ഏഴഴകിന് ; ഇന്ത്യ – ശ്രീലങ്ക വനിത ഏഷ്യാകപ്പ് ഫൈനൽ ഇന്ന്
ജയിച്ചാൽ ഏഴാം കിരീടം
സിൽഹെറ്റ് (ബംഗ്ലാദേശ്) • ഏഴഴകിൽ വെട്ടിത്തിളങ്ങാൻ ഇന്ത്യൻ വനിതകൾ. ശ്രീലങ്കയ്‌ക്കെതിരായ വനിത ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് ഫൈനൽ ഇന്ന്.
ആറ് കിരീടവുമായി ഏഷ്യാകപ്പിൽ വൻ റെക്കോഡുള്ള ഇന്ത്യക്ക് ജയിച്ചാൽ തങ്ങളുടെ ഷെൽഫിൽ മറ്റൊരു പൊൻതൂവൽ കൂടി ചേർത്തുവയ്ക്കാം.
ഉച്ചയ്ക്ക് ഒന്നിന് ബംഗ്ലാദേശിലെ സിൽഹെറ്റ് അന്താരാഷ്ട്ര സ്റ്റേഡിയത്താണ് ഫൈനൽ. ഗ്രൂപ്പ് ഘട്ടത്തിൽ ഇരുവരും നേർക്കുനേർ വന്നപ്പോൾ ഇന്ത്യ 41 റൺസിന്റെ തകർപ്പൻ ജയം അക്കൗണ്ടിലാക്കിയിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ ആറു കളികളിൽ അഞ്ചും ജയിച്ച ഇന്ത്യൻ വനിതകൾ, സെമിയിൽ തായ്‌ലൻഡിനെയും നിലംപരിശാക്കി – 74 റൺസിന്റെ ജയം. ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താന്റെ മുമ്പിൽ മാത്രമാണ് ഇന്ത്യ മുട്ടുമടക്കിയത്. ബാറ്റിങ്ങിൽ സൂപ്പർ താരങ്ങളായ സമൃതി മന്ദാന, ഹർമൻപ്രീത് കൗർ, ഷഫാലി വർമ, ജമീമ റോഡ്രിഗസ് എന്നിവരിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ബൗളിൽ ദീപ്തി ശർമയുടെ സ്പിൻ മായാജാലത്തിലും ഇന്ത്യ വിശ്വാസം അർപ്പിക്കുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ ആറു കളികളിൽ നിന്ന് നാലു ജയവുമായാണ് ലങ്ക സെമിയിലെത്തിയത്. സെമിയിൽ കിരീട ഫേവറിറ്റുകളായ പാകിസ്താനെ ആവേശ മത്സരത്തിൽ ഒരു റൺസിന് തോൽപ്പിച്ചാണ് ലങ്കയുടെ ഫൈനൽ പ്രവേശം.
ലങ്കയ്‌ക്കെതിരായ ഗ്രൂപ്പ്ഘട്ട മത്സരത്തിൽ 53 പന്തിൽ 76 റൺസുമായി ടീമിനെ ഒറ്റയ്ക്ക് തോളിലേറ്റിയ ജമീമ റോഡ്രിഗസ് വീണ്ടും ലങ്കാദഹനം പൂർത്തിയാക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾ.
2004ൽ തുടങ്ങിയ വനിതാ ഏഷ്യാകപ്പിലെ എല്ലാ ഫൈനലിലുമെത്തി കരുത്ത് തെളിയിച്ച ഇന്ത്യക്ക് ഒരു തവണ മാത്രമാണ് കിരീടം വഴുതിപ്പോയത്. കഴിഞ്ഞ തവണ നടന്ന ഫൈനലിൽ ഏഷ്യൻ ഒന്നാം നമ്പർ ടീമിനെ ഞെട്ടിച്ച് ബംഗ്ലാദേശ് ജേതാക്കളായി. നഷ്ടപ്പെട്ട കിരീടം ഇത്തവണ തിരിച്ചുപിടിക്കാനാണ് ഹർമൻപ്രീത് കൗറും സംഘവും ഇന്നിറങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."