HOME
DETAILS

'ഘര്‍വാപ്പസി'യില്‍ ആകുലപ്പെടുന്നവര്‍

  
backup
September 18, 2023 | 6:03 PM

those-who-are-concerned-about-gharwapasi

സി.വി ശ്രീജിത്ത്

സ്വത്വം വിട്ട് മറ്റ് ആശയപരിസരത്ത് കറങ്ങിത്തിരിഞ്ഞവരെ തിരികെയെത്തിക്കുന്നതിനെ ഘര്‍വാപ്പസി എന്നാണ് സംഘ്പരിവാർ സൈദ്ധാന്തിക വിശദീകരണം. തങ്ങളില്‍ നിന്നടര്‍ന്നുപോയവരെ ഏതുമാര്‍ഗം ഉപയോഗിച്ചും തിരികെയെത്തിക്കുന്നതില്‍ തെറ്റില്ലെന്നും അവര്‍ കുറച്ചുകാലമായി പറഞ്ഞു പഠിപ്പിക്കുകയാണ്. കുലം വിട്ടുപോയവരെ വീണ്ടും കൂട്ടിച്ചേർക്കുക എന്ന കര്‍സേവയുടെ പേരില്‍ വിമര്‍ശനം കേട്ടാലും ആ പാത വിട്ടൊഴിയാന്‍ സംഘ്പരിവാർ തയാറുമല്ല. എന്നാല്‍ ഈയടുത്തായി രാഷ്ട്രീയക്കാറ്റമുണ്ടാകുമെന്ന സൂചനയില്‍ ചിലരുടെ 'തിരിഞ്ഞുനടക്കല്‍' സംഘ്പരിവാറിനെ വല്ലാത്ത വിഷമവൃത്തത്തിലാക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും തെലങ്കാനയിലും ചത്തീസ്ഗഡിലും കൂടുമാറ്റം കൂടുതലും തങ്ങളില്‍ നിന്നാണെന്ന് തിരിച്ചറിഞ്ഞതോടെ ഘര്‍വാപ്പസിയുടെ താത്വിക-പ്രയോഗതലങ്ങൾ മാറ്റേണ്ടതുണ്ടെന്ന വിശകലനത്തിലാണ് അവര്‍. കോണ്‍ഗ്രസില്‍ നിന്നോ മറ്റു പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നോ നേതാക്കളോ പ്രവര്‍ത്തകരോ ബി.ജെ.പിയില്‍ ചേരുന്നത് സദ്പ്രവൃത്തിയും തങ്ങളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്ക് ദേശവിരുദ്ധവും എന്ന മട്ടിലാണ് സംഘ്പരിവാർ കേന്ദ്രങ്ങളുടെ പ്രസ്താവനകള്‍.


നിയമസഭാ തെരഞ്ഞെടുപ്പിനുശേഷമാണ് കര്‍ണാടകയില്‍ ബി.ജെ.പിക്ക് കണ്ടകശനി തുടങ്ങിയത്. ദക്ഷിണേന്ത്യയില്‍ തീവ്രഹിന്ദുത്വ അജൻഡകള്‍ നടപ്പാക്കുന്ന സംഘ്പരിവാര്‍ പരീക്ഷണശാലയുടെ വാതിലുകളാണ് കന്നഡ മക്കള്‍ കൊട്ടിയടച്ചത്. ഇതിനുശേഷം പാര്‍ട്ടിയുടെ അടിതൊട്ട് മുടിവരെ ഇളകിയിരിക്കുകയാണ്. സംഘടനാതലത്തില്‍ ഏറ്റവും ദുര്‍ബല സാഹചര്യത്തിലൂടെയാണ് ബി.ജെ.പി മുന്നോട്ടുപോകുന്നത്. ഇതിനിടയിലാണ് ഒരു ഡസനോളം എം.എല്‍.എമാര്‍ പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങി നില്‍ക്കുന്നത്. അതും എണ്ണം പറഞ്ഞ നേതാക്കള്‍. മുമ്പ് കോണ്‍ഗ്രസ്, ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികളില്‍ നിന്ന് ഭീഷണികൊണ്ടും പ്രലോഭനംകൊണ്ടും അടര്‍ത്തി മാറ്റിയവരാണ് രാഷ്ട്രീയകാലാവസ്ഥ മാറിയതോടെ തിരികെപ്പോകാന്‍ കരുക്കള്‍ നീക്കുന്നത്. കൂടുമാറുന്ന നേതാക്കളെല്ലാം ലക്ഷ്യമിടുന്നത് കോണ്‍ഗ്രസ് പ്രവേശനമാണ്.


കര്‍ണാടകയിലെ നിലവിലെ രാഷ്ട്രീയസാഹചര്യം അനുകൂലമല്ലെന്ന് അറിയാവുന്നവരാണ് തരംനോക്കി കളംമാറാനൊരുങ്ങുന്നത്. ഇക്കൂട്ടര്‍ മറുകണ്ടം ചാടിയാണ് 2019ല്‍ കുമാരസ്വാമി സര്‍ക്കാര്‍ നിലംപൊത്തിയത്. അന്ന് 17 എം.എല്‍.എമാരെ കൂറുമാറ്റിച്ചത് ഓപറേഷന്‍ കമല ഉപയോഗിച്ചുകൊണ്ടാണ്. കാലുമാറുന്നതും അവരുടെ പിന്തുണയില്‍ അധികാരം നേടുന്നതും പിന്നീട് കൂറുമാറ്റം പോലുള്ള നിയമങ്ങളില്‍ തട്ടി പ്രതിസന്ധിയില്‍ ആവാതിരിക്കാനാണ് 2019ല്‍ തങ്ങള്‍ വശത്താക്കിയ എം.എല്‍.എമാരോട് ഉടന്‍ രാജിവയ്ക്കാന്‍ ബി.ജെ.പി നിര്‍ദേശിച്ചത്. അങ്ങനെ രാജിവച്ചശേഷം സഭയിലെ ഭൂരിപക്ഷം ബി.ജെ.പി ഉറപ്പാക്കുകയായിരുന്നു. ഭരണത്തിന്റെ സ്വാധീനത്തില്‍ നടത്തിയ ഉപതെരഞ്ഞെടുപ്പുകളില്‍ കൂറുമാറിയവരില്‍ മിക്കവരും ജയിച്ചു ബി.ജെ.പി പക്ഷത്തെത്തുകയും ചെയ്തു.

ആശയപരമായി ഇതൊരു സദ്പ്രവൃത്തിയായാണ് സംഘ്പരിവാര്‍ കേന്ദ്രങ്ങളില്‍ വിശദീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ തങ്ങളില്‍ നിന്ന് മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നത് ബി.ജെ.പിക്ക് സഹിക്കാനാകുന്നില്ല. അതുകൊണ്ടാണ് ഘര്‍വാപ്പസി അത്ര നല്ലതല്ലെന്ന അടക്കം പറച്ചിലില്‍ അവർ എത്തിയത്.


എന്തായാലും ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ബി.ജെ.പിയില്‍നിന്നും ജെ.ഡി.എസില്‍നിന്നും പരമാവധി പേരെ സ്വീകരിക്കാനൊരുങ്ങി നില്‍പ്പാണ് ക്വീന്‍സ് റോഡിലെ പി.സി.സി ആസ്ഥാനം. മറ്റു പാര്‍ട്ടികളില്‍ നിന്നുള്ള അസംതൃപ്തരെ കണ്ടെത്തി ഒപ്പം നിര്‍ത്താനായി പ്രത്യേക കമ്മിറ്റിയെ തന്നെ പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാര്‍ നിയോഗിച്ചിട്ടുണ്ട്. മുമ്പ് കോണ്‍ഗ്രസ് വിട്ടുപോയവരെ ഉപാധികളില്ലാതെ സ്വീകരിക്കുമെന്ന ഡി.കെ ശിവകുമാറിന്റെയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും പ്രസ്താവന കൂടുമാറ്റക്കാര്‍ക്കുള്ള ഗ്രീന്‍ സിഗ്നലാണ്. പോവുകയും വരുകയും ചെയ്യുന്നതിന് ആശയം തടസമല്ലെന്ന് ഇതിനകം തെളിയിച്ചവരുടെ പുതിയ വേഷപ്പകര്‍ച്ചകൂടി ഇനി ജനങ്ങള്‍ കാണണം.


കര്‍ണാടകയില്‍ പ്രതിപക്ഷ നേതാവ് വേണ്ടേ
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസം നാലായി. പ്രകടനപത്രികയില്‍ പറഞ്ഞ അഞ്ചിന ഗ്യാരൻഡിയില്‍ നാലും നടപ്പാക്കി സിദ്ധരാമയ്യ സര്‍ക്കാര്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ്. എന്നാല്‍ മാരത്തണ്‍ ചര്‍ച്ചകള്‍ നടത്തിയിട്ടും പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ സാധിക്കാത്ത ദയനീയ അവസ്ഥയിലാണ് സംസ്ഥാന ബി.ജെ.പി. ഒരാളിൽ എത്തിച്ചേരാനാകാത്തവിധം പല പേരുകളുടെ സമ്മര്‍ദം പാര്‍ട്ടിയെ വീര്‍പ്പുമുട്ടിച്ചപ്പോള്‍ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള ചുമതല കേന്ദ്ര നേതൃത്വത്തിന് വിട്ടതാണ്.

എന്നാല്‍ കേന്ദ്രമന്ത്രിമാരും ദേശീയ ഭാരവാഹികളും അടങ്ങുന്നവര്‍ നാലുതവണ ബംഗളൂരുവിലും ഹുബ്ബള്ളിയിലും വന്നുപോയതല്ലാതെ തീരുമാനമെടുക്കാന്‍ ഇതുവരെ കഴിഞ്ഞില്ല. പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ കണ്ടെത്താനായി പരസ്യം നല്‍കേണ്ട അവസ്ഥയിലാണ് കര്‍ണാടകയിലെ ബി.ജെ.പി നേതൃത്വമെന്ന് കോണ്‍ഗ്രസ് പരിഹസിക്കുന്നിടംവരെ എത്തി. എന്നിട്ടും, നേതൃത്വത്തില്‍ സമവായമുണ്ടാക്കാനായില്ല. തീരാത്ത തര്‍ക്കത്തിനൊടുവില്‍ 'ഇതാ ഉടൻ പ്രഖ്യാപിക്കും'

എന്ന മട്ടിലുള്ള പ്രസ്താവനകള്‍ ഇപ്പോള്‍ പാര്‍ട്ടി അണികള്‍ പോലും വിശ്വസിക്കുന്നില്ല.
തെരഞ്ഞെടുപ്പിനുശേഷം ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ആഴമളന്ന പാര്‍ട്ടിയാണ് ബി.ജെ.പി. പക്ഷേ, സഭയിലെ തങ്ങളുടെ നേതാവിനെ കണ്ടെത്താനാകാതെ കുഴങ്ങുകയാണ്. മുഖ്യമന്ത്രിയാക്കാനല്ല, പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാനാണ് തര്‍ക്കം. രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും നിലവില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവില്ലാത്ത നിയമസഭയില്ല. എന്നിട്ടും, ആര്‍.എസ്.എസ് യന്ത്രത്തില്‍ കറങ്ങുന്ന ബി.ജെ.പിക്ക് കര്‍ണാടകയില്‍ കാര്യങ്ങള്‍ കൈപ്പിടിയിലൊതുങ്ങുന്നില്ല. പ്രതിപക്ഷ നേതാവിനെ കണ്ടെത്താനാകാതെ വന്നതോടെ കാലാവധി കഴിഞ്ഞ പാര്‍ട്ടി പ്രസിഡന്റ് നിയമനവും പാതിവഴിയില്‍ കുടുങ്ങിക്കിടപ്പാണ്. രാജ്യത്തെ എല്ലാ പ്രശ്‌നങ്ങളും ഞൊടിയിടയില്‍ പരിഹരിക്കാനുള്ള മെക്കാനിസം തങ്ങള്‍ക്കുണ്ടെന്ന് മേനിനടിക്കുന്ന ബി.ജെ.പിക്കും അതിന്റെ കേന്ദ്രനേതാക്കള്‍ക്കും കര്‍ണാടക ബാലികേറാ മലയാണ്.

ദേശീയ പ്രസിഡന്റ് ജെ.പി നദ്ദയും ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ടുവന്നിട്ടും പ്രശ്‌നപരിഹാരം സാധ്യമായില്ല എന്നത് പാര്‍ട്ടിക്ക് വലിയ നാണക്കേടിനുകൂടി ഹേതുവായി. തോറ്റതും വോട്ടുകുറഞ്ഞതുമൊന്നും അധികനേരം ചര്‍ച്ച ചെയ്യാന്‍ മെനക്കടാത്ത ബി.ജെ.പി പക്ഷേ, മാസങ്ങള്‍ നീണ്ട ചര്‍ച്ചകളാണ് പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ നടത്തിയത്.
വിഭാഗീയതയുടെ കൊടുമുടിയിലാണ് കര്‍ണാടകയിലെ പാര്‍ട്ടി. അതുതന്നെയാണ് പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള തടസവും. യെദ്യൂരപ്പ-ബി.എല്‍ സന്തോഷ് വിഭാഗങ്ങള്‍ തമ്മിലുള്ള പോരാണ് കര്‍ണാടകയിലെ ബി.ജെ.പിയെ ചരിത്രത്തിലിന്നോളം കേട്ടുകേള്‍വിയില്ലാത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ പ്രചാരണം, ഫണ്ട് ശേഖരണം, ചുമതലകള്‍ എന്നിവ നിശ്ചയിച്ചത് ബി.എല്‍ സന്തോഷായിരുന്നു. യെദ്യൂരപ്പയെ മനപ്പൂര്‍വം മാറ്റിനിര്‍ത്തുന്ന സന്തോഷ് ശൈലിക്കെതിരേ തെരഞ്ഞെടുപ്പ് കാലത്തുതന്നെ പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം പുകഞ്ഞിരുന്നു.

പരാജയത്തിനുശേഷം ഇരുവിഭാഗവും പരസ്പരം കുറ്റാരോപണം നടത്തുകയും ചെയ്തു. മുന്‍ സര്‍ക്കാരിലെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെ പ്രതിപക്ഷ നേതാവാക്കണം എന്നാണ് യെദ്യുരപ്പ വിഭാഗം പറയുന്നത്. എന്നാല്‍ ബസന ഗൗഡ പാട്ടീല്‍ യത്‌നാലിനെ പ്രതിപക്ഷ നേതാവാക്കാനാണ് സന്തോഷ് പക്ഷം ശ്രമിക്കുന്നത്. ബൊമ്മെയില്ലെങ്കില്‍ മകന്‍ വിജയേന്ദ്രയെ പരിഗണിക്കാനുള്ള ചരടുവലികള്‍ യെദ്യൂരപ്പയുടെ ഭാഗത്തുനിന്ന് തുടങ്ങിയിട്ടുണ്ട്. എങ്കില്‍ ആര്‍. അശോകയെ നേതാവാക്കാം എന്നാണ് സന്തോഷ് പക്ഷം പറയുന്നത്.


പുതിയ നിയമസഭ രണ്ടുവട്ടം ചേര്‍ന്നപ്പോഴും പ്രതിപക്ഷ നേതാവിന്റെ കസേര ഒഴിഞ്ഞുകിടന്നു. അതു ചൂണ്ടി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും കണക്കിന് ബി.ജെ.പിയെ കുത്തിനോവിച്ചിരുന്നു. പ്രതികരിക്കാന്‍ പോയിട്ട് വാ തുറക്കാനാകാത്ത അവസ്ഥയിലാണ് സംസ്ഥാന നേതാക്കള്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പെങ്കിലും ആ സ്ഥാനത്തേക്ക് ഒരാളെ കണ്ടെത്തിയില്ലെങ്കില്‍ എം.എല്‍.എമാര്‍ രാജിവച്ച് പോകുന്നതാണ് നല്ലതെന്ന അഭിപ്രായമാണ് ബി.ജെ.പി നേതാക്കളില്‍ ചിലര്‍ക്കുള്ളത്.

ജി-20ക്ക് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ നിമിഷം നേരംകൊണ്ട് സാധിച്ചത് മോദിയുടെ മേന്‍മയായി പാട്ടുപാടി നടക്കുന്നവരാണ് വാട്‌സ്ആപിലും സമൂഹമാധ്യമങ്ങളിലുമുള്ള സംഘ്പ്രവര്‍ത്തകര്‍. എന്നാല്‍ പ്രതിപക്ഷ നേതാവിനെ കണ്ടെത്താന്‍ മാത്രം ആ നെഞ്ചളവ് മതിയാകുന്നില്ലല്ലോ എന്ന സങ്കടത്തിലാണ് പാവം പാര്‍ട്ടി അണികള്‍.

Content Highlights:Those who are concerned about 'Gharwapasi'



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയെ പരിചരിക്കാനെത്തിയ ഹോം നേഴ്സിനെ പീഡിപ്പിച്ചതായി പരാതി; മകൻ അറസ്റ്റിൽ

Kerala
  •  11 days ago
No Image

ഇത് 'വിരാട ചരിത്രം'; സച്ചിൻ്റെ റെക്കോർഡ് തകർത്തു, ഏകദിനത്തിൽ 52-ാം സെഞ്ച്വറി

Cricket
  •  11 days ago
No Image

ഈദുൽ ഇത്തിഹാദ്: ആഘോഷങ്ങൾക്കായി ഒരുങ്ങി ദുബൈ, നഷ്ടപ്പെടുത്തരുത് ഈ അവസരങ്ങൾ

uae
  •  11 days ago
No Image

അതിജീവിതയെ അപമാനിച്ചെന്ന് പരാതി; രാഹുൽ ഈശ്വർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  11 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്: കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ സർവിസുകൾ ഉടൻ; ബുക്കിംഗ് ആരംഭിച്ചു

latest
  •  11 days ago
No Image

മഴ മുന്നറിയിപ്പ് പുതുക്കി; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  11 days ago
No Image

മലമ്പുഴയിൽ പുലി; ജാഗ്രതാ നിർദേശം; സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ വനം വകുപ്പ്

Kerala
  •  11 days ago
No Image

2036ലെ ഒളിംപിക്‌സിന് തിരുവനന്തപുരത്ത് വേദിയൊരുക്കും, മികച്ച മൂന്ന് നഗരങ്ങളിലൊന്നാക്കും; വമ്പര്‍ വാഗ്ദാനങ്ങളുമായി ബി.ജെ.പി പ്രകടനപത്രിക

Kerala
  •  11 days ago
No Image

രാഹുലിന്റെ പാലക്കാട്ടെ ഫ്‌ളാറ്റില്‍ പരിശോധന; പരാതിക്കാരി ഫ്‌ളാറ്റില്‍ വന്ന  ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭിച്ചില്ല, സമീപത്തെ സി.സി.ടി.വികളും പരിശോധിക്കും

Kerala
  •  11 days ago
No Image

ബാബരി മസ്ജിദ് തകര്‍ത്ത ദിവസം 'ശൗര്യ ദിവസ്' ആയി ആചരിക്കാന്‍ നിര്‍ദ്ദേശവുമായി രാജസ്ഥാന്‍ സര്‍ക്കാര്‍; വിമര്‍ശനത്തിന് പിന്നാലെ പിന്‍വലിച്ചു

National
  •  11 days ago