ജി.എൻ സായ്ബാബ കുറ്റവിമുക്തൻ
മുംബൈ • മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ജയിലിലടച്ച ഡൽഹി യൂനിവേഴ്‌സിറ്റി മുൻ പ്രഫസർ അംഗപരിമിതനായ ജി.എൻ സായ്ബാബയെ കുറ്റവിമുക്തനാക്കി. സായ്ബാബയെ എത്രയും പെട്ടെന്ന് മോചിപ്പിക്കാനും ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ഉത്തരവിട്ടു.
2017ൽ വിചാരണക്കോടതി ജീവപര്യന്തം ശിക്ഷിച്ചത് ചോദ്യംചെയ്ത് നാഗ്പൂർ ജയിലിൽ കഴിയുന്ന സായ്ബാബ നൽകിയ ഹരജിപരിഗണിച്ച് ജ. രോഹിത് ഡിയോ, അനിൽ പൻസാരെ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെതാണ് നടപടി.
ഡൽഹി യൂനിവേഴ്‌സിറ്റിക്കു കീഴിലെ രാം ലാൽ ആനന്ദ് കോളജിൽ ഇംഗ്ലിഷ് പ്രൊഫസറായിരുന്ന സായിബാബയ്‌ക്കൊപ്പം മഹേഷ് തിക്രി, ഹോമ കേശവ്ദത്ത മിശ്ര, പ്രശാന്ത് റാഷി, വിജയ് നാൻ തിക്രി, പാണ്ഡു പോര എന്നിവരെയും കോടതി കുറ്റവിമുക്തരാക്കി. ഇതിൽ പാണ്ഡു വിചാരണയ്ക്കിടെ മരിച്ചു. മാധ്യമപ്രവർത്തകരും ആക്ടിവിസ്റ്റുകളും ജെ.എൻ.യു വിദ്യാർഥികളുമടങ്ങുന്നവർക്കൊപ്പം 2014ലാണ് സായ്ബാബ അറസ്റ്റിലായത്.
2017 മാർച്ചിലാണ് ഗഡ്ചിറോളി കോടതി സായ്ബാബയടക്കം ആറുപേരെ കുറ്റക്കാരെന്നു കണ്ടെത്തിയത്. യു.എ.പി.എ ഉൾപ്പെടെയുള്ള നിയമപ്രകാരമായിരുന്നു നടപടി. മാവോയിസ്റ്റ് അനുകൂല സംഘടനയുടെ സമ്മേളനത്തിൽ പങ്കെടുത്തെന്നും മാവോയിസ്റ്റ് അനുകൂല പ്രസംഗം നടത്തിയെന്നുമായിരുന്നു ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."