ആത്മാഭിമാനത്തിലേക്കുള്ള നവയാനം
ദാമോദർ പ്രസാദ്
ഒക്ടോബർ -14-1956 നാണ് ബി.ആർ അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ചത്. നാഗ്പൂരിലെ ദീക്ഷാഭൂമിയിൽ പതിനായിരങ്ങളാണ് അംബേദ്കറിന്റെ കൂടെ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തത്. നവബുദ്ധിസം അല്ലെങ്കിൽ നവയാന എന്നാണ് അംബേദ്കർ സ്വീകരിച്ച ബുദ്ധമാർഗത്തെ വിശേഷിപ്പിക്കുന്നത്. പതിനാലിനു തലേന്ന് അംബേദ്കർ പത്രസമ്മേളനം വിളിച്ചിരുന്നു. ഈ സമ്മേളനത്തിൽ പത്രപ്രതിനിധി എന്തുകൊണ്ടാണ് ബുദ്ധമതം സ്വീകരിക്കുന്നത് എന്ന് അംബേദ്കറിനോട് ചോദിക്കുകയുണ്ടായി. ഇതിനു നൽകിയ മറുപടി നമ്മുടെ വർത്തമാനകാല ചരിത്രസന്ധിയിലും ഏറെ പ്രാധാന്യമർഹിക്കുന്നു. അംബേദ്കർ അംഗീകാരം നൽകിയ ധനഞ്ജയ് ഖീർ എഴുതിയ ബാബസാഹേബിന്റെ ജീവചരിത്രത്തിൽ പത്രപ്രതിനിധിക്ക് നൽകിയ മറുപടി രേഖപ്പെടുത്തിയിട്ടുണ്ട്. അംബേദ്കർ രോഷത്തോടെ ഇപ്രകാരമാണ് മറുപടി പറഞ്ഞത് - 'നിങ്ങൾ ആ ചോദ്യം സ്വയം ചോദിക്കൂ. അല്ലെങ്കിൽ നിങ്ങളുടെ പിതാമഹന്മാരോട് ആരായൂ ഞാൻ എന്തുകൊണ്ടാണ് ഹിന്ദുവിഭാഗത്തിൽ നിന്ന് പുറത്തുകടക്കുന്നതെന്നും ബുദ്ധിസം എന്തുകൊണ്ട് സ്വീകരിക്കുന്നുവെന്നും'.
അംബേദ്കറുടെ ബുദ്ധമത പരിവർത്തനത്തെക്കുറിച്ച് ഇപ്പോൾ ആലോചിക്കാൻ രണ്ടു കാര്യങ്ങളുണ്ട്. സമീപകാല രാഷ്ട്രീയത്തിലെ രണ്ടു പ്രധാന വിഷയങ്ങളുമായി ബന്ധപ്പെട്ടാണ്. ഒന്ന്, ഡൽഹിയിലെ ആം ആദ്മി പാർട്ടി മന്ത്രിസഭയിലെ അംഗമായിരുന്ന രാജ്പാൽ ഗൗതം പതിനായിരത്തോളം പേർ പങ്കാളിയായ ബുദ്ധമത പരിവർത്തന ചടങ്ങിൽ പങ്കെടുത്തതിനെ ബി.ജെ.പി വിവാദമാക്കിയതും തുടർന്ന് മന്ത്രിസഭയിൽ നിന്ന് അദ്ദേഹത്തിനു രാജി നൽകേണ്ടിവന്ന സാഹചര്യം. രണ്ട്, ഏതു മതത്തിലേക്കും പരിവർത്തനം ചെയ്ത ദലിത് ജനവിഭാഗങ്ങൾക്ക് ലഭിക്കേണ്ട സംവരണാർഹതയെക്കുറിച്ചു പഠിക്കാൻ വേണ്ടി ജസ്റ്റിസ് കെ.ജി ബാലകൃഷ്ണൻ അധ്യക്ഷനായ കമ്മിഷനെ നിയോഗിച്ച കാര്യവും.
ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ബദലാകാനുമുള്ള പ്രയത്‌നത്തിൽ ആം ആദ്മി പാർട്ടി ഹിന്ദുത്വ പാർട്ടിയുടെ സ്വഭാവത്തിലേക്ക് പരിവർത്തനം ചെയ്തുകൊണ്ടിരിക്കുകയാണ്. ബുദ്ധമത പരിവർത്തന ചടങ്ങിൽ പങ്കെടുത്തതിന്റെ പേരിൽ മാത്രം ബി.ജെ.പി ഇളക്കിവിട്ട വിദ്വേഷരാഷ്ട്രീയത്തിനു കീഴടങ്ങി രാജ്പാൽ ഗൗതമിനെ ത്യജിക്കുന്നത് ആം ആദ്മിക്ക് സംഭവിച്ച ധാർമിക ശോഷണത്തിന്റെ തെളിവാണ്. ഇന്ത്യയുടെ ഭരണഘടന ശിൽപി അംബേദ്കർ തന്നെ മാതൃകയാക്കിയ രാജ്പാൽ ഗൗതമിനെയാണ് ആം ആദ്മിയും തള്ളിപ്പറയുന്നത്. എന്നാൽ, അംബേദ്കറിനെ ഭാരതത്തിന്റെ പുത്രൻ എന്നുള്ള വിശേഷണങ്ങൾ നൽകി ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് സ്വംശീകരിക്കാനുമുള്ള പരിപാടി തകൃതിയായി നടക്കുന്നുമുണ്ട്.
അംബേദ്കറിനുശേഷം നവയാന പ്രസ്ഥാനത്തിന് കാര്യമായ പിന്തുടർച്ചയുണ്ടായില്ല. ജാതിവ്യവസ്ഥതിക്കും ബ്രാഹ്മണ്യത്തിനുമെതിരേ ബുദ്ധമത പരിവർത്തനത്തിലൂടെ അംബേദ്കർ ഉയർത്തിയ വെല്ലുവിളിയുടെ അനുരണങ്ങൾ ഇപ്പോഴും നിലച്ചിട്ടില്ല. ഒക്ടോബർ അഞ്ചിനു ഡൽഹിയിലെ അംബേദ്കർ ഭവനിൽവച്ച് അശോക ചക്രവർത്തി ബുദ്ധമതം സ്വീകരിച്ചതിന്റെ ഓർമ പുതുക്കുന്ന അശോക വിജയദശമി ചടങ്ങിൽ പങ്കെടുകയും ഹിന്ദുവിശ്വാസം ഉപേക്ഷിക്കാൻ ആഹ്വാനം ചെയ്തുെവന്നതാണ് രാജ്പാൽ ഗൗതമിനെതിരേ ബി.ജെ.പി ഉയർത്തിയ ആരോപണം. ഡൽഹി പൊലിസ് ഇതിന്റെ പേരിൽ കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഇത് ഹിന്ദു വിശ്വാസങ്ങളെ അപകീർത്തിപ്പെടുതുകയാണെന്നാണ് ബി.ജെ.പിയുടെ വാദം. അഭിഭാഷകനായ രാജ്പാൽ ഗൗതം താൻ അനുഭവിക്കേണ്ടിവന്ന കടുത്ത ജാതീയ വിവേചനത്തെക്കുറിച്ച് ഒരു അഭിമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. ജാതിവിവേചനത്തിന്റെ മുഖ്യപ്രശ്‌നത്തെ അവഗണിച്ചുകൊണ്ടാണ് മതനിന്ദ എന്ന വാദം ഹിന്ദുത്വ സംഘടനകൾ ഉന്നയിക്കുന്നത്. എന്നാൽ, ബുദ്ധനെയും ബുദ്ധമതത്തെയും അതിന്റെ ചരിത്രപരമായ തുടക്കങ്ങളെ മറച്ചുവച്ചുകൊണ്ട് ഭാരതീയതയിലേക്ക് സ്വാംശീകരിക്കുന്ന ഹിന്ദുത്വതന്ത്രം ഈ സംഭവത്തോടെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. ബ്രാഹ്മണ്യവാദം ബുദ്ധമതത്തിലേക്കുള്ള പരിവർത്തനത്തെ ശത്രുതയോടെ തന്നെയാണ് കാണുന്നത്. അംബേദ്കറുടെ ബുദ്ധമതപരിവർത്തനത്തെ എതിർക്കുകയാണ് വി.ഡി സവർക്കർ ചെയ്തത്.
ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തത് മഹർ ജാതിവിഭാഗത്തിൽ നിന്നുള്ളവരായിരുന്നു. പരിവർത്തനത്തിനു ശേഷം നവബുദ്ധിസ്റ്റുകൾക്ക് എന്തു സംഭവിച്ചു എന്നും അറിയേണ്ടതുണ്ട്. അധികാരത്തിൽ നിന്ന് നൂറ്റാണ്ടുകളായി ബഹിഷ്‌കൃതരായ ജനവിഭാഗങ്ങൾക്ക് ഭാവിയിലെ ഉന്നതിക്കായി സംവരണം ഭരണഘടന ഉറപ്പുവരുത്തുന്നുണ്ടെങ്കിലും ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് ഇത് ലഭ്യമായില്ല. ഭരണഘടനയുടെ 341ാം അനുച്ഛേദ പ്രകാരം പട്ടികയിൽ ഉൾപ്പെടുത്തിയ ജാതി വിഭാഗങ്ങൾക്ക് മാത്രമാണ് സംവരണം ലഭ്യമായിരുന്നുള്ളു. അംബേദ്കർ ഇത് മനസ്സിലാക്കിയിരുന്നു. പക്ഷേ ആത്മാഭിമാനം സാമ്പത്തിക നേട്ടത്തേക്കാൾ പ്രാധാന്യത്തോടെ കാണണമെന്നായിരുന്നു അംബേദ്കറുടെ സമീപനം. എന്നിരുന്നാലും, ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള അർഹതപ്പെട്ട സംവരണത്തിന്റെ നിഷേധത്തിനു യുക്തിസഹമായ ഒരു കരണവുമില്ല. മണ്ഡൽ കമ്മിഷൻ ശുപാർശകൾ വി.പി സിങ് സർക്കാർ നടപ്പാക്കാൻ തീരുമാനിച്ചതിനു ശേഷം തൊണ്ണൂറുകളോടെയാണ് ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്ത ജാതിശ്രേണിയിൽ താഴേക്ക് തള്ളപ്പെട്ട ജനതയ്ക്ക് സംവരണം ലഭ്യമായത്. ജസ്റ്റിസ് ചന്ദ്രുവിന്റെ അഭിപ്രായത്തിൽ മുപ്പത്തി നാലു വർഷം മതപരിവർത്തനത്തിന്റെ പേരിൽ ഈ ജനതശിക്ഷിക്കപ്പെട്ടു. തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങൾ പിന്നീടും നവബുദ്ധിസ്റ്റുകൾക്ക് സംവരണം നടപ്പാക്കാതെ വിവേചനം തുടർന്നു.
സിഖ്- ജൈന- ബുദ്ധ മതത്തിലേക്ക് പരിവർത്തനം ചെയ്ത പട്ടികയിലുൾപ്പെടുത്തപ്പെട്ട ജാതികൾക്ക് സംവരണ ആനുകൂല്യം ലഭ്യമായിത്തുടങ്ങിയെങ്കിലും ഇതരമതങ്ങളിലേക്ക് പരിവർത്തനം ചെയ്തവർക്ക് ഇപ്പോഴും സംവരണാനുകൂല്യം ലഭിക്കുന്നില്ല. 1955ലെ കാക്ക കേൽക്കർ കമ്മിഷൻ ശുപാർശകളുടെ അടിസ്ഥാനത്തിലും 1983ൽ ഉന്നതാധികാര സമിതിയുടെ റിപ്പോർട്ടനുസരിച്ചും സിഖ് മതത്തിലേക്ക് പരിവർത്തനം ചെയ്തവർക്ക് 1956 മുതൽക്കും 1990 മുതൽ ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്തവർക്കും സംവരണം ലഭ്യമായി. കാക്ക കേൽക്കർ കമ്മിഷൻ റിപ്പോർട്ടിൽ സൂചിപ്പിക്കുന്ന കാര്യം ഹിന്ദുമതം ഉപേക്ഷിച്ചു ക്രൈസ്തവ, ഇസ്‌ലാം മതം സ്വീകരിച്ചവർ മതപരിവർത്തനം നടത്തിയിട്ടും സാമൂഹികവും സാമ്പത്തികമായ പിന്നോക്കാവസ്ഥയും ജാതീയ വിവേചനവും തുടരുകയാണെന്നാണ്. ഇത്തരത്തിൽ മതപരിവർത്തനം ചെയ്തവർക്ക് സംവരണം നടപ്പാക്കണമെന്നുള്ള ആവശ്യം മുൻനിർത്തി ഉന്നതനീതിപീഠത്തിനു മുമ്പാകെ നിൽക്കുന്ന ഹരജിയുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര സർക്കാർ സിഖ്, ജൈന, ബുദ്ധ മതത്തിലേക്കല്ലാതെ ഇതരമതങ്ങളിലേക്ക് പരിവർത്തനം ചെയ്തവർക്കുള്ള സംവരണാർഹതയെക്കുറിച്ചു പഠിക്കാൻ സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ മൂന്നംഗ കമ്മിഷനെ നിയോഗിച്ചിട്ടുള്ളത്. ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ സമീപനം ക്രൈസ്തവ, ഇസ്‌ലാം മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത പട്ടിക ജാതി വിഭാഗങ്ങൾക്ക് സംവരണം നൽകുന്നതിന് അനുകൂലമല്ല. അസ്പൃശ്യത ഇന്ത്യൻ യാഥാർഥ്യമാണെന്നും അതുകൊണ്ട് ഇന്ത്യയിൽ ഉറവയെടുത്ത മതവിഭാഗങ്ങൾക്ക് മാത്രമേ സംവരണം ബാധകമാവുകയുള്ളൂ എന്നാണ് കേന്ദ്ര നിലപാട്.
അംബേദ്കർ ഹിന്ദു മതം ഉപേക്ഷിച്ചുകൊണ്ട് മറ്റൊരു മതം സ്വീകരിച്ചത് വിമതസന്ദേശം ഉയർത്തിക്കൊണ്ടാണ്. ജാതി വിവേചനത്തിന്റെ പരപീഡനക്രമത്തിനു കീഴ്പ്പെടാതെ ഈ അടഞ്ഞവ്യവസ്ഥയിൽനിന്ന് പുറത്തുകടക്കുക എന്നാണ് ഇതിലെ പ്രഖ്യാത സന്ദേശം. എന്തുകൊണ്ടു മതപരിവർത്തനം എന്ന പത്രപ്രതിനിധിയുടെ ചോദ്യത്തിന് അംബേദ്കർ നൽകിയ മറുപടി ഇന്നും പ്രസക്തമാണ്. കാരണം ഇത് മറുപടി അർഹിക്കാത്ത ചോദ്യമാണ്. ചോദ്യമുയർത്തുന്നവർ ആത്മപരിശോധനയ്ക്ക് വിധേയമാക്കേണ്ട സംഗതിയാണിത്.
ആത്മാഭിമാനം വീണ്ടെടുക്കലായിരുന്നു സ്വാതന്ത്ര്യ കാലഘട്ടത്തിലെ കൂട്ടമതപരിവർത്തനങ്ങൾക്ക് നിദാനമായ വസ്തുത. സാമ്പത്തിക കാരണങ്ങളിലേക്ക് മാത്രം മതപരിവർത്തനത്തെ ലഘൂകരിക്കുന്നത് സവർണ ആഖ്യാനം മാത്രമാണ്. 1981ൽ മീനാക്ഷിപുരത്തെ നൂറു ദലിത് കുടുംബങ്ങളിൽ നിന്നുള്ള ആയിരം പേര് ഇസ്‌ലാം മതം സ്വീകരിച്ചു. ജാതി വിവേചനത്തിനെതിരേ കടുത്ത പ്രതിഷേധമുയർത്തിക്കൊണ്ടുള്ള ഈ മതപരിവർത്തനം വലിയ വിവാദങ്ങൾക്ക് വഴിവച്ചു. 1999 അവസാനം പ്രമുഖ പത്രപ്രവർത്തകൻ പി. സായ്‌നാഥ് മീനാക്ഷിപുരം സന്ദർശിച്ചു തയാറാക്കിയ റിപ്പോർട്ട് മതപരിവർത്തനത്തിന്റെ സാമൂഹികാഘാതത്തെ വ്യക്തമായും അവതരിപ്പിക്കുന്നു. ഈ റിപ്പോർട്ടിന് പി. സായ്‌നാഥ് നൽകിയ തലവാചകം 'കാശല്ല കാസ്റ്റാണ് എന്നാണ്' (Caste, not Cash). റിപ്പോർട്ടിൽ പറയുന്നത് ഇസ്‌ലാമിലേക്കുള്ള മതപരിവർത്തനം മീനാക്ഷിപുരത്തെ ദലിത് ജീവിതത്തെ അടിമുടി മാറ്റിമറിച്ചുവെന്നാണ്. അടിച്ചമർത്തലും അപമാനിക്കപ്പെടലും ഒടുങ്ങുകയും സമത്വവും ആത്മാഭിമാനവും പുലരുകയും ചെയ്തു എന്നാണ് സായ്‌നാഥ് കുറിക്കുന്നത്. ആം ആദ്മി പാർട്ടി അംഗമായ രാജ്പാൽ ഗൗതം ബുദ്ധമതപരിവർത്തന ചടങ്ങിൽ പങ്കെടുക്കുമ്പോൾ ഇതിൽ അമർഷംകൊള്ളുന്നവർ മതപരിവർത്തനത്തിന്റെ ഈ വിമത സന്ദേശം മനസ്സിലാക്കാനും തിരിച്ചറിയാനും ബാധ്യസ്ഥമാണ്. ഇതേപോലെത്തന്നെ ജാതീയമായ ഉച്ചനീചത്വങ്ങളെ അവസാനിപ്പിക്കാനുള്ള നടപടി എന്ന നിലയിൽ മതപരിവർത്തനം ചെയ്ത പട്ടിക ജാതി വിഭാഗത്തിലുള്ളവർക്ക് സംവരണാനുകൂല്യവും ഉറപ്പുവരുത്തേണ്ടതുമാണ്.
മതപരിവർത്തനത്തിന്റെ സാമൂഹിക ഉള്ളടക്കത്തെകുറിച്ചാണ് ഇവിടെ പറയാൻ ശ്രമിച്ചത് അല്ലാതെ മതത്തിന്റെ ശ്രേഷ്ഠതകളെക്കുറിച്ചല്ല. അഹിംസയുടെ തത്വസംഹിത എന്നു വിശേഷിക്കപ്പെടുന്ന ബുദ്ധമതത്തിലെ പുരോഹിതവർഗവും അനുയായികളും ലങ്കയിൽ മ്യാന്മറിലും പ്രസരിപ്പിക്കുന്ന അപരമതവിദ്വേഷം അവരുടെ സംഹിതകളുടെ പ്രയോഗത്തെക്കുറിച്ചു പുനരാലോചിക്കാൻ പ്രേരിപ്പിക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."