത:സത്തക്ക് വിരുദ്ധമാണ് ന്യൂനപക്ഷ മന്ത്രാലയത്തെ ഇല്ലാതാക്കാനുള്ള നീക്കമെന്ന് സയ്യിദ് തന്‍വീര്‍ അഹമ്മദ് പറഞ്ഞു. ഇത് രാജ്യത്തിന്റെ മാനവവികസന സൂചികയെ തന്നെ ബാധിക്കും. കൂടുതല്‍ പദ്ധതികളും ആനുകൂല്യങ്ങളും അനുവദിച്ച് ന്യൂനപക്ഷ ക്ഷേമം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രിയായിരുന്ന മുഖ്താര്‍ അബ്ബാസ് നഖ്‌വി കഴിഞ്ഞ ജൂലൈയില്‍ രാജ്യസഭ കാലാവധി പൂര്‍ത്തിയാക്കി രാജിവെച്ചതിന് ശേഷം വകുപ്പിന് പുതിയ മന്ത്രിയെ നിയോഗിച്ചിരുന്നില്ല. പകരം, ശിശുവികസന വനിതാ ക്ഷേമ വകുപ്പ് മന്ത്രിയായ സ്മൃതി ഇറാനിക്ക് ന്യൂനപക്ഷ മന്ത്രാലയത്തിന്റെ ചുമതല കൂടി നല്‍കുകയായിരുന്നു. മുഖ്താര്‍ അബ്ബാസ് നഖ്‌വി മന്ത്രി സ്ഥാനം ഒഴിഞ്ഞതോടെ കേന്ദ്ര മന്ത്രിസഭയില്‍ ന്യൂനപക്ഷ പ്രാതിനിധ്യം ഇല്ലാതായിരിക്കുകയാണ്. മോദി സര്‍ക്കാറിലെ ഒരേഒരു മുസ്‌ലിം മുഖമായിരുന്നു നഖ്‌വി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."