ചാംപ്യൻസ് ലീഗ്; സിറ്റിക്കും റയലിനും ജയത്തുടർച്ച പി.എസ്.ജിക്ക് സമനിലക്കുരുക്ക്
ലണ്ടൻ • ചാംപ്യൻസ് ലീഗിൽ തുടർച്ചയായ മൂന്നാം ജയത്തോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കി പ്രീമിയർ ലീഗ് വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ലാലിഗ ഫേവറിറ്റുകളായ റയൽ മാഡ്രിഡും. അതേസമയം, താരനിരയുള്ള പി.എസ്.ജിയെ ബെൻഫിക്ക പി.എസ്.ജിയെ 1-1ന്റെ സമനിലയിൽ തളച്ചു.
എർലിങ് ഹാളണ്ട് വീണ്ടും ഇരട്ടഗോളുമായി തിളങ്ങിയ മത്സരത്തിലാണ് സിറ്റി എഫ്.സി കോപൻഹേഗനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തുവിട്ടത്. 7, 32 മിനുട്ടുകളിലായിരുന്നു ഹാളണ്ടിന്റെ ഗോൾനേട്ടം. പെനാൽറ്റിയിലൂടെ റിയാദ് മെഹ്‌റസ്, ജൂലിയൻ അൽവാരസ് എന്നിവർ ഓരോ ഗോളും അടിച്ചപ്പോൾ കോപൻഹാഗൻ പ്രതിരോധ താരം ദാവിത് കൊച്ചൊലാവയുടെ സെൽഫ് ഗോളും തുണയായി. ജി ഗ്രൂപ്പിൽ മൂന്ന് കളികളിൽനിന്ന് മൂന്നും ജയിച്ച് സിറ്റിയാണ് ഒന്നാമത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ഡോർട്ട്മുണ്ട് സെവിയ്യയെ 4-1ന് തകർത്തു. റാഫേൽ ഗുറൈറോ, ജ്യൂഡ് ബെല്ലിങ്ഹാം, കരീം അദൈമി, ജൂലിയൻ ബ്രാൻഡറ്റ് എന്നിവരാണ് ഡോർട്ട്മുണ്ടിന്റെ സ്‌കോറർ. ഗ്രൂപ്പിൽ ആറു പോയിന്റോടെ ഡോർട്ട്മുണ്ട് രണ്ടാമതുണ്ട്.
ബെൻഫിക്കക്കെതിരേ പി.എസ്.ജി പന്തടക്കത്തിൽ മുന്നിട്ടുനിന്നെങ്കിലും ഗോളി വ്ളച്ചോഡിമോസിന്റെ തകർപ്പൻ സേവുകളും ഫിനിഷിങ് പോരായ്മയുമാണ് ടീമിന് കൂടുതൽ ഗോളുകൾ നേടുന്നതിൽ വിനയായത്. 22ാം മിനുട്ടിൽ ലയണൽ മെസിയുടെ മിന്നും ഗോളിലൂടെ പി.എസ്.ജിയാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ ആ ആഘോഷത്തിന് 41ാം മിനുട്ട് വരെയെ ആയുസുണ്ടായുള്ളൂ. ഡാനിലോയുടെ സെൽഫ് ഗോൾ പി.എസ്.ജിക്ക് തിരിച്ചടിയായി. പിന്നീട് മെസി, നെയ്മർ, എംബപ്പെ ത്രയം കിണഞ്ഞ് ശ്രമിച്ചിട്ടും വിജയഗോൾ നേടാനായില്ല. ഗ്രൂപ്പ് എച്ചിൽ ഏഴ് പോയിന്റ് വീതമുള്ള ബെൻഫിക്കയും പി.എസ്.ജിയും ഗ്രൂപ്പ് ചാംപ്യൻമാരാവാൻ വേണ്ടിയുള്ള പോരിനാണ്.
ഷാക്തർ ഡൊണെസ്‌കിനെ 2-1ന് തോൽപ്പിച്ചാണ് റയൽ ഗ്രൂപ്പ് എഫിലെ തുടർച്ചയായ മൂന്നാം ജയം അക്കൗണ്ടിലാക്കിയത്. റോഡ്രിഗോ, വിനീഷ്യസ് എന്നിവരുടെ വകയായിരുന്നു റയലിന്റെ ഗോളുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."