വിമാനങ്ങളുടെ സമയക്രമീകരണം മാറിയെങ്കിലും കൃത്യത കൈവിടാതെ ഹജ്ജ് ക്യാംപ്
നെടുമ്പാശ്ശേരി: വിമാന സര്‍വിസ് താളംതെറ്റിയപ്പോഴും ഹജ്ജ് ക്യാംപിന്റെ പ്രവര്‍ത്തനം കൃത്യത കൈവിടാതെ. വിമാനങ്ങള്‍ സമയക്രമീകരണത്തില്‍ മാറ്റംവരുത്തിയിട്ടും യാതൊരു ബുദ്ധിമുട്ടും ക്യാംപില്‍ ദൃശ്യമായില്ല. രണ്ട് ദിവസങ്ങളിലും സര്‍വിസുകള്‍ക്ക് മാറ്റംവന്നിരുന്നു.
ബുധനാഴ്ച്ച ഉച്ചയ്ക്ക് 5.30ന് നേരത്തെ ഷെഡ്യൂള്‍ ചെയ്തിരുന്ന വിമാനം 11.30 ലേക്ക് മാറ്റി നിശ്ചയിക്കുകയായിരുന്നു. ഇന്നലെ 450 വീതം തീര്‍ഥാടകരുമായി രണ്ട് വിമാനങ്ങള്‍ പുറപ്പെടേണ്ട സ്ഥാനത്ത് 300 പേരുമായി മൂന്ന് വിമാനങ്ങളാണ് പുറപ്പെട്ടത്. സമയങ്ങളില്‍ മാറ്റംവന്നപ്പോഴും ക്യാംപിലെത്തിയ തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ പ്രത്യേക തയാറെടുപ്പുകള്‍ നടത്തിയിരുന്നു.
മന്ത്രി കെ.ടി ജലീലും ക്യാംപിലെത്തി സംവിധാനങ്ങള്‍ വിലയിരുത്തി. ഇന്നലെ ആദ്യ രണ്ട് വിമാനങ്ങളില്‍ പോകേണ്ട തീര്‍ഥാടകരെ രാവിലെ 10.30 ഓടെ ഒരുമിച്ച് കൂട്ടി നിര്‍ദേശങ്ങള്‍ നല്കി.
450 പേരുടെ രണ്ട് വിമാനങ്ങള്‍ 300 പേരുടെ മൂന്നായി മാറിയതോടെ ഓരോ വിമാനത്തിലും പോകേണ്ടവരുടെ പട്ടിക തയാറാക്കുകയായിരുന്നു. ഇത് വളരെവേഗം പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ കാണിച്ച കാര്യക്ഷമത അഭിനന്ദനീയമായിരുന്നു.
തുടര്‍നടപടിക്രമങ്ങളും അതിവേഗം പൂര്‍ത്തിയാക്കി. ഈ വര്‍ഷം സഊദി എയര്‍ലൈന്‍സ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള വിമാന സര്‍വിസ് ഏറ്റെടുത്തപ്പോള്‍ വന്‍ പ്രതീക്ഷയോടെയാണ് വരവേറ്റത്.
എന്നാല്‍ ആദ്യ ദിനങ്ങളില്‍ തന്നെ താളപ്പിഴ സംഭവിക്കുകയായിരുന്നു. ജംബോ വിമാനത്തിന് സഊദി സിവില്‍ ഏവിയേഷന്‍ വിഭാഗം ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നതാണ് സര്‍വിസുകള്‍ ഷെഡ്യൂള്‍ തെറ്റാന്‍ ഇടയാക്കിയതെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.
വിമാനം റദ്ദാക്കേണ്ടി വന്നപ്പോഴും തീര്‍ഥാടകരെ ഇന്നലെ തന്നെ യാത്രയയക്കാന്‍ കഴിയുന്ന നിലയില്‍ സഊദി എയര്‍ലൈന്‍സ് പകരം സംവിധാനം ഒരുക്കിയതും ആശ്വാസമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."