പാനായിക്കുളം കേസ്: നിരപരാധിക്ക് ജാമ്യം നല്‍കിയതിന് ഞാനും വേട്ടയാടപ്പെട്ടു; മുന്‍ മജിസ്‌ട്രേറ്റ് മുഹമ്മദ് താഹയുടെ വെളിപ്പെടുത്തല്‍ വീണ്ടും ചര്‍ച്ചയാകുന്നു
കൊച്ചി: എറണാകുളം പാനായിക്കുളത്ത് സിമി ക്യാംപ് നടത്തിയെന്ന കേസില്‍ പ്രതികളെ വെറുതെവിട്ട ഹൈക്കോടതി വിധി സുപ്രിംകോടതിയും ശരിവച്ചതോടെ, കേസിന്റെ പേരില്‍ വേട്ടയാടപ്പെട്ട അന്നത്തെ മജിസ്‌ട്രേറ്റ് മുഹമ്മദ് താഹയുടെ തുറന്നുപറച്ചില്‍ വീണ്ടും ചര്‍ച്ചയാകുന്നു. കേസില്‍ ഹൈക്കോടതി വെറുതെവിട്ട പി.എ ഷാദുലി, അബ്ദുല്‍ റാസിഖ്, അന്‍സാര്‍ നദ്‌വി, നിസാമുദ്ദിന്‍, ഷമ്മാസ് എന്നിവരെ വെറുതെവിട്ട നടപടിക്കെതിരെ എന്‍.ഐ.എ നല്‍കിയ ഹരജി തള്ളിയാണ് ഹൈക്കോടതി വിധി ജസ്റ്റിസ് ബി.ആര്‍ ഗവായി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ച് ശരിവച്ചത്.
കേസില്‍ മുസ്ലിം യുവാക്കള്‍ മാത്രമല്ല, നീതിക്കൊപ്പം നിന്നതിന്റെ പേരില്‍ അന്നത്തെ മജിസ്‌ട്രേറ്റും വേട്ടയാട്ടപ്പെട്ടിരുന്നുവെന്ന, ഇതുസംബന്ധിച്ച മുന്‍ മജിസ്‌ട്രേറ്റ് മുഹമ്മദ് താഹയുടെ വെളിപ്പെടുത്തല്‍ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഒരിക്കല്‍ക്കൂടി ചര്‍ച്ചയാവുന്നത്. സംഭവം നടക്കുമ്പോള്‍ പറവൂര്‍ മജിസ്‌ട്രേറ്റായിരുന്നു മുഹമ്മദ് താഹ. എന്നാല്‍, നിരപരാധിയായ വിദ്യാര്‍ഥിയുടെ നീതിക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരില്‍ കേരള ഹൈക്കോടതി രജിസ്ട്രാര്‍ അടക്കമുള്ളവര്‍ തനിക്കെതിരേ പ്രവര്‍ത്തിച്ചതായാണ് താഹയുടെ വെളിപ്പെടുത്തല്‍.
താഹയുടെ വാക്കുകള്‍ ഇങ്ങനെ:
2009 ല്‍ പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റായിരിക്കെയാണ് സംഭവം. പതിവ് പോലെയെത്തിയ കേസുകളില്‍ ഒന്ന് പാനായിക്കുളം കേസിലെ പതിനേഴാം പ്രതിയായ പോളിടെക്‌നിക് വിദ്യാര്‍ഥിയുടെത്. വിദ്യാര്‍ഥിയുടെ കേസ് ഡയറി ഹാജരാക്കാന്‍ പൊലിസിനോട് ആവശ്യപ്പെട്ടു. അന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ അര്‍ധരാത്രിവരെ കേസ് ഡയറി മുഴുവന്‍ പഠിച്ചു. എന്നാല്‍ അതിലൊരിക്കലും വിദ്യാര്‍ഥിയെ കേസുമായി ബന്ധിപ്പിക്കുന്ന ഒന്നും കണ്ടില്ല. എനിക്കെന്നല്ല ഒരു ജഡ്ജിക്കും വിദ്യാര്‍ഥിയെ കേസില്‍ കുടുക്കുന്ന ഒന്നും കണ്ടെത്താനായില്ല. വിദ്യാര്‍ഥിയുടെ ജാമ്യാപേക്ഷ തന്റെ മുമ്പിലെത്തി. അടുത്ത ആഴ്ച പരീക്ഷയായതിനാല്‍ വിദ്യാര്‍ഥിക്ക് ജാമ്യം വേണമെന്ന് അവന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ജാമ്യംനല്‍കിയില്ലെങ്കില്‍ വിദ്യാര്‍ഥിയുടെ പഠനം അഴതാളത്തിലാകുമെന്നും അവന്റെ അഭിഭാഷകന്‍ വാദിച്ചു. ഞാനാകെ ആശയക്കുഴപ്പത്തിലായി.
ജാമ്യം നിഷേധിച്ചാല്‍ പഠനവും ഭാവിയും കുഴപ്പത്തിലാകും. ജാമ്യം നല്‍കിയാല്‍ എന്റെ മുസ്ലിം സ്വത്വം ചര്‍ച്ചയാകും. മുസ്ലിമായതിനാല്‍ കുട്ടിയോട് അനുഭാവം കാണിച്ചെന്ന് ആരോപണം ഉയരും. വ്യക്തിപരമായ സുരക്ഷ മുന്‍നിര്‍ത്തി എനിക്ക് ജാമ്യം നിഷേധിക്കമായിരുന്നു, എന്നാല്‍ നീതിക്കൊപ്പം നില്‍ക്കാനും വിദ്യാര്‍ഥിക്ക് ജാമ്യം നല്‍കാനും തീരുമാനിച്ചു.
ജാമ്യം നല്‍കി രണ്ട് മൂന്നുദിവസം എന്റെ കൂടെയുള്ള അഡീഷനല്‍ മജിസ്‌ട്രേറ്റ് എന്നെ വിളിച്ചുപറഞ്ഞു, താഹക്ക് ഒരു സ്ഥലംമാറ്റം ഉണ്ടല്ലോ എന്ന്. മൂന്നുനാലുദിവസം കഴിഞ്ഞ് മെമ്മോ കിട്ടി. സിമി പ്രതിക്ക് ജാമ്യംകൊടുത്തു എന്നതാണ് എനിക്കെതിരായ കുറ്റപത്രം. അങ്ങിനെ എനിക്ക് കോഴിക്കോട്ടേക്ക് സ്ഥലംമാറ്റം ലഭിച്ചു. എന്നെ സര്‍വീസില്‍നിന്ന് പുറത്താക്കാന്‍ വരെ നീക്കമുണ്ടായി. എനിക്കെതിരേ വലിയ സമ്മര്‍ദ്ദം ഉണ്ടായെന്നാണ് ഉന്നതര്‍ പറഞ്ഞത്. പാനായിക്കുളം കേസ് ആരുടെയോ സമ്മര്‍ദ്ദത്തിനായി കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. ആരെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടി ഉണ്ടാക്കിയെടുത്ത കേസാണെന്നും മുഹമ്മദ് താഹ ചൂണ്ടിക്കാട്ടുകയുണ്ടായി.
i was targeted in panayikulam case says, former magistrate muhammed thaha
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."