തിരിച്ചടി പ്രവചിച്ച സര്‍ക്കാര്‍ അഭിഭാഷകയെ തുരത്തിയോടിച്ച് സര്‍ക്കാര്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രിംകോടതി വരെ നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ നിയമസഭാ കൈയാങ്കളി കേസില്‍ സര്‍ക്കാര്‍ പരാജയം ഏറ്റുവാങ്ങുമ്പോള്‍ എത്രമൂടിവച്ചാലും സത്യം പുറത്തു വരുമെന്ന് ഒരിക്കല്‍ കൂടി തിരിച്ചറിയുകയാണ് മുന്‍ ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ ആയിരുന്ന ബീനാ സതീഷ്. തിരുവനന്തപുരം സി.ജെ.എം കോടതിയില്‍ നിയമസഭാ കേസ് വിചാരണയ്ക്ക് എത്തിയപ്പോള്‍ കേസ് പിന്‍വലിക്കണമെന്ന നിര്‍ദേശമാണ് സര്‍ക്കാര്‍ പ്രോസിക്യൂട്ടറായിരുന്ന ബീനയ്ക്ക് നല്‍കിയത്.
ഇതിനായി ഹരജി ഫയല്‍ ചെയ്യാനും ബീനയ്ക്ക് മുകളില്‍ നിന്നും നിര്‍ദേശം ലഭിച്ചു. എന്നാല്‍ ലോകം മുഴുവന്‍ തത്സമയം കാണുകയും ദേശീയ തലത്തില്‍ പോലും വിവാദമാക്കുകയും ചെയ്ത ഈ കേസ് പിന്‍വലിക്കാനാവില്ലെന്ന് ബീന നിലപാടെടുത്തു. കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഹരജി സമര്‍പ്പിച്ചാലും കോടതിക്ക് മുന്നില്‍ വാദിക്കാന്‍ യാതൊന്നുമില്ലെന്നുള്ള യഥാര്‍ഥ്യവും ബീന ഉന്നത ഉദ്യോഗസ്ഥരെ ഓര്‍മിപ്പിച്ചു.
സി.ജെ.എം കോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കേണ്ട ഡെപ്യൂട്ടി ഡയരക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കടുത്ത നിലപാട് എടുത്തതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. ഇതോടെ ബീനയെ മറികടന്ന് പ്രതികള്‍ക്കായി പുറത്തുനിന്നും അഭിഭാഷകനെ കൊണ്ടുവന്നു.
ഹരജിയില്‍ നടന്ന വാദത്തിനിടെ ബീനയും പ്രതികള്‍ക്കായി സി.പി.എം കൊണ്ടുവന്ന അഭിഭാഷകന്‍ കെ.രാജഗോപാലന്‍ നായരും തമ്മിലുള്ള രൂക്ഷമായ വാദമാണ് കോടതിയില്‍ നടന്നത്. സര്‍ക്കാര്‍ വാദം പുറത്തുനിന്നുള്ള അഭിഭാഷകനല്ല പറയേണ്ടതെന്ന ബീനാ സതീഷിന്റെ വാദം അംഗീകരിച്ച കോടതി, രൂക്ഷവിമര്‍ശനം നടത്തി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹരജി തള്ളി.
കടുത്ത ഒറ്റപ്പെടലും മാനസിക പീഡനവുമാണ് തുടര്‍ന്നങ്ങോട്ട് തനിക്ക് ഏല്‍ക്കേണ്ടി വന്നതെന്ന് ബീന ഓര്‍ക്കുന്നു. സി.ജെ.എം കോടതിയിലേറ്റ തിരിച്ചടിക്ക് പ്രതികാര നടപടിയെന്നോണം ബീനയെ സര്‍ക്കാര്‍ സ്ഥലം മാറ്റി. വിരമിക്കാന്‍ ഏഴ് മാസം ബാക്കി നില്‍ക്കുമ്പോഴായിരുന്നു തിരുവനന്തപുരത്ത് നിന്നും ആലപ്പുഴയിലേക്കുള്ള സ്ഥലംമാറ്റം. നല്ലൊരു ശുചി മുറിയില്ലാത്ത ആലപ്പുഴ ഓഫിസിലേക്കുള്ള സ്ഥലം മാറ്റം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ബീന പറയുന്നു.
ഔദ്യോഗിക തലത്തിലുള്ള ഒറ്റപ്പെടലും വേട്ടായടലും ബീനയെ മാനസികമായി തളര്‍ത്തി. ഇതിനിടെ സര്‍വിസില്‍ നിന്നു വിരമിച്ചിട്ടും മാനസികസമ്മര്‍ദം ആരോഗ്യത്തെക്കൂടി ബാധിച്ച അവസ്ഥയില്‍ തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലാണ് ബീനാ സതീഷ് ഇപ്പോള്‍. ബീന എതിര്‍ത്തിട്ടും സി.ജെ.എം കോടതിയിലും പിന്നീട് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഹരജിയുമായി പോയ സര്‍ക്കാരിന് എല്ലായിടത്തും നല്ല പ്രഹരമാണ് കിട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."