പ്രതിഷേധം വിജയംകണ്ടു; വഖ്ഫ് ബോര്‍ഡ് യോഗം നാളെ
നേതൃതലത്തിലെ പോരുമൂലം ബോര്‍ഡിന്റെ പ്രവര്‍ത്തനം അവതാളത്തിലായിരുന്നു
കൊച്ചി: വിരമിക്കല്‍ പ്രായത്തെച്ചൊല്ലി ചെയര്‍മാനും സി.ഇ.ഒയും തമ്മിലുള്ള നിയമ യുദ്ധത്തിന്റെ പേരില്‍ മാസങ്ങളായി നടക്കാതിരുന്ന വഖ്ഫ് ബോര്‍ഡിന്റെ സാമൂഹ്യക്ഷേമ പദ്ധതി സാങ്ഷന്‍ കമ്മിറ്റി നാളെ ചേരും.
നേതൃതലത്തിലെ പോരുമൂലം ബോര്‍ഡിന്റെ പ്രവര്‍ത്തനം അവതാളത്തിലും അനിശ്ചിതത്വത്തിലുമായ സാഹചര്യത്തില്‍ മത,സാമൂഹ്യ,വിദ്യാഭ്യാസ സംഘടനകളും വഖ്ഫ് ബോര്‍ഡംഗങ്ങളും ഉയര്‍ത്തിയ പ്രതിഷേധത്തിനൊടുവില്‍ വഖ്ഫ് മന്ത്രി വി അബ്ദുറഹ്മാന്‍ ഇടപെട്ടാണ് നാളെ യോഗം വിളിച്ചു ചേര്‍ത്തിരിക്കുന്നത്. സാങ്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ മന്ത്രിയും യോഗത്തില്‍ പങ്കെടുക്കും. ആയിരക്കണക്കിന് വിവാഹ, ചികിത്സ,പെന്‍ഷന്‍, സഹായ അപേക്ഷകള്‍ ബോര്‍ഡിന്റെ യോഗം വിളിക്കാത്തതിനാല്‍ തീരുമാനമാകാതെ നില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമായത്. വഖ്ഫ് സ്വത്തുകളുടെ സംരക്ഷണത്തിനും വികസനത്തിനുമുതകുന്ന പരിപാടികളും മറ്റു സാമൂഹിക ക്ഷേമ പദ്ധതികളും ടി.കെ ഹംസ ചെയര്‍മാനായി വന്ന ഒന്നര വര്‍ഷത്തോളമായി സംഘടിപ്പിക്കപ്പെടാത്തതിനെതിരേയും പ്രതിഷേധം വ്യാപകമാണ്.
നിലവിലുള്ള സാധു സഹായ അപേക്ഷകള്‍ പരിഗണിക്കണമെങ്കില്‍ ആറുകോടിയോളം രൂപ സാമൂഹ്യ ക്ഷേമ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തേണ്ടതുണ്ട്. ഈ തുക പോലും ബജറ്റില്‍ ഉള്‍കൊള്ളിക്കാതെ സര്‍ക്കാര്‍ വഞ്ചിച്ചു. വിഭാഗീയതയുടെ അതിപ്രസരം കൊണ്ട് നിശ്ചലമായ വഖ്ഫ് ബോര്‍ഡിന് കേന്ദ്ര വഖഫ് കൗണ്‍സിലിന്റെ സാമ്പത്തിക സഹായവും നിലച്ചു. ദേവസ്വം ബോര്‍ഡുകള്‍ക്ക് ലഭിച്ചിട്ടുള്ള കൊവിഡ് പാക്കേജ് പദ്ധതി പോലും വഖ്ഫ് ബോര്‍ഡിന് ലഭിക്കാത്തത് സര്‍ക്കാരിന്റെ വഞ്ചനയായും പിടിപ്പുകേടായും സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് മൂലം വഖ്ഫ് സ്ഥാപനങ്ങള്‍ പ്രതിസന്ധി അഭിമുഖീകരിക്കുന്ന സാഹചര്യത്തില്‍, വഖ്ഫ് ബോര്‍ഡില്‍ നിന്ന് ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ പ്രളയ ഫണ്ടിലേക്ക് നല്‍കിയത് ബോര്‍ഡംഗങ്ങളായ പി.വി അബ്ദുല്‍ വഹാബ് എം.പി, പി ഉബൈദുല്ല എം.എല്‍.എ, എം.സി മായിന്‍ ഹാജി, അഡ്വ. പി.വി സൈനുദ്ദീന്‍ എന്നിവര്‍ എതിര്‍ത്തിരുന്നു. അതേസമയം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും പ്രളയ ഫണ്ടിലേക്ക് വാങ്ങിയ തുക തിരിച്ചു നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."