കർഷകന് മടുത്തു; ജീവനും വേണ്ട!
നെൽ കർഷകർക്കൊപ്പമാണ് സർക്കാർ എന്ന അവകാശവാദത്തിൽ നെല്ലോളം ആത്മാർഥതയില്ലെന്ന് ഒരിക്കൽകൂടി തെളിഞ്ഞിരിക്കുകയാണ്. നിരവധി പേരെ അന്നമൂട്ടിയ ഒരു മനുഷ്യജീവനാണ്, മനസ്സാക്ഷിയില്ലാത്ത അധികൃതരുടെ ക്രൂരതയ്ക്കിരയായി നഷ്ടമായിരിക്കുന്നത്. നെല്ലുവില മുഴുവനായും കിട്ടാത്തതിനാൽ സാമ്പത്തിക പ്രതിസന്ധിയിലായ അമ്പലപ്പുഴ വടക്ക് വണ്ടാനം നീലക്കാട്ട് ചിറയിൽ കെ.ആർ രാജപ്പൻ എന്ന നെൽകർഷകൻ കഴിഞ്ഞദിവസം ആത്മഹത്യ ചെയ്ത വാർത്ത ആശങ്കയുളവാക്കുന്നതാണ്. സർക്കാരിന്റെ നിലപാടുകൾ മാറ്റുകവഴി ഒഴിവാക്കാമായിരുന്നു ഈ കർഷക ആത്മഹത്യ. നെൽ സംഭരിച്ചതിനുള്ള പണമെല്ലാം തടസമില്ലാതെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തുന്നുണ്ടെന്ന് കഴിഞ്ഞ ദിവസവും കൃഷിമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു. എന്തുകൊണ്ടാണ് രാജപ്പന് പണം കിട്ടാതെ പോയത്? എന്തിനാണ് എൺപത്തിയെട്ടുകാരന് ജീവനൊടുക്കേണ്ടിവന്നത്.
ഇനിയും രാജപ്പൻമാരുടെ ജീവൻ പൊലിയാതിരിക്കണമെങ്കിൽ മേനിപറച്ചിലും അസത്യപ്രചാരണവും ഒഴിവാക്കി സർക്കാർ നെൽപാടത്ത് വിളഞ്ഞുകിടക്കുന്ന ആശങ്കയുടെയും കണ്ണീരിൻ്റെയും യഥാർഥ്യം തിരിച്ചറിയണം. ഉരുളക്കുപ്പേരിപോലുള്ള മറുപടി മാത്രമല്ല കൃഷിമന്ത്രിയിൽനിന്ന് വേണ്ടത്. രാഷ്ട്രീയ എതിരാളികളുടെ വായടപ്പിക്കാൻ ഇതുപകരിച്ചേക്കും. കർഷകന്റെ കണ്ണീരൊപ്പാൻ അതുകൊണ്ടാവില്ല. നെൽകർഷകന്റെ കൂലി വരമ്പത്ത് നൽകാൻ പറ്റിയില്ലെങ്കിലും പണം നൽകുമെന്ന ഉറപ്പിൽ ഇനിയും പതിരരുത്.
അമ്പലപ്പുഴ വടക്ക് നാലുപാടം പാടശേഖരത്തിൽ രാജപ്പന് രണ്ടേക്കറിലും മകൻ പ്രകാശന് ഒരേക്കറിലും നെൽകൃഷിയുണ്ടായിരുന്നു. കൊയ്ത്ത് കഴിഞ്ഞ് ഏപ്രിൽ 28നാണ് നെല്ല് സംഭരിച്ചത്. രാജപ്പന് 1,02,045 രൂപയും മകന് 55,054 രൂപയുമാണ് നെല്ല് വിലയായി കിട്ടേണ്ടത്. മെയ് ആറിന് പാഡി രസീത് ഷീറ്റ് (പി.ആർ.എസ്) ലഭിച്ചു. ഓണത്തിന് മുമ്പായി രാജപ്പന്റെ അക്കൗണ്ടിൽ 28,243 രൂപയും മകന്റെ അക്കൗണ്ടിൽ 15,163 രൂപയും വന്നു. പിന്നെ പണമൊന്നും അക്കൗണ്ടിൽ എത്തിയില്ല.
സിവിൽ സപ്ലൈസ് സംഭരിച്ച നെല്ലിന്റെ പണവും പ്രതീക്ഷിച്ച് രാജപ്പൻ ഇരിക്കുമ്പോഴാണ് കർഷകർക്ക് വിറ്റ നെല്ലിന്റെ പണം കിട്ടുന്നില്ലെന്ന് പരസ്യമായി പറഞ്ഞ ചലച്ചിത്രതാരം ജയസൂര്യ തിരക്കഥ മെനഞ്ഞതാണെന്ന് കൃഷി മന്ത്രി പി. പ്രസാദ് നിയമസഭയിൽ പറഞ്ഞതെന്നോർക്കണം. ഒന്നാം ദിവസം ആ തിരക്കഥയും പടവും പൊട്ടിയെന്നും മന്ത്രി അന്ന് മേനി പറഞ്ഞെങ്കിൽ, ഇന്ന് ആ കഥയിലെ ദുരന്ത കഥാപാത്രമായി മാറിയിരിക്കുകയാണ് രാജപ്പൻ. ജയസൂര്യ രണ്ടു മന്ത്രിമാരുടെ മുഖത്തുനോക്കി പറഞ്ഞത് ഓണമുണ്ണാൻ പണമില്ലാതെ കഴിയുന്ന നെൽകർഷകരുണ്ട് എന്നാണ്. അത് ഒരു വ്യക്തിയിലേക്ക് ചുരുക്കി സർക്കാരും മന്ത്രിയും പ്രതിരോധിച്ചപ്പോൾ മരുന്നുവാങ്ങാൻ പോലും ഗതിയില്ലാതെ, വിറ്റ നെല്ലിന്റെ കാശ് കിട്ടാതെ കഴിയുന്ന രാജപ്പനെപോലുള്ള നെൽകർഷകരുടെ വേദനയും ആശങ്കയും ബോധപൂർവം മറക്കുകയായിരുന്നു. ജീവനൊടുക്കുന്ന ആദ്യ നെൽകർഷകനല്ല രാജപ്പൻ. കഴിഞ്ഞ വർഷവും അപ്പർകുട്ടനാടിന്റെ ഭാഗമായ നിരണത്ത് 52കാരൻ രാജീവ് എന്ന കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. കർഷകരെ കടക്കെണിയിൽ നിന്നു രക്ഷിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് അന്നും കൃഷിമന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒന്നും എങ്ങുമെത്തിയില്ല.
കഴിഞ്ഞ ഫെബ്രുവരിയിലാണ് സിവിൽ സപ്ലൈസ് നെല്ല് സംഭരിക്കാനാരംഭിച്ചത്. ഏഴു മാസമായിട്ടും കർഷകർക്ക് അവർ കടം വാങ്ങി കൃഷിയിറക്കി നൽകിയ വിളവിന് വില നൽകാൻ സർക്കാരിനായിട്ടില്ല. ചെറിയ തുക വീതിച്ചു നൽകി ബാക്കി ഉടനെ കിട്ടുമെന്ന പ്രതീതി ജനിപ്പിക്കുക മാത്രമാണ് നടക്കുന്നതെന്ന് കർഷകർ പറയുന്നു.
കുട്ടനാട്ടിൽ ഇനിയും 24.44 കോടി രൂപ കർഷകർക്ക് വിതരണം ചെയ്യാനുണ്ടെന്നാണ് അധികൃതർ തന്നെ നൽകുന്ന വിശദീകരണം. എന്നാൽ 50,000 രൂപയ്ക്ക് താഴെ കൊടുക്കാനുള്ളവർക്കാണ് പണം മുഴുവൻ ലഭിച്ചതെന്നും മൂന്നും നാലും ലക്ഷം രൂപ കിട്ടേണ്ടവർക്ക് പകുതിപോലും ലഭിച്ചിട്ടില്ലെന്നും കർഷകരും പറയുന്നു. അതിനിടെ രണ്ടാം വിളയുടെ കാലമായിട്ടും കൈകാര്യചെലവായി സംസ്ഥാന സർക്കാർ നൽകേണ്ട തുക പൂർണമായും ലഭിച്ചിട്ടുമില്ല.
അരിവില കുതിച്ചുയരുന്ന കാലത്തും സ്വന്തം ഉൽപ്പന്നം മുടക്കുമുതലിനും താഴെയുള്ള വിലക്ക് വിൽക്കേണ്ട ഗതികേടിലുള്ള നെൽകർഷകരുടെ ദുർഗതിയെകുറിച്ചും, വിറ്റ നെല്ലിന്റെ കാശിന് കാത്തിരിക്കുന്നവരെക്കുറിച്ചുമെല്ലാം മാധ്യമങ്ങൾ പലവുരു അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ബാങ്കിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും വായ്പയും കടവും വാങ്ങി കൃഷിയിറക്കിയവരാണ് പല കർഷകരും. വിറ്റ നെല്ലിന്റെ പണം കിട്ടാൻ വൈകിയാൽ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധി ചെറുതല്ല. വലിയ സാമ്പത്തിക മെച്ചമൊന്നും ആഗ്രഹിച്ചല്ല കർഷകർ പാടത്ത് കൃഷിയിറക്കിയതും വിളകൊയ്യുന്നതും. പലർക്കും പരമ്പരാഗതമായി കിട്ടിയ പാടത്താണ് കൃഷിയിറക്കുന്നത്, ചിലർ പാട്ടത്തിനെടുത്തും വിത്തിടും. മണ്ണിനെയും കൃഷിയെയും ജീവിതതാളമായി കണ്ട നെൽകർഷകർ അതിജീവനത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുകയാണ് എന്നതാണ്
യാഥാർഥ്യം. ഇതിനിടെയാണ് സംഭരണത്തിന്റെ അനിശ്ചിതത്വം നെൽകർഷകരെ ഓരോ വർഷവും തീ തീറ്റിക്കുന്നത്. പിന്നെ പണം എന്നു കിട്ടുമെന്ന അവസ്ഥയും കാത്തിരിപ്പും. ഇതിനൊക്കെ അറുതിവരുത്തിയാലോ പാടത്ത് ഇനിയും വിത്തുകൾ വീഴൂ. എങ്കിലേ മലയാളിക്ക് അന്നമുണ്ണാനാകൂ എന്ന് ഓർമവേണം.
പാടത്ത് പണി, വരമ്പത്ത് കൂലിയെന്നത് നെൽകർഷകർക്ക് മാത്രം നിഷിദ്ധമാണിപ്പോൾ. അതുമാറണം, മറ്റ് കൃഷിക്കെന്നപോലെ നെല്ലെടുത്താൽ പാടവരമ്പത്ത് തന്നെ കൂലി കിട്ടുന്ന സാഹചര്യമുണ്ടാകണം. അത് കർഷകന്റെ അവകാശമാണ്.
അടുത്ത വർഷത്തെ നെല്ല് സംഭരണത്തിനെങ്കിലും സർക്കാർ കൃത്യമായ പദ്ധതികൾ നടപ്പാക്കണം. ഇനിയും കേന്ദ്രത്തെ മാത്രം കുറ്റം പറഞ്ഞ് നെൽകർഷകരുടെ പ്രതീക്ഷക്ക് മടവീഴ്ത്തരുത്. നെൽവില കിട്ടുമെന്നത് കർഷകന്റെ വിദൂരസ്വപ്‌നമായി മാറാനിടയാകരുത്. ആ ചിന്തയിൽ ഒരു നെൽകർഷകനും സ്വന്തം ജീവൻ വെടിയാൻ ഇടവരികയും അരുത്.
Content Highlights:The farmer is fed up No life editorial
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."