മോദിയും കൈവിട്ടു യെദ്യൂരപ്പയ്ക്ക് കണ്ണീര് പടിയിറക്കം
ബംഗളൂരു: പിടിച്ചുനില്ക്കാന് അവസാന നിമിഷം വരെ ശ്രമിച്ചുവെങ്കിലും നരേന്ദ്രമോദിയും ബി.ജെ.പി കേന്ദ്രനേതൃത്വവും കൈവിട്ടതോടെ ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു.
സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തില്‍ കണ്ണീരോടെയായിരുന്നു യെദ്യൂരപ്പയുടെ രാജി പ്രഖ്യാപനം. നാലാം തവണയും കാലാവധി തികയ്ക്കാതെയാണ് മുഖ്യമന്ത്രിക്കസേരയില്‍ നിന്നുള്ള പടിയിറക്കം.
ദക്ഷിണേന്ത്യയില്‍ ആദ്യമായി ബി.ജെ.പിയെ അധികാരത്തിലെത്തിച്ച യെദ്യൂരപ്പക്കെതിരേ കര്‍ണാടകയിലെ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം ഉയര്ന്നുവന്നതോടെയുണ്ടായ പ്രതിസന്ധിയാണ് രാജിയിലെത്തിയത്. ഭരണത്തില്‍ യെദ്യൂരപ്പയുടെ മക്കളടക്കമുള്ള ബന്ധുക്കള്‍ ഇടപെടലുകള്‍ നടത്തിയതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്.
കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ തേടി യെദ്യൂരപ്പ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെയുള്പ്പെടെ കണ്ടെങ്കിലും അവരും കൈവിട്ടു. പിന്നാലെ രാജിവയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എം.എമാരെ കൂറുമാറ്റി എച്ച്.ഡി കുമാരസ്വാമി സര്‍ക്കാരിനെ അട്ടിമറിച്ച് 2019 ജൂലൈയിലാണ് യെദ്യൂരപ്പ നാലാം തവണ മുഖ്യമന്ത്രിയാകുന്നത്.
ഇന്നലെ ഉച്ചയ്ക്ക് ശേഷം രാജിക്കത്ത് ഗവര്‍ണര്‍ തവാര്‍ചന്ദ് ഗെഹ്ലോട്ടിന് കൈമാറി. പകരക്കാരനെ പാര്‍ട്ടി തീരുമാനിക്കുമെന്നും താന്‍ ആരുടെയും പേര് നിര്‍ദേശിച്ചില്ലെന്നും യെദ്യൂരപ്പ പറഞ്ഞു. തന്റെ രാജി കോണ്‍ഗ്രസ്, ജെ.ഡി.എസ് പാര്‍ട്ടികളില്‍ നിന്ന് കൂറുമാറിയെത്തി മന്ത്രിമാരായവരുടെ പദവിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജി സ്വന്തം തീരുമാനമായിരുന്നുവെന്നും ദേശീയ നേതൃത്വത്തില്‍ നിന്ന് ആരും തന്നെ നിര്‍ബന്ധിച്ചില്ലെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. ഏതെങ്കിലും സംസ്ഥാനത്തിന്റെ ഗവര്ണറാകുമോയെന്ന ചോദ്യത്തിന് കര്‍ണാടക വിട്ടുപോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."