ഉന്നാവ് പെണ്‍കുട്ടിയെ വധിക്കാന്‍ ശ്രമിച്ച കേസ്; ബി.ജെ.പി നേതാവ് കുല്‍ദീപ് സിങ്ങിന് ശുദ്ധിപത്രം
ന്യൂഡല്‍ഹി: ഉന്നാവോയില്‍ ലൈംഗികപീഡനത്തിനിരയായ പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ കുല്‍ദീപ് സിങ് സെംഗാറിന് സി.ബി.ഐ ശുദ്ധിപത്രം. അന്വേഷണത്തിന്റെ വിശ്വാസ്യതയും കൃത്യതയും ആത്മാര്‍ഥതയും സംശയിക്കേണ്ടതില്ലെന്ന് പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ധര്‍മേഷ് ശര്‍മ പറഞ്ഞു.
പീഡനക്കേസിലും പരാതിക്കാരിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണ് കുല്‍ദീപ്. ഇതിനിടെയാണ് പെണ്‍കുട്ടി സഞ്ചരിച്ച കാറില്‍ ലോറിയിടിച്ച് അവരെ അപായപ്പെടുത്താനും ശ്രമമുണ്ടായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രണ്ട് ബന്ധുക്കള്‍ മരിച്ചിരുന്നു. ഈ കേസിലാണ് കുല്‍ദീപിന് സി.ബി.ഐ ശുദ്ധിപത്രം നല്‍കിയത്. ഗൂഢാലോചനയിലും സെംഗാറിന് യാതൊരു പങ്കുമില്ലെന്ന് പറയുന്ന അന്തിമ റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തതുകൊണ്ടാണ് വാഹനാപകടമുണ്ടായത്. ഊഹാപോഹങ്ങളുടെയും സംശയത്തിന്റെയും ബലത്തില്‍ ഉടലെടുത്ത കഥ മാത്രമാണിതെന്നും കോടതി നിരീക്ഷിച്ചു.
വാഹനാപകടക്കേസ് യു.പി പൊലിസ് അന്വേഷിക്കാന്‍ വിമുഖത കാണിച്ചതോടെയാണ് സുപ്രിംകോടതി ഇടപെട്ട് വിചാരണ ഡല്‍ഹിയിലേക്ക് മാറ്റിയതും സി.ബി.ഐ ഏറ്റെടുത്തതും. 2017ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട സെംഗാര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."