ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായം സിങ് യാദവ് അന്തരിച്ചു
ഗുരുഗ്രാം: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കുറച്ചുദിവസം മുമ്പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തീവ്രപരിചരണവിഭാഗത്തിലേക്കു മാറ്റിയിരുന്നു.
ആരോഗ്യ സ്ഥിതി മെച്ചപ്പെടാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തെ ഐ.സി.യുവില്‍ നിന്നും സി.സി.യുവിലേക്കു മാറ്റിയിരുന്നത്. വൃക്ക സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പുറമേ ഉയര്‍ന്ന രക്തസമ്മര്‍ദവും ഓക്‌സിജന്‍ അളവിലെ കുറവുമാണ് മുലായത്തിന്റെ സ്ഥിതി ഗുരുതരമാക്കിയത്.
വൃക്കയിലെ അണുബാധയ്ക്ക് ആഗസ്റ്റ് മുതല്‍ അദ്ദേഹം ചികിത്സയിലായിരുന്നു. കഴിഞ്ഞ ജൂലൈയിലും മേദാന്തയില്‍ മുലായത്തെ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നു.
മൂന്നുതവണ യുപി മുഖ്യമന്ത്രിയായിരുന്ന മുലായം കേന്ദ്ര പ്രതിരോധ മന്ത്രിയുമായിട്ടുണ്ട്. നിലവില്‍ മെയ്ന്‍പുരിയില്‍നിന്നുള്ള ലോക്‌സഭാംഗമാണ്. അസംഗഢില്‍നിന്നും സംഭാലില്‍നിന്നും പാര്‍ലമെന്റിനെ പ്രതിനിധീകരിച്ചിട്ടുണ്ട്. യുപി മുന്‍ മുഖ്യമന്ത്രിയും എസ്പി അധ്യക്ഷനുമായ അഖിലേഷ് യാദവ് ആണ് മകന്‍. പരേതരായ മല്‍തി ദേവിയും സാധന ഗുപ്തയുമാണ് ഭാര്യമാര്‍. മല്‍തി ദേവി 2003ലും സാധന ഗുപ്ത ഈ വര്‍ഷം ജൂലൈയിലുമാണ് അന്തരിച്ചത്.
യുപിയിലെ ഇറ്റാവ ജില്ലയിലുള്ള സായ്‌ഫെയ് ഗ്രാമത്തില്‍ സുഘര്‍ സിങ് യാദവിന്റെയും മൂര്‍ത്തി ദേവിയുടെയും മകനായി 1939 നവംബര്‍ 22നാണ് മുലായം ജനിച്ചത്. റാം മനോഹര്‍ ലോഹ്യയുടെയും രാജ് നാരായണിന്റെയും ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ല്‍ ആദ്യമായി യുപി നിയമസഭയിലെത്തി. 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായ മുലായം 19 മാസം തടവില്‍ക്കിടന്നു. 1977ല്‍ ആദ്യമായി മന്ത്രിയായി.
1980ല്‍ ലോക്ദള്‍ പാര്‍ട്ടിയുടെ അധ്യക്ഷനായി. പിന്നീട് ഈ പാര്‍ട്ടി ജനതാദളിന്റെ ഭാഗമായി. ലോക്ദള്‍ പിളര്‍ന്നതോടെ ക്രാന്തികാരി മോര്‍ച്ച പാര്‍ട്ടിയുമായി മുലായം രംഗത്തെത്തി. 1989ല്‍ ആദ്യമായി യുപി മുഖ്യമന്ത്രിയായി. കേന്ദ്രത്തില്‍ വി.പി. സിങ് സര്‍ക്കാര്‍ താഴെ വീണതോടെ ജനതാദള്‍ (സോഷ്യലിസ്റ്റ്) പാര്‍ട്ടിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിന്റെ പിന്തുണയോടെ മുഖ്യമന്ത്രിയായി തുടര്‍ന്നു. പിന്നീട് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതോടുകൂടി സര്‍ക്കാര്‍ താഴെ വീണു.
1992ല്‍ സമാജ്‌വാദി പാര്‍ട്ടി രൂപീകരിച്ചു. 1993ല്‍ ബിഎസ്പിയുമായി ചേര്‍ന്ന് തിരഞ്ഞെടുപ്പിനെ നേരിട്ടു. കോണ്‍ഗ്രസിന്റെയും ജനതാദളിന്റെയും പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിച്ചു. 1995ല്‍ സഖ്യകക്ഷികള്‍ പിന്മാറിയതോടെ സര്‍ക്കാര്‍ വീണു.
1996ല്‍ 11ാം ലോക്‌സഭയില്‍ മെയ്ന്‍പുരിയെ പ്രതിനിധീകരിച്ചിരുന്നു. അന്നത്തെ സഖ്യ സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായി. 1998ല്‍ കേന്ദ്രസര്‍ക്കാര്‍ നിലംപതിച്ചപ്പോള്‍ പിന്നീട് സാംഭാല്‍ മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലെത്തി. 1999ല്‍ സംഭാലില്‍നിന്നും കന്നൗജില്‍നിന്നും ലോക്‌സഭയിലേക്കു മത്സരിച്ചു ജയിച്ചു. കന്നൗജില്‍നിന്ന് അദ്ദേഹം രാജിവച്ചപ്പോള്‍ മകന്‍ അഖിലേഷ് അവിടെ മത്സരിച്ചു ജയിച്ചു.
2003 സെപ്തംബറില്‍ ബിജെപി – ബിഎസ്പി സര്‍ക്കാര്‍ താഴെവീണപ്പോള്‍ കിട്ടിയ അവസരം പാഴാക്കാതെ സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും പിന്തുണയോടെ മൂന്നാം വട്ടവും മുഖ്യമന്ത്രിയായി. മുഖ്യമന്ത്രിപദത്തില്‍ കയറിയപ്പോഴും ലോക്‌സഭാംഗമായിരുന്നു അന്ന് മുലായം. അതു രാജിവച്ച് പിന്നീട് നിയമസഭയിലേക്കു മത്സരിച്ചു. എന്നാല്‍ അതേ വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിച്ചു. ജയിച്ചെങ്കിലും അതു രാജിവച്ചു മുഖ്യമന്ത്രിസ്ഥാനത്തു തുടര്‍ന്നു. 2007ലെ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയോട് തോല്‍ക്കുന്നതുവരെ അദ്ദേഹം മുഖ്യമന്ത്രിയായി തുടര്‍ന്നു. 2007ല്‍ ബി.എസ്.പി ശക്തമായി തിരികെ വന്നപ്പോള്‍ 2009 വരെ പ്രതിപക്ഷ നേതാവായിരുന്നു. 2009 മുതല്‍ ലോക്‌സഭാംഗമാണ്. 2012ല്‍ സമാജ്!വാദി പാര്‍ട്ടി ശക്തമായി തിരിച്ചെത്തിയപ്പോള്‍ മകന്‍ അഖിലേഷ് യാദവിനെയാണ് അദ്ദേഹം മുഖ്യമന്ത്രിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."