HOME
DETAILS

കാലപുസ്തകത്തിലെ വരവും ചെലവും

  
backup
August 06 2021 | 03:08 AM

7546351-2


ടി.എച്ച് ദാരിമി


കാലം എന്ന പരമമായ സത്യത്തിന്റെ ചില്ലയില്‍ നിന്ന് ഒരു ഇല കൂടി പൊഴിയുകയാണ്. ഒപ്പം മുഹര്‍റമിലൂടെ പ്രതീക്ഷകളുടെ മറ്റൊരു ഇല തളിര്‍ക്കുകയും. മനുഷ്യന് തന്റെയും ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും അസ്തിത്വം കോറിയിടാനുള്ള കാലം എന്ന ചുമരിലെ ഈ മറയലും തെളിയലും വെറുമൊരു കലണ്ടര്‍ മാറ്റാനുള്ള പ്രാപഞ്ചിക അവസരമല്ല. പ്രത്യുത, അത് ചിലതെല്ലാം ചിന്തിക്കാനും വിചിന്തനം ചെയ്യാനുമുള്ള അവസരം കൂടിയാണ്. കാലമെന്ന സത്യത്തെ നാഥന്റെ മഹാദാനമായി കാണുന്നു സത്യവിശ്വാസികള്‍. രണ്ടു കാര്യങ്ങളാണ് പ്രധാനമായും അവരുടെ മനോമുകരത്തില്‍ ഇപ്പോള്‍ തെളിയേണ്ടത്. ഒന്ന്, പടിയിറങ്ങുന്ന വര്‍ഷത്തിന്റെ വിലയിരുത്തല്‍. രണ്ടാമത്തേത്, പടികടന്നുവരുന്ന പുതുവര്‍ഷത്തിനു വേണ്ടി പ്രതീക്ഷകള്‍ നെയ്‌തെടുക്കല്‍. ഈ രണ്ടാശയങ്ങളില്‍ ഒതുങ്ങുന്നു സത്യവിശ്വാസികളുടെ പുതുവത്സര ചിന്തകള്‍. വിശുദ്ധ ഖുര്‍ആനിലെ അല്‍ അസ്വര്‍ അധ്യായം പകരുന്ന ഉദ്‌ബോധനമിതാണ്.


അല്ലാഹു പറയുന്നു: 'കാലം തന്നെയാണ് സത്യം. നിശ്ചയം മനുഷ്യന്‍ നഷ്ടത്തിലാണ്. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ ചെയ്യുകയും ക്ഷമകൊണ്ടും സഹനംകൊണ്ടും പരസ്പരം ഉപദേശിക്കുകയും ചെയ്യുന്ന വരൊഴികെ'. ഇവിടെ ആദ്യം അല്ലാഹു കാലം എന്ന സത്യത്തെ ഓര്‍മപ്പെടുത്തുകയാണ്. കാലം തന്നെയാണ് മനുഷ്യനും അവന്റെ ജീവിതവും. കാലമില്ലെങ്കില്‍ അതിനൊന്നും രൂപപ്പെടാന്‍ കഴിയില്ല. കാലം നിലയ്ക്കുന്നതോടെ ജീവനും സമ്പാദ്യങ്ങളും ശ്രമങ്ങളുമെല്ലാം നിലയ്ക്കുന്നു. നഷ്ടം നഷ്ടവും നേട്ടം നേട്ടവുമായി അനുഭവപ്പെടുന്നത് കാലം എന്ന ചുമരില്‍ അവ പതിയുമ്പോഴാണ്. തുടര്‍ന്ന് കാലത്തിന്റെ കാര്യത്തില്‍ നഷ്ടവും പരാജയവും വന്നാല്‍ അത് മനുഷ്യന്റെ ആത്യന്തിക നഷ്ടമാണെന്ന് അല്ലാഹു പറയുന്നു. അത്തരമൊരു നഷ്ടം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകളാണ് തുടര്‍ന്ന് പറയുന്നത്. വിശ്വാസത്തോടെയുള്ള സല്‍കര്‍മങ്ങളും സല്‍വിചാരങ്ങളുമാണവ. അപ്പോള്‍ ഈ സൂക്തങ്ങളില്‍ കാലം എന്ന പരമസത്യത്തെ ഉണര്‍ത്തുന്നതോടൊപ്പം അതിന്റെ ഒഴുക്കില്‍ വീഴ്ചകള്‍ വരാമെന്നും വരാതിരിക്കാന്‍ എന്തുചെയ്യണമെന്നും പറയുമ്പോള്‍ നാം പറഞ്ഞു തുടങ്ങിയ ആമുഖത്തിലെ ആശയം എല്ലാം അതില്‍ വന്നു. കാലത്തിന്റെ കണക്കു നോക്കേണ്ടതുണ്ട് എന്നും പുനര്‍വിചിന്തനം നടത്തി ആ കണക്കുകളില്‍ നഷ്ടം പിണയാതിരിക്കാന്‍ മുന്‍കരുതലുകള്‍ വേണമെന്നുമെല്ലാം.


കടന്നുപോകുന്ന വര്‍ഷത്തിന്റെ വരവ് ചെലവുകള്‍ പരിശോധിക്കുമ്പോള്‍ സ്വാഭാവികമായും നാം മ്ലാനവദനരാകും. കാരണം, കഴിഞ്ഞ ഹജ്ജ് കാലം മുതല്‍ ഈ ഹജ്ജ് കാലംവരെയും ലോകം വ്യക്തമായും കൊവിഡിന്റെ കരങ്ങളിലായിരുന്നു. എവിടെ നിന്ന്, എന്തുകൊണ്ട്, എങ്ങനെ ഇതുവന്നു, എങ്ങനെ രക്ഷപ്പെടും, എന്നു രക്ഷപ്പെടും എന്നോ ഒന്നും കൃത്യവും കണിശവുമായി ആര്‍ക്കുമറിയില്ല. എല്ലാവരും ഓരോന്ന് പറയുന്നു, ചെയ്യുന്നു, ചെയ്യിക്കുന്നു എന്നല്ലാതെ ഇന്നതുകൊണ്ട് ഇന്നതുണ്ടാകുന്നു എന്നൊക്കെ കൃത്യമായി പറയാന്‍ കാര്യമായി ആര്‍ക്കും കഴിയുന്നില്ല. ചോദിക്കുന്നവരും ചോദിക്കപ്പെടുന്നവരുമൊക്കെ ഏതാണ്ട് ഒരു പോലെയാണ്. അത് അതിന്റെ വഴിക്ക് പോകട്ടെ. ലോകത്തെ പിടിച്ചുനിര്‍ത്തി ഈ വൈറസ് കൊലവിളിക്കുമ്പോള്‍ മനുഷ്യനെ എവിടെയെല്ലാം അതാക്രമിച്ചുകഴിഞ്ഞു എന്ന് ആലോചിക്കുക സ്വാഭാവികമാണ്. അതിന് പലര്‍ക്കും പലതും പറയാനുണ്ടാകും. നമ്മുടെ ഈ വിചാരത്തില്‍ നമുക്ക് പറയാന്‍ കഴിയുക കൊവിഡ് ഏറ്റവുമധികം ആഘാതമുണ്ടാക്കിയത് ആത്മീയമേഖലയ്ക്കു തന്നെയാണ്. കാരണം ആത്മീതയ്ക്ക് ഒരു ജ്വലനം ഉണ്ടാവേണ്ടതുണ്ട്. അപ്പോഴാണ് അത് മനുഷ്യന്റെ വികാരമായി പരിണമിക്കുക. അതിനുള്ള വഴികളായ ആത്മീയസംഗമങ്ങള്‍ നിലച്ചിട്ട് കാലമേറെയായി.
ഇതിന്റെ ആഘാതം വര്‍ധിക്കുന്നതായി അനുഭവപ്പെടുന്ന ചല സൂചനകളുണ്ട്. അവ ഈ വിഷയത്തിലെ നമ്മുടെ ചങ്കിടിപ്പ് കൂട്ടുന്നു. അവയിലൊന്ന് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുമ്പോള്‍ കാര്യമായി അതുപയോഗപ്പെടുത്താനുള്ള ത്വര പൊതുവെ കുറവാണ് എന്നതാണ്. ഇളവുകള്‍ കിട്ടിയാലും ഇല്ലെങ്കിലും അങ്ങാടിയിലൂടെ ചുറ്റി നടക്കുന്നതില്‍ കാണിക്കുന്ന ഉത്സാഹം ആത്മീയമേഖലയില്‍ കാണപ്പെടുന്നില്ല, അല്ലെങ്കില്‍ കുറവാണ്. രണ്ടാമത്തേത്, ഈ അവസരം മുതലെടുത്ത് സജീവമായ ഓണ്‍ലൈന്‍ ആത്മീയ ഇടങ്ങളില്‍ പ്രകടനപരതയും സമ്പാദന ചിന്തയുമൊക്കെ അളവിലധികം പ്രകടമാണ് എന്നതാണ്. ഇവ ആത്മീയതയുടെ അര്‍ഥം കവരുന്ന കാര്യങ്ങളാണല്ലോ.


കാലത്തെ കുറിച്ചുള്ള രണ്ടാം വിചാരത്തിലേക്ക് കടക്കുമ്പോള്‍ അതിന്റെ ആമുഖം കൂടിയാണ് ഈ കാര്യങ്ങള്‍. കടന്നുവരുന്ന പുതിയ വര്‍ഷത്തിനുവേണ്ടിയുള്ള ഒരുക്കങ്ങളാണല്ലോ രണ്ടാമത്തേത്. അഥവാ പുതുവര്‍ഷത്തിനുവേണ്ടി ഒരുങ്ങുമ്പോള്‍ നാം ഏറ്റവും അധികം പ്രാധാന്യവും പ്രാമുഖ്യവും നല്‍കേണ്ടത് മുസ്‌ലിം ഉമ്മത്തിനെ അവരുടെ ആത്മീയവികാരങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരുവാനായിരിക്കണം. ചിട്ടയുള്ള മത ജീവിതം, സത്യസന്ധമായ ആരാധനകള്‍, നന്മയുള്ള സ്വഭാവശീലങ്ങള്‍, ഏതു പ്രതിസന്ധിയിലും തളരാത്ത ആത്മീയത തുടങ്ങിയവ വളര്‍ത്തിയെടുക്കണം. അതേ ഗൗരവത്തില്‍ തന്നെ തെറ്റുകുറ്റങ്ങള്‍ വഴിയോ തെറ്റായവിശ്വാസങ്ങള്‍ വഴിയോ അനാചാരങ്ങള്‍ വഴിയോ ഒന്നുമുള്ള പ്രതിഫലങ്ങള്‍ ചോര്‍ന്നുപോകാതിരിക്കാനുള്ള ജാഗ്രതയും പുലര്‍ത്തണം. അപ്പോള്‍ മാത്രമേ നമ്മുടെ പുതുവര്‍ഷം നന്മയില്‍ എത്തിച്ചേരൂ. ഇതാണ് മൊത്തത്തില്‍ പുതുവര്‍ഷം സത്യവിശ്വാസിക്കു പകരുന്ന സന്ദേശം.


ഈ മനസ്സൊരുക്കത്തിന് സഹായകമായ ഒരു ആരംഭമാണ് ഹിജ്‌റ കലണ്ടറിനുള്ളത്. മുഹര്‍റം ഉള്‍ക്കൊള്ളുന്ന സവിശേഷതകളെല്ലാം അതു സൂചിപ്പിക്കുന്നു. ഹിജ്‌റ എന്ന ആശയത്തിന്റെ തുടക്കം അതാണ്. വിശാലമായ അര്‍ഥത്തില്‍ തിന്മകളില്‍ നിന്ന് നന്മകളിലേക്കും അപതാളങ്ങളില്‍ നിന്ന് താളങ്ങളിലേക്കുമുള്ള പലായനം കൂടിയാണ് ഹിജ്‌റ. മുഹര്‍റത്തില്‍ ലോകത്തിനുണ്ടായ അനുഭവങ്ങള്‍ ഈ ഉള്ളടക്കങ്ങളില്‍ മറ്റൊന്നാണ്. മൂസാ നബിക്കുണ്ടായ വിജയം നബി തങ്ങള്‍ തന്നെ പറഞ്ഞു തന്നതാണ്. നമ്മുടെ നബി(സ്വ) ക്കും മറ്റനേകം പ്രവാചകന്‍മാര്‍ക്കും പല വിജയങ്ങളും കടാക്ഷങ്ങളും ഈ മാസത്തില്‍ കൈവന്നത് ചരിത്രങ്ങളില്‍ കാണാം. സമാധാനത്തിന്റെ നാലു മാസങ്ങളില്‍ ഒന്നാണിത് എന്നത് മറ്റൊന്നാണ്. എല്ലാ തിക്കും തിരക്കും മാറ്റിവച്ച് ആത്മീയതയെ മുഴുകാന്‍ കൂടിയാണ് ഇതടക്കം നാലു മാസങ്ങള്‍. അതിനും പുറമെ നബി(സ്വ) യും സ്വഹാബിമാരും സച്ചരിതരുടെ ലോകവും പഠിപ്പിച്ചതും കാണിച്ചു തന്നതുമായ ധാരാളം നന്മകള്‍ വേറെയുമുണ്ട്. അതെല്ലാം ചേര്‍ന്നുനില്‍ക്കുമ്പോള്‍ മുഹര്‍റമിന്റെ ഉള്ളടക്കം മഹത്തരമായി മാറുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ക്ഷേമപെന്‍ഷന്‍ തട്ടിപ്പിന്റെ വിവരങ്ങള്‍ തേടി മുഖ്യമന്ത്രിയുടെ ഓഫിസ്; ഉന്നതതല യോഗം വിളിച്ചു

Kerala
  •  15 days ago
No Image

ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്‍പ് മടങ്ങിയെത്തണം; വിദേശ വിദ്യാര്‍ഥികളോട് സര്‍വകലാശാലകള്‍

International
  •  15 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് കരതൊടും; ചെന്നൈയില്‍ കനത്ത മഴ, വിമാനങ്ങള്‍ റദ്ദാക്കി

National
  •  15 days ago
No Image

വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ പ്രിയങ്ക ഇന്ന് വയനാട്ടില്‍, കൂടെ രാഹുലും; സ്വീകരണങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും

Kerala
  •  15 days ago
No Image

പന്തളത്ത് വീടിനു മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; നാല് പേര്‍ക്ക് പരുക്ക്, 2 കുട്ടികളുടെ നില ഗുരുതരം

Kerala
  •  15 days ago
No Image

ഗസ്സയിലെങ്ങും സയണിസ്റ്റ് മിസൈൽ വർഷം, 24 മണിക്കൂറിനിടെ നൂറിലധികം മരണം, രണ്ട് കുടുംബങ്ങളെ മൊത്തം കൂട്ടക്കൊല ചെയ്തു

National
  •  15 days ago
No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  15 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  15 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  15 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  15 days ago