കർണാടകയിലെ വിവാദ മതപരിവർത്തന നിരോധന നിയമത്തിൽ ആദ്യ അറസ്റ്റ്
ബംഗളൂരു • കർണാടകയിലെ വിവാദ മതപരിവർത്തന നിരോധന നിയമപ്രകാരമുള്ള ആദ്യ അറസ്റ്റ് യശ്വന്ത്പൂരിൽ. 19 കാരിയെ വിവാഹ വാഗ്ദാനം നൽകി മതപരിവർത്തനം നടത്തിയെന്ന പരാതിയിൽ ഉത്തര ബംഗളൂരുവിലെ ബി.കെ നഗർ സ്വദേശി സഈദ് മുഈൻ എന്ന 24 കാരനാണ് വ്യാഴാഴ്ച അറസ്റ്റിലായത്. യുവതിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്.
19കാരിയെ ഈ മാസം മൂന്നിനാണ് കാണാതായത്. രണ്ടുദിവസം കഴിഞ്ഞ് കുടുംബം പൊലിസിൽ പരാതിപ്പെട്ടു. ഇതോടെ മുഈനും പെൺകുട്ടിയും പൊലിസ് സ്റ്റേഷനിൽ ഹാജരായി. സ്വന്തം ഇഷ്ടപ്രകാരമാണ് മുഈനൊപ്പം പോയതെന്ന് യുവതി മൊഴിനൽകി. ഇതിന് പിന്നാലെയാണ് ബലപ്രയോഗത്തിലൂടെ യുവതിയെ മുഈൻ മതംമാറ്റുകയായിരുന്നെന്ന് കുടുംബം പരാതിപ്പെട്ടത്. യുവതിയും യുവാവും ഒരേ നാട്ടുകാരാണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരഖ്പൂർ സ്വദേശികളായ യുവതിയുടെ കുടുംബം ഏതാനും വർഷമായി ബി.കെ നഗറിലാണ് താമസം.
ലൗജിഹാദ് തടയാനെന്ന് അവകാശപ്പെട്ട് കർണാടകയിലെ ബി.ജെ.പി സർക്കാർ കഴിഞ്ഞമാസം കൊണ്ടുവന്ന നിയമപ്രകാരം കുറ്റക്കാർക്ക് അഞ്ചു വർഷം തടവും 25,000 രൂപ പിഴയും ശിക്ഷ ലഭിക്കും. ചെറിയ കുട്ടികളെയും സ്ത്രീകളെയും എസ്.സി-എസ്.ടി വിഭാഗത്തെയും മതംമാറ്റിയാൽ 3 – 10 വർഷം വരെ തടവു ലഭിക്കും. 50,000 രൂപ പിഴയും ഈടാക്കാം. കൂട്ട മതപരിവർത്തനത്തിന് 10 വർഷം തടവും ഒരു ലക്ഷം വരെ പിഴയുമാണ് ശിക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."