'വയനാട്ടിലല്ല, ഹൈദരാബാദില്‍ എന്നെ തോല്‍പിക്കൂ' രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഉവൈസി
'വയനാട്ടിലല്ല, ഹൈദരാബാദില്‍ എന്നെ തോല്‍പിക്കൂ' രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ഉവൈസി
ഹൈദരാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ വെല്ലു വിളിച്ച് അസദുദ്ദീന്‍ ഉവൈസി എം.പി. ലോകസഭാ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ തനിക്കെതിരെ മത്സരിച്ച് തോല്‍പിക്കാനാണ് എ.ഐ.എം.ഐ.എം തലവന്‍ രാഹുലിനെ വെല്ലു വിളിക്കുന്നത്.
''വയനാട്ടില്‍ നിന്നല്ല ഇത്തവണ ഹൈദരാബാദില്‍ നിന്ന് മത്സരിക്കൂ' ഉവൈസി പറയുന്നു. 'നിങ്ങള്‍ വലിയ വലിയ കാര്യങ്ങള്‍ പറയുന്നുണ്ടല്ലോ. താഴെയിറങ്ങൂ. എന്നിട്ട് എനിക്കെതിരെ മത്സരിക്കൂ. കോണ്‍ഗ്രസില്‍ നിന്നുള്ള ആളുകള്‍ പലതും പറയും. എന്നാല്‍ ഞാന്‍ തയ്യാറാണ്' ഉവൈസി വെല്ലുവിളിക്കുന്നു. ബാബരി മസ്ജിദും സെക്രട്ടറിയേറ്റ് പള്ളിയുമെല്ലാം തകര്‍ക്കപ്പെട്ടത് കോണ്‍ഗ്രസ് ഭരണകാലത്താണെന്നും ഹൈദരാബാദില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ ഉവൈസി ചൂണ്ടിക്കാട്ടി.
ഈ മാസം ആദ്യത്തില്‍ തെലങ്കാനയിലെ തുക്കുഗുഡയില്‍ നടന്ന പരിപാടിയില്‍ ഉവൈസിക്കും എ.ഐ.എം.ഐ.എമ്മിനും എതിരെ രാഹുല്‍ ഗാന്ധി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ബി.ജെ.പിയും ബി.ആര്‍.എസ്സും എ.ഐ.എം.ഐ.എമ്മും ഒറ്റക്കെട്ടായാണ് തെലങ്കാനയില്‍ പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു രാഹുലിന്റെ വിമര്‍ശനം. ഈ ത്രയത്തിനെതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അവര്‍ വെവ്വേറെ പാര്‍ട്ടികളാണെന്നാകും പറയുന്നത്. എന്നാല്‍, അവര്‍ ഒന്നിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിനും എ.ഐ.എം.ഐ.എം തലവന്‍ അസദുദ്ദീന്‍ ഉവൈസിക്കുമെതിരെ ഇ.ഡിസി.ബി.ഐ കേസുകള്‍ വരാത്തത് പ്രധാനമന്ത്രി മോദി അവരെ സ്വന്തക്കാരായി കരുതുന്നതുകൊണ്ടാണെന്നും രാഹുല്‍ പ്രസംഗത്തില്‍ ആരോപിച്ചിരുന്നു.
ഈ വര്‍ഷം അവസാനത്തില്‍ തെലങ്കാനയില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമാന പോരാട്ടമായാണ് ഓരോ പാര്‍ട്ടിയും കാണുന്നത്. ബി.ആര്‍.എസ്സിനൊപ്പം എ.ഐ.എം.ഐ.എം ഭരണം നിലനിര്‍ത്താന്‍ പോരാടുമ്പോള്‍ പഴയ പ്രതാപം തിരിച്ചുപിടിച്ച് അധികാരത്തില്‍ തിരിച്ചെത്താനുള്ള കൊണ്ടുപിടിച്ച ശ്രമത്തിലാണ് കോണ്‍ഗ്രസ്. ബി.ജെ.പിയുടെ ദക്ഷിണേന്ത്യന്‍ പദ്ധതികളിലെ പ്രധാന നോട്ടങ്ങളിലൊന്നുമാണ് സംസ്ഥാനമെന്നതും ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പ് പോരിനെ കൂടുതല്‍ ദേശീയശ്രദ്ധയിലെത്തിക്കുമെന്നുറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."