മികച്ച പള്‍മനോളജിസ്റ്റിനുള്ള പുരസ്‌കാരം നേടി ഡോ.എം.സി സാബിര്‍
കോഴിക്കോട്: മികച്ച യുവ പള്‍മനോളജിസ്റ്റിനുള്ള പുരസ്‌കാരം നേടി ഡോക്ടര്‍ എം.സി സാബിര്‍. കൊവിഡ് കാലത്ത് ചികിത്സാ സേവന രംഗത്ത് നിറസാന്നിധ്യമായിരുന്ന സാബിര്‍ കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിലെ സീനിയര്‍ കന്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റാണ്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം നടന്ന നെഞ്ചുരോഗ വിദഗ്ധരുടെ ദേശീയ സമ്മേളനത്തില്‍ വച്ചാണ് മികച്ച യുവ പള്‍മനോളജിസ്റ്റിനുള്ള പുരസ്‌കാരം സാബിര്‍ ഏറ്റുവാങ്ങിയത്.
കാലിക്കറ്റ് ചെസ്റ്റ് ക്ലബ് മുന്‍ സെക്രട്ടറിയും എ.പി.സി.സി.എം ഗവേണിംഗ് കൗണ്‍സില്‍ മെമ്പറുമായിരുന്ന ഡോക്ടര്‍ നേരത്തെ പത്തു വര്‍ഷത്തോളം കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ കണ്‍സള്‍ട്ടന്റ് പള്‍മനോളജിസ്റ്റായി ജോലി ചെയ്തിരുന്നു. ദേശീയ അന്തര്‍ദേശീയ അക്കാദമിക് മാഗസിനുകളില്‍ 15ല്‍ പരം പ്രബന്ധങ്ങള്‍ എഴുതിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ഡോ. സാബിര്‍ നെഞ്ചുരോഗവുമായി ബന്ധുപ്പെട്ട വിഷയങ്ങള്‍ സരളമായ ഭാഷയില്‍ പരിചയപ്പെടുത്തുന്ന നിരവധി ബോധവത്കരണ വീഡിയോകളും പുറത്തിറക്കിയിട്ടുണ്ട്.
തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജില്‍ നിന്ന് എം.ബി.ബി.എസ് ബിരുദവും കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയ സാബിര്‍ ഒരു വര്‍ഷത്തോളം കോഴിക്കോട് മെഡിക്കല്‍ കോളേജിലും സേവനം ചെയ്തിട്ടുണ്ട്. കൊടുവള്ളി പന്നൂര്‍ സ്വദേശികളായ അബ്ദു സത്താര്‍ മാസ്റ്റര്‍-സഫിയ ടീച്ചര്‍ ദമ്പതികളുടെ മകനാണ്. ഭാര്യ ഷിബിന്‍ സാബിര്‍ കെ.എം.സി.ടി മെഡിക്കല്‍ കോളേജിലെ ഗൈനോക്കോളജി വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. മകന്‍ ഇഷാന്‍ സാബിര്‍. 2018 ല്‍ യുവ പള്‍മനോളജിസ്റ്റിനുള്ള അപ്രീസിയേഷന്‍ അവാര്‍ഡും സാബിറിന് ലഭിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."