ഇലഞ്ഞിയില്‍ വന്‍ കള്ളനോട്ട് സംഘം പിടിയില്‍ 7.5 ലക്ഷത്തിന്റെ കള്ളനോട്ട് പിടിച്ചെടുത്തു
വീട് വാടകയ്‌ക്കെടുത്തത് സീരിയല്‍ നിര്‍മാണത്തിനെന്ന പേരില്‍
കൊച്ചി: കൂത്താട്ടുകുളം ഇലഞ്ഞിയിലെ വാടകവീട്ടില്‍ നിന്നും കള്ളനോട്ട് സംഘം പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി വണ്ടിപ്പെരിയാര്‍ ഇഞ്ചിക്കോട് എസ്റ്റേറ്റില്‍ ആനന്ദ് (21), നെടുങ്കണ്ടം മൈനര്‍ സിറ്റി കിഴക്കേതില്‍ സുനില്‍കുമാര്‍ (40), കോട്ടയം കിളിരൂര്‍ ചെറുവള്ളിത്തറ ഫൈസല്‍ (34), പീച്ചി വാഴയത്ത് ജിബി (36), നെടുങ്കണ്ടം സ്വദേശി സ്റ്റീഫന്‍ (33) എന്നിവരെ വീട്ടില്‍ നിന്നും പൊലിസ് അറസ്റ്റ് ചെയ്തു.
ഭീകരവിരുദ്ധ സ്‌ക്വാഡും ജില്ലാ റൂറല്‍ പൊലിസും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. പത്തനംതിട്ട പഴവങ്ങാടി കാവുങ്കല്‍ മധുസൂദനന്‍ (48), വണ്ടിപ്പെരിയാര്‍ ധനുഷ് ഭവനില്‍ തങ്കമുത്തു (60) എന്നിവരെ അന്വേഷണസംഘം കസ്റ്റിഡിയിലെടുത്തതായാണ് സൂചന. ഇവരില്‍ നിന്നും 7.57 ലക്ഷം രൂപയുടെ അഞ്ഞൂറിന്റെ വ്യാജ നോട്ടുകളും അഞ്ച് പ്രിന്റര്‍, ഫോട്ടോസ്റ്റാറ്റ് മെഷീന്‍, സ്‌ക്രീന്‍ പ്രിന്റിങ് മെഷീന്‍, നോട്ട് എണ്ണുന്ന മെഷീന്‍, മഷി, പേപ്പറുകള്‍, രണ്ട് കാറുകള്‍ എന്നിവ കണ്ടെടുത്തു.
ഇലഞ്ഞി-പിറവം റോഡില്‍ പൈന്‍കുറ്റി വന്‍മേലില്‍ പുത്തന്‍പുരയില്‍ സണ്ണിയുടെ ഉടമസ്ഥതയിലുള്ളതാണ് വീട്. സീരിയല്‍ നിര്‍മാണത്തിനെന്ന പേരിലാണ് കഴിഞ്ഞ ഒന്‍പത് മാസമായി സംഘം ഇവിടെ താമസിച്ചിരുന്നത്. യഥാര്‍ഥ നോട്ട് ഫോട്ടോ കോപ്പി എടുത്ത ശേഷം സ്‌ക്രീന്‍ പ്രിന്റ് ചെയ്താണ് കള്ളനോട്ട് നിര്‍മിച്ചു വന്നിരുന്നത്. ഇത്തരത്തില്‍ നിര്‍മിച്ച 15 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചതായി പൊലിസ് കണ്ടെത്തി. കഴിഞ്ഞ ദിവസം പിറവത്തെ മാര്‍ക്കറ്റിലെ പച്ചക്കറിക്കടയില്‍ ഇവര്‍ നല്‍കിയ 500 രൂപയുടെ നോട്ടില്‍ സംശയംതോന്നിയ കടക്കാരന്‍ നോട്ട് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘം കുടുങ്ങിയത്. പുലര്‍ച്ചെ രണ്ടോടെ വീട് വളഞ്ഞാണ് ഉദ്യോഗസ്ഥ സംഘം റെയ്ഡ് നടത്തിയത്.
റൂറല്‍ എസ്.പി കെ. കാര്‍ത്തിക്, പുത്തന്‍കുരിശ് ഡിവൈ.എസ്.പി. ജി. അജയനാഥ്, കൂത്താട്ടുകുളം എസ്.എച്ച്.ഒ കെ.ആര്‍ മോഹന്‍ദാസ്, പിറവം എസ്.എച്ച്.ഒ സാംസണ്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പൊലിസ് സംഘവും സ്ഥലത്തുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."