തെരുവ് നായക്ക് അഭയം നല്കി കല്യാണി അമ്മ
മേപ്പാടി: നാട്ടിലാകെ തെരുവു നായകള്‍ അക്രമകാരികളായി മാറുമ്പോള്‍ ഒരു കുടുംബത്തിന്റെ ആരോമലായി മാറുകയാണ് വാഹനാപകടത്തില്‍ പരുക്കേറ്റ തെരുവ് നായ. മേപ്പാടി പഞ്ചായത്ത് ഓഫിസിന് സമീപം താമസിക്കുന്ന കെ.ജി നിവാസില്‍ കല്യാണി അമ്മയാണ് തെരുവ് നായക്ക് അഭയം നല്‍കിയത്. എട്ടു വര്‍ഷം മുന്‍പാണ് വാഹനാപകടത്തില്‍ പരുക്കേറ്റ് പ്രാണന് വേണ്ടി പിടയുന്ന അവസ്ഥയില്‍ കല്യാണിയമ്മ തെരുവുനായയെ കാണുന്നത്.
ഉടന്‍ തന്നെ പട്ടിയെ റോഡരികിലേക്ക് മാറ്റി കിടത്തി പരിചരിച്ചു ഭക്ഷണം നല്കി. ദിവസങ്ങള്‍ക്കുള്ളില്‍ ശരീരത്തിലെ മുറിവില്‍ പുഴുവും ദുര്‍ഗന്ധവും വമിക്കാന്‍ തുടങ്ങി. നാട്ടുകാര്‍ നായയെ കൊല്ലാന്‍ നോക്കിയപ്പോള്‍ കല്യാണി അമ്മ സ്നേഹത്തോടെ കോരിയെടുത്ത് വീട്ടില്‍ കൊണ്ടുപോയി ചികിത്സ നല്കി.
മാസങ്ങള്‍ക്കുള്ളില്‍ നായയുടെ മുറുവുണങ്ങി. എന്നാല്‍ രണ്ട് പിന്‍കാലുകളുടെ ചലന ശേഷി നഷ്ടപ്പെട്ട് മൂന്കാലുകളിലൂന്നിയാണ് ഇപ്പോള്‍ നടത്തം. തന്റെ ജീവന് രക്ഷിച്ച കല്യാണിയമ്മയെ വിട്ടു പോകാന്‍ തയാറാവാത്ത നായ ഇപ്പോള്‍ വീട്ടുകാരുടെ ആരോമലാണ്. ഞൊണ്ടിയെന്നാണ് നായക്കു പേരിട്ടിരിക്കുന്നത്. കല്യാണിയമ്മയുടെ വിളി കേട്ടാല്‍ എവിടെയുണ്ടെങ്കിലും നായ ഓടിയെത്തും. കല്യാണിയമ്മ എവിടെ പോവുകയാണങ്കിലും നായയും കൂടെയുണ്ടാവും. തെരുവ് നായക്ക് നല്കിയ അഭയത്തിലൂടെ മനുഷ്യന് സഹജീവികളോടുള്ള കടപ്പാട് ഓര്‍മ്മപ്പെടുത്തകയാണ് കല്യാണി അമ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."