സ്വന്തം വിധിക്കെതിരേ കല്‍ക്കത്ത ഹൈക്കോടതി സുപ്രിംകോടതിയില്‍
ന്യൂഡല്‍ഹി: സ്വന്തം വിധിക്കെതിരേ സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കി കല്‍ക്കത്ത ഹൈക്കോടതി. കല്‍ക്കത്ത ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാലിനെതിരേ അതേ കോടതിയിലെ ജഡ്ജി സഭ്യസാച്ചി ഭട്ടാചാര്യ ഈ മാസം 19ന് പുറപ്പെടുവിച്ച വിധിക്കെതിരായാണ് ഹൈക്കോടതി അഡ്മിനിസ്‌ട്രേഷന്‍ സുപ്രിംകോടതിയിലെത്തിയിരിക്കുന്നത്.
സഭ്യസാച്ചി ഭട്ടാചാര്യ പരിഗണിച്ചുകൊണ്ടിരുന്ന ഒരു കേസ് ആക്ടിങ് ചീഫ് ജസ്റ്റിസ് ഇടപെട്ട് മാറ്റുകയും ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ലിസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ നടപടിയെ ജസ്റ്റിസ് സഭ്യസാച്ചി ഭട്ടാചാര്യ അങ്ങേയറ്റത്തെ അധികാരപ്രയോഗത്തോടെയുള്ള നടപടിയെന്നര്‍ഥം വരുന്ന 'ഹുദ്‌സ്പ' എന്ന യിദിഷ് ഭാഷയിലെ വാക്കുപയോഗിച്ച് വിമര്‍ശിക്കുകയും രേഖാമൂലം ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.
മാന്യതയില്ലാത്ത നടപടിയാണ് ആക്ടിങ് ചീഫ് ജസ്റ്റിസിന്റേതെന്നും റോസ്റ്റര്‍ നിയന്ത്രിക്കുന്നത് ചീഫ് ജസ്റ്റിസാണെന്ന് വച്ച് അദ്ദേഹത്തിന്റെ തോന്നലിനും ഭാവനയ്ക്കും അനുസരിച്ച് അതുമാറ്റാന്‍ പറ്റില്ലെന്നും സഭ്യസാച്ചി ഭട്ടാചാര്യ ഉത്തരവില്‍ പറഞ്ഞു. കേസ് തന്നില്‍ നിന്ന് എടുത്തുമാറ്റിയെന്ന വിവരം അത്ഭുതത്തോടെയാണ് കേട്ടത്. കേസ് മാറ്റുമ്പോള്‍ തന്നോടൊന്ന് പറയുകയെന്ന കുറഞ്ഞ മര്യാദ പോലും കാട്ടിയില്ലെന്നും ഉത്തരവില്‍ കുറ്റപ്പെടുത്തി. ഈ ഉത്തരവിനെയാണ് ഹൈക്കോടതി അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് ദിക്ഷാ റായ് മുഖേന സുപ്രിംകോടതിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.
അതോടൊപ്പം കേസുകള്‍ ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും അഡ്മിനിസ്‌ട്രേഷന്‍ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മാസം 16ന് ഇതേ കേസ് സഭ്യസാച്ചി ഭട്ടാചാര്യ പരിഗണിച്ചുകൊണ്ടിരിക്കെ പെട്ടെന്ന് ഇന്റര്‍നെറ്റ് ലഭിക്കാതാവുകയും കോടതി നടപടി തടസപ്പെടുകയും ചെയ്തിരുന്നു. ഇതില്‍ രജിസ്ട്രിയെ വിമര്‍ശിച്ച ജഡ്ജി കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടിസയച്ചു. പിന്നാലെ 19ന് കേസ് പരിഗണിക്കാനെടുക്കുമ്പോഴാണ് കേസ് മാറ്റിയ വിവരം അറിയുന്നത്. സംഭവത്തിന് പിന്നാലെ ആക്ടിങ് ചീഫ് ജസ്റ്റിസിന്റെ കോടതി അഭിഭാഷകരിലൊരു വിഭാഗം ബഹിഷ്‌ക്കരിച്ചു വരികയാണ്. ബഹിഷ്‌ക്കരണം അവസാനിപ്പിക്കണമെന്നഭ്യര്‍ഥിച്ച് കല്‍ക്കത്ത ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."