പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടികളെ ഉപയോഗിച്ച് ദുര്‍മന്ത്രവാദം; മന്ത്രവാദി കസ്റ്റഡിയില്‍
പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴയില്‍ കുട്ടികളെ ഉപയോഗിച്ച് ദുര്‍മന്ത്രവാദം നടത്തിയ മന്ത്രവാദിയെ പൊലിസ് കസ്റ്റഡിയിലെടുത്തു. മലയാലപ്പുഴയിലെ വാസന്തി മഠത്തിന്റെ ഉടമ ശോഭനയെയാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലിക്കിരയാക്കിയതിന്റെ ഞെട്ടല്‍ മാറും മുമ്പേ ജില്ലയില്‍ വീണ്ടും ദുര്‍മന്ത്രവാദമെന്ന വാര്ത്ത പുറത്തെത്തിയത്. കുട്ടികളെ ഉപയോഗിച്ച് പൂജയും ദുര്‍മന്ത്രവാദവും നടക്കുന്നെന്ന വിവരമാണ് പുറത്തുവന്നിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും വാസന്തീമഠത്തിന് മുന്നില്‍ പ്രതിഷേധവുമായെത്തി. മന്ത്രവാദത്തിനിടെ ഒരു കുട്ടി മയങ്ങിവീഴുന്ന വിഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതോടെയാണ് നാട്ടുകാരും യുവജന സംഘടനകളും പ്രതിഷേധവുമായെത്തിയത്.
മലയാലപ്പുഴ പഞ്ചായത്തിലെ മൂന്നാംവാര്‍ഡ് ലക്ഷംവീട് കോളനിയിലാണ് വാസന്തീമഠം. സ്ഥാപനത്തില്‍ കുട്ടികളെ ഉപയോഗിച്ച് മന്ത്രവാദങ്ങള്‍ നടത്തുന്നതെന്ന് പ്രതിഷേധവുമായെത്തിയവര്‍ പറയുന്നു. 2016ലാണ് ശോഭന എന്ന സ്ത്രീ വാസന്തിയമ്മ എന്ന പേര് സ്വീകരിച്ച് മഠം തുടങ്ങിയത്. 2017ല്‍ തന്നെ ഇവര്‍ക്കെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയ മഠത്തിനെതിരെ നാട്ടുകാര്‍ വ്യാപകമായി പരാതിപ്പെട്ടിരുന്നു. ഗുണ്ടകളെ ഉപയോഗിച്ച് തങ്ങളെ ഭീഷണിപ്പെടുത്തുകയാണ് മഠത്തിലുള്ളവര്‍ ചെയ്തതെന്ന് നാട്ടുകാര്‍ പറയുന്നു.നാട്ടുകാര്‍ ഒപ്പിട്ട പരാതി മലയാലപ്പുഴ പൊലീസില്‍ നല്‍കിയെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. ഇലന്തൂര്‍ നരബലിയെ തുടര്‍ന്ന് പൊലിസ് പരിശോധന ശക്തമാക്കിയതോടെ വാസന്തിയമ്മ മഠത്തില്‍ നിന്ന് കടന്നുകളഞ്ഞതായും നാട്ടുകാര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."