കേരള വി.സി സെർച്ച് കമ്മിറ്റി; ഇടത് അംഗങ്ങൾ വിട്ടുനിന്നു; സെനറ്റ് ക്വാറം തികയാതെ പിരിഞ്ഞു
സ്വന്തം ലേഖകൻ
തിരുവനന്തപുരം • കേരള സർവകലാശാല വൈസ് ചാൻസലർ നിയമനവുമായി ബന്ധപ്പെട്ട് ചേർന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞു. വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ തിരഞ്ഞെടുക്കണമെന്ന ഗവർണറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ യോഗം ചേർന്നത്. എന്നാൽ ഗവർണറുടെ തീരുമാനത്തെ എതിർക്കുന്നതിന്റെ ഭാഗമായി ഇടത് സെനറ്റ് അംഗങ്ങൾ ക്വാറം തികയാതിരിക്കാൻ യോഗത്തിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു. 21 പേരാണ് ക്വാറത്തിൽ വേണ്ടത്. 11 പേർ മാത്രമാണ് ഹാജരായത്.
പ്രൊ വൈസ് ചാൻസലറും ഗവർണർ നാമനിർദേശം ചെയ്ത 13 പേരിൽ രണ്ടുപേർ ഒഴികെ 11 പേരും വിട്ടുനിന്നു. യോഗത്തിൽ പങ്കെടുക്കാനെത്തിയവർ സർവകലാശാലയിൽ എത്തിയെങ്കിലും യോഗഹാളിൽ പ്രവേശിച്ചില്ല.
രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടത് സെനറ്റ് അംഗങ്ങൾ വിട്ടുനിന്നത്. സെനറ്റിന്റെ പ്രതിനിധി ഇല്ലാതെ ഗവർണർ രൂപീകരിച്ച രണ്ടംഗ വി.സി നിയമന സെർച്ച് കമ്മിറ്റി പിരിച്ചുവിടണമെന്ന് കഴിഞ്ഞ സെനറ്റ് യോഗത്തിന്റെ തീരുമാനം ഗവർണർ അംഗീകരിക്കാത്തതിനാൽ പ്രതിനിധിയെ നിർദേശിക്കേണ്ടതില്ലെന്നാണ് ഇടത് അംഗങ്ങളുടെ നിലപാട്.
പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള അജൻഡയുടെ അടിസ്ഥാനത്തിൽ ചേരുന്നതായതിനാൽ യോഗം ചേർന്നാൽ പ്രതിനിധിയെ നിർബന്ധമായും തിരഞ്ഞെടുക്കേണ്ടിവരും.
യോഗം ചേർന്നാൽ ഇടത് അംഗങ്ങൾ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയും യു.ഡി.എഫ് അംഗങ്ങൾ പ്രതിനിധിയുടെ പേര് നിർദേശിക്കുകയും ചെയ്യുമായിരുന്നു. ഇത് അംഗീകരിക്കാൻ വി.സി ബാധ്യസ്ഥനാകുന്നത് ഒഴിവാക്കാനാണു യോഗത്തിനു ക്വാറം ഇല്ലാതാക്കിയത്.
ഇടത് അംഗങ്ങളുടേത് ആസൂത്രിത നീക്കമാണെന്ന് ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധിച്ചു. എം.എൽ.എമാരായ എം.വിൻസെന്റ്, സി.ആർ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സെനറ്റ് ഹാളിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."