നിപ; തലസ്ഥാനത്ത് ആശ്വാസം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ഫലം നെഗറ്റീവ്
നിപ; തലസ്ഥാനത്ത് ആശ്വാസം; മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരം: തലസ്ഥാനത്ത് നിപ രോഗം സംശയിച്ച് ആശുപത്രിയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുടെ ഫലം നെഗറ്റീവായി. കഴിഞ്ഞ ദിവസം ശക്തമായ പനിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിയ ഡെന്റല്‍ വിദ്യാര്‍ഥിയുടെ നിപ പരിശോധന ഫലമാണ് നെഗറ്റീവായത്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ സ്രവ പരിശോധനയിലാണ് കുട്ടിക്ക് നിപ ആശങ്കയില്ലെന്ന് കണ്ടെത്തിയത്. കോഴിക്കോട് ജില്ലയില്‍ നിപ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തൊട്ടാകെ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ തലസ്ഥാനത്ത് രോഗ ലക്ഷണങ്ങളോടെ വിദ്യാര്‍ഥി നിരീക്ഷണത്തിലായത് വലിയ ആശങ്കക്ക് വഴിവെച്ചിരുന്നു. വവ്വാല് കടിച്ച പഴം കഴിച്ചതായി വിദ്യാര്‍ഥി പറഞ്ഞിരുന്നു.
അതേസമയം തലസ്ഥാനത്ത് ആശ്വാസമായെങ്കിലും കോഴിക്കോട് സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇതുവരെ അഞ്ച് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ രണ്ട് പേര് മരണപ്പെടുകയും മൂന്ന് പേര് ചികിത്സയില്‍ തുടരുകയുമാണ്. ചികിത്സയിലുള്ള ഒരാളുടെ നില മെച്ചപ്പെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഒന്‍പത് വയസുള്ള മറ്റൊരു കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവര്‍ക്ക് ചികിത്സക്കായുള്ള മോണോ ക്ലോണല്‍ ആന്റിബോഡി ഇന്ന് കോഴിക്കോട് എത്തുമെന്നാണ് പ്രതീക്ഷ. നേരത്തെ കോഴിക്കോടിന് പിന്നാലെ മലപ്പുറവും നിപ ആശങ്കയിലാണ്. രോഗ ലക്ഷണങ്ങളോടെ മഞ്ചേരിയില്‍ ഒരാള്‍ നിരീക്ഷണത്തിലാണ്. വിദഗ്ദ പരിശോധനക്കായി കേന്ദ്ര സംഘം ഇന്ന് കോഴിക്കോട്ടെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."