ഭാഗ്യവും നിര്‍ഭാഗ്യവും മണിക്കൂറുകളുടെ വ്യത്യാസത്തില്‍; മത്സ്യ വ്യാപാരി പൂക്കുഞ്ഞിന് ജപ്തി നോട്ടീസിന് പിന്നാലെ ഭാഗ്യം വഴി 70 ലക്ഷം
ശാസ്താംകോട്ട: ഭാഗ്യത്തിനും നിര്‍ഭാഗ്യത്തിനും ഇടയിവുള്ള പരീക്ഷണഘട്ടത്തിനൊടുവില്‍ ഭാഗ്യം തുണച്ച സന്തോഷത്തിലാണ് ശാസ്താംകോട്ട മൈനാഗപ്പള്ളിയില്‍ മത്സ്യവ്യാപാരിയായ പൂക്കുഞ്ഞ്. വെറും മണിക്കൂറുകളുടെ വ്യത്യാസത്തില്‍ നടന്ന സംഭവങ്ങള്‍ കേള്‍ക്കുന്നവരിലും അവിശ്വസനീയത നിറക്കും.
ബുധനാഴ്ച ഉച്ചക്ക് ഒരുമണിയോടെ മീല്‍ വില്‍പന കഴിഞ്ഞ് മടങ്ങവേ മൈനാഗപ്പള്ളി പ്ലാമൂട്ടില്‍ ചന്തയില്‍ ലോട്ടറി വില്‍പ്പന നടത്തുന്ന വയോധികന്റെ കൈയില്‍നിന്ന് ഒരു ടിക്കറ്റെടുത്തു. അവിടെ നിന്നും നേരെ വീട്ടിലേക്ക്. എന്നാല്‍ അല്‍പ സമയത്തെ വിശ്രമത്തിനായി കിടന്ന പൂക്കുഞ്ഞിനെ തേടിയെത്തിയത് കരുനാഗപ്പള്ളി കുറ്റിവട്ടം കോര്‍പ്പറേഷന്‍ ബാങ്കിന്റെ വായ്പ കുടിശ്ശിക ജപ്തി നോട്ടീസാണ്. വീടുവയ്ക്കുന്നതിന് ബാങ്കില്‍നിന്ന് എട്ടുവര്‍ഷംമുമ്പ് 7.45 ലക്ഷം രൂപ വായ്പയെടുത്തത് കുടിശ്ശികയായി ഒന്‍പതുലക്ഷത്തിലെത്തിയിരുന്നു. രണ്ട് മണിയോടെയാണ് പൂക്കുഞ്ഞിന് ജപ്തി നോട്ടീസ് ലഭിച്ചത്. ജപ്തി നോട്ടീസുമായി ഇനിയെന്ത് ചെയ്യണമെന്നറിയാതെ നെഞ്ച് നീറി കിടന്ന പൂക്കുഞ്ഞിനെ തേടി മൂന്നരയോടെ സഹോദരന്റെ വിളിയെത്തി. ഭാഗ്യദേവതയുടെ കടാക്ഷമറിയിച്ചുള്ള സഹോദരന്റെ വിളിയില്‍ ആദ്യം വിശ്വാസം വന്നില്ല. സത്യം മനസ്സിലാക്കി പിന്നീട് സന്തോഷത്തിന്റെ നിമിഷങ്ങള്‍. മറക്കാനാകാത്ത ദിവസം സമ്മാനിച്ച ദൈവത്തിന് എല്ലാവരുമെത്തൊരുമിച്ചുള്ള നന്ദിപറച്ചിലും ആഹ്ലാദം പങ്കുവെക്കലും.
പൂക്കുഞ്ഞ് എടുത്ത എ.ഇസഡ് 907042 എന്ന ടിക്കറ്റിനാണ് ഒന്നാംസമ്മാനം ലഭിച്ചത്. 70 ലക്ഷം രൂപയാണ് സമ്മാനത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."