ബി.എഡിന് അംഗീകാരം ഇല്ല; ബഹ്‌റൈനിലെ നിരവധി ഇന്ത്യൻ അധ്യാപകരുടെ ജോലി നഷ്ടമായി, അറസ്റ്റ്
ബി.എഡിന് അംഗീകാരം ഇല്ല; ബഹ്‌റൈനിലെ നിരവധി ഇന്ത്യൻ അധ്യാപകരുടെ ജോലി നഷ്ടമായി, അറസ്റ്റ്
മനാമ: സർട്ടിഫിക്കേറ്റ് പരിശോധനയിൽ ഇന്ത്യയിൽ നിന്ന് ബി.എഡ് പഠനം നടത്തിയ പലർക്കും ജോലി നഷ്ടമായതായി റിപ്പോർട്ട്. ഇന്ത്യയിലെ പല സർവകലാശാലകളിൽ നിന്നു ബി.എഡ് പൂർത്തിയാക്കി ബഹ്‌റൈനിലെ സ്‌കൂളുകളിൽ ജോലി ചെയ്ത് വന്നവർക്കാണ് സർട്ടിഫിക്കേറ്റ് യോഗ്യതയില്ലാത്തത് കാരണം ജോലി നഷ്‍ടമായത്. വ്യാജ സർട്ടിഫിക്കറ്റ് നൽകി ജോലി നേടിയെന്നാരോപിച്ച് ചില അധ്യാപകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ബിരുദവും, ബിരുദാനന്തര ബിരുദവും, ബി.എഡും പൂർത്തിയാക്കിയ പല അധ്യാപകരുടെയും സർട്ടിഫിക്കറ്റുകളാണ് മന്ത്രാലയത്തിന്റെ പരിശോധനയിൽ അയോഗ്യമാണെന്ന് കണ്ടെത്തിയത്. ബഹ്‌റൈനിലെ സ്‌കൂളുകളിൽ വർഷങ്ങൾക്ക് മുൻപ് ജോലിക്ക് ചേർന്നവരുടെ സർട്ടിഫിക്കറ്റുകൾ പോലും അയോഗ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുൻപ് അംഗീകാരമുണ്ടായിരുന്ന പല യൂണിവേഴ്സിറ്റികൾക്കും ഇപ്പോൾ അംഗീകാരം ഇല്ലാതായതാണ് ജോലി ചെയ്തുകൊണ്ടിരുന്ന അധ്യാപകർക്ക് വിനയായത് എന്നാണ് കരുതുന്നത്. ഇന്ത്യയിലെ ചില സർവകലാശാലകളുടെ ബിഎഡ് കോഴ്‌സുകൾ പലതും രാജ്യാന്തര തലത്തിൽ യോഗ്യതയുള്ളതല്ല.
രാജ്യാന്തര ഏജൻസിയായ ക്വാഡ്രാബേ (QuadraBay) വഴിയാണ് ബഹ്‌റൈൻ സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നത്. സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത ശേഷം അതിന്റെ ഫലം ഉറപ്പാക്കണമെന്ന നിബന്ധന ബഹ്‌റൈൻ മന്ത്രാലയം സ്‌കൂളുകൾക്ക് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പല ഇന്ത്യൻ സർട്ടിഫിക്കറ്റും അയോഗ്യതയുള്ളതായി മാറിയത്.
സ്വന്തം ചെലവിൽ ക്വഡ്രാബേയിൽ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുകയാണ് വേണ്ടത്. ഭൂരിപക്ഷം അധ്യാപകരും അവരുടെ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ ക്വാഡ്രാബേയിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. ഒരു സർട്ടിഫിക്കറ്റിന് 27 ദിനാർ വീതമാണ് പരിശോധനയ്ക്കായി ഓരോ അധ്യാപകരും നൽകേണ്ടത്. രണ്ടോ മൂന്നോ ആഴ്ചകൾക്ക് ശേഷമാണ് ഫലം ലഭിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."