നമ്പൂതിരിയുടെ ജീവിതസാക്ഷ്യങ്ങൾ
പുസ്തകപ്പാത
വി. മുസഫര് അഹമ്മദ്
രേഖാചിത്രകലയിലെ അതികായനായ ആർട്ടിസ്റ്റ് നമ്പൂതിരിയുമായി എൻ.ഇ സുധീർ നടത്തിയ ദീർഘസംഭാഷണത്തിൽനിന്ന് ഉരുത്തിരിഞ്ഞ പുസ്തകമാണ് നമ്പൂതിരി ഇന്നലെ (പ്രസാധാനം: ഇന്ദുലേഖ). വാക്കുകളിലൂടെ നമ്പൂതിരി എനിക്കു മുന്നിൽ തുറന്നിട്ട വരയുടെ ജീവിതമാണ് ഈ പുസ്തകമെന്ന് സുധീർ പുസ്തകത്തിന്റെ പുറംചട്ടയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭാഷണം, ചിത്രകല, ജീവിതാഖ്യാനം എന്നീ മൂന്നു കലകൾ ലയിച്ചു നിൽക്കുന്ന പുസ്തകമാണിത്. ഈ ദീർഘസംഭാഷണ പുസ്തകത്തിന്റെ ഉള്ളൊരുമയെക്കുറിച്ച് സുധീർ ഇങ്ങനെ രേഖപ്പെടുത്തുന്നു: സൊറ പറഞ്ഞിരിക്കാൻ പറ്റിയ സ്ഥലമാണ് അദ്ദേഹത്തിന്റെ എടപ്പാളിലെ വീടിന്റെ വരാന്ത. അവിടെയിരുന്നങ്ങനെ പലതും ചോദിക്കും, പലതും പറയും. ഇടയ്ക്കൊക്കെ ചില സന്ദേഹങ്ങൾ ഞാനും മുന്നോട്ടുവച്ചു. അദ്ദേഹത്തിന്റെ ഉത്തരങ്ങൾ തീർപ്പുകളായിരുന്നില്ല. ചിലതു പറയും. എന്നിട്ട് ശരിയാണോ എന്നെന്നോടും ചോദിക്കും. ആ കൈകളെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന മനസിനെ ഞാനറിയുകയായിരുന്നു. വർത്തമാനങ്ങൾക്കിടയിൽ ഇടയ്ക്കൊക്കെ പൊട്ടിച്ചിരിക്കും. ചിലപ്പോൾ ആലോചനകളിൽ മുഴുകും. ഇതിനിടയിൽ അകത്തേക്കോടിച്ചെന്ന് പഴയ ചിത്രങ്ങളും കത്തുകളും എടുത്തുവന്ന് കാണിച്ചുതരും. ഇങ്ങനെ പല പകലുകൾ. ഞങ്ങൾക്കിടയിലാകെ സന്തോഷം നിറഞ്ഞു. ഈ വാക്കുകൾ 160 പേജുകളിൽ ഒരാളുടെ ജീവിതചരിത്രം ചുരുക്കി വിശദമാക്കാൻ എങ്ങനെ കഴിഞ്ഞു എന്ന് വ്യക്തമാക്കുന്നു.
ആർട്ടിസ്റ്റ് നമ്പൂതിരിയോട് അഭിമുഖകാരൻ ചോദിക്കുന്നു-എടുത്തു പറയാവുന്ന എന്തെങ്കിലും ദുഃഖം മനസിലുണ്ടോ? നമ്പൂതിരിയുടെ മറുപടി ഇങ്ങനെ: (കുറച്ചു നേരത്തെ ആലോചനക്കു ശേഷം) ഉണ്ട്. പ്രാഥമിക വിദ്യാഭ്യാസം കിട്ടാതെ പോയതിൽ എനിക്കു ദുഃഖമുണ്ട്. സ്കൂളിന്റെ പടി കണ്ടിട്ടില്ല. അതൊരു വല്ലാത്ത ദുഃഖമായിരുന്നു. ആ ദുഃഖം ഇപ്പോഴും മനസിലുണ്ട്. കുടുംബത്തിലെ മോശം സാമ്പത്തിക നിലയാൽ പ്രാഥമിക വിദ്യാഭ്യാസത്തിന് പോകാൻ കഴിയാത്ത നമ്പൂതിരി പിന്നെ എങ്ങനെ രേഖാചിത്രകലയുടെ ചക്രവർത്തിയായി. മദ്രാസ് സ്കൂൾ ഓഫ് ആർട്ടിൽ പഠിച്ചു? ഈ ചോദ്യത്തിൽ നിന്നുമാരംഭിക്കുന്നതാണ് നമ്പൂതിരിയുടെ കലാജീവിതം. അക്കാലത്തെ പഠനസമ്പ്രദായങ്ങളിലെ സ്വാതന്ത്ര്യം (മദ്രാസിൽ അക്കാലത്തെ എൻട്രൻസിൽ നോക്കുക, വരക്കാൻ അറിയുമോ എന്നായിരുന്നു) കൊണ്ടാണ് അദ്ദേഹത്തിനു ചിത്രകല അഭ്യസിക്കാനും ഇന്നത്തെ നമ്പൂതിരിയാകാനും കഴിഞ്ഞത്. കെ.സി.എസ് പണിക്കർ, ദേവി പ്രസാദ് റോയ് ചൗധരി എന്നീ മഹാരഥൻമാരുടെ ശിഷ്യനായി പഠനം തുടങ്ങിയ അദ്ദേഹം പിന്നീട് വരയുടെ ഉസ്താദായി മാറിയത് പിൽക്കാല ചരിത്രം. നമ്പൂതിരിയുടെ ജീവിതത്തിലെ വിവിധ പടവുകൾ ഈ ദീർഘസംഭാഷണ പുസ്തകം സുതാര്യമായി അവതരിപ്പിക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും ആദ്യം കേൾക്കുമ്പോൾ ലളിതമാണ്. എന്നാൽ ഓരോ വാക്കും ചെന്നുതട്ടുന്നത് നമ്പൂതിരി അതിജീവിച്ചുപോന്ന സങ്കീർണമായ വഴിത്താരകളിലാണ്.
നമ്പൂതിരി മദ്രാസ് ജീവിതത്തെക്കുറിച്ച് പറയുന്നു: മദിരാശിയിലും സംഗതി മെച്ചമായിരുന്നില്ല. കാവ് നമ്പൂതിരി വല്ലതും തന്നാലായി. താമസസ്ഥലം ദൂരെയായിരുന്നു. മൈലുകൾ നടന്നാണ് സ്കൂളിലെത്തുക. വല്ലപ്പോഴും കുറച്ചുദൂരം ബസിൽ കയറിയാലായി. കഷ്ടപ്പാട് കണ്ടിട്ട് എനിക്കൊരാൾ സൈക്കിൾ വാങ്ങിത്തന്നു. അതൊരാശ്വാസമായി. ചിലപ്പോൾ കെ.സി.എസ് പണിക്കർ സഹായിച്ചിരുന്നു. വീട്ടിലേക്കു വിളിച്ച് ഭക്ഷണം തരുമായിരുന്നു. ഇവിടെനിന്നും വളർന്ന് മാതൃഭൂമി, കലാകൗമുദി, സമകാലിക മലയാളം എന്നീ വാരികകളിൽ രേഖാചിത്രകാരനായി നിറഞ്ഞാടിയ നമ്പൂതിരിയാണ് പിന്നീട് കേരളം കണ്ടത്. എല്ലാ പ്രതികൂല കാലാവസ്ഥകളെയും മറികടന്ന് തന്റെ കലയുമായി വളർന്നു പന്തലിച്ച ജീവിതമാണ് അദ്ദേഹത്തിന്റേത്. മലയാളത്തിലെ എല്ലാ പ്രമുഖ എഴുത്തുകാരുടെയും കഥകൾക്കും നോവലുകൾക്കും അദ്ദേഹം രേഖാചിത്രീകരണം നടത്തി. ചില ലൈവ് സന്ദർഭങ്ങൾ, ഉദാഹരണത്തിന് കേരള കൗമുദി പത്രത്തിനു വേണ്ടി നെഹ്റു കപ്പിലെ ഗാലറിയിലെ പുരുഷാരത്തെയും വരച്ചു. നമ്മുടെ ദിനപത്ര ചരിത്രത്തിലെ തീർത്തും വ്യത്യസ്തമായ മുഹൂർത്തങ്ങളിലൊന്നായിരുന്നു ആ ചിത്രീകരണം. പെയിന്റിങ്ങുകളും ശിൽപങ്ങളും സമൃദ്ധമായി സാക്ഷാത്കരിച്ച നമ്പൂതി മാതൃഭൂമി പത്രത്തിൽ പോക്കറ്റ് കാർട്ടൂണും ചെയ്തിരുന്നു.
എം.ടി വാസുദേവൻ നായരുമായുള്ള അടുപ്പം, അദ്ദേഹത്തിന്റെ രചനകൾക്കു വേണ്ടി വരച്ചത് തന്റെ കലാജീവിതത്തിലെ ഏറ്റവും പ്രധാന സന്ദർഭമായി നമ്പൂതിരി കരുതുന്നു. പ്രത്യേകിച്ചും ‘രണ്ടാമൂഴ’ത്തിനുള്ള രേഖാചിത്രങ്ങൾ. വി.കെ.എൻ താൻ എഴുതുന്നതു തന്നെ നമ്പൂതിരിയുടെ വരകൾക്കുവേണ്ടിയാണെന്നുപോലും പറഞ്ഞു! വി.ടി ഭട്ടതിരിപ്പാടുമായുണ്ടായ ബന്ധവും തന്റെ ജീവിതത്തെ ആഴമുള്ളതാക്കാൻ സഹായിച്ചുവെന്ന് അദ്ദേഹം നന്ദിയോടെ അഭിമുഖത്തിൽ ഒരിടത്ത് ഓർക്കുന്നു. ലളിതാംബിക അന്തർജനം മുതൽ പി. വൽസല, സാറാ ജോസഫ്, ഗ്രേസി വരെയുള്ളവരുടെ രചനകൾക്കും അദ്ദേഹം വരച്ചു. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ‘സ്മാരക ശിലകൾക്കു’ വേണ്ടി വരച്ച ചിത്രങ്ങൾ ഏറെ തൃപ്തി നൽകിയെന്ന് അദ്ദേഹം എടുത്തുപറയുന്നു. (അതിലെ ഒരു പ്രതിസന്ധി അദ്ദേഹം ഇങ്ങനെ ഓർക്കുന്നുമുണ്ട്: സ്മാരകശിലകൾക്ക് വരക്കുമ്പോൾ ഒരു പ്രശ്നം തോന്നി. അതിലെ ഒരു കഥാപാത്രമായ തങ്ങൾക്കു ധാരാളം മുടിയുള്ളതായി അദ്ദേഹം എഴുതിയിരുന്നു. മുടി നീട്ടിവളർത്തിയ ഒരു തങ്ങളോ? എനിക്കു സംശയമായി. പൊതുവിൽ തങ്ങൻമാർ മുടി നീട്ടിവളർത്താറില്ല എന്ന തോന്നൽ. ഞാൻ കുഞ്ഞബ്ദുള്ളയോട് സംസാരിച്ചു. അദ്ദേഹത്തിന്റെ ‘തങ്ങൾ’ മുടി നീട്ടിവളർത്തിയ ആളാണെന്ന് ഉറപ്പിച്ചു. അങ്ങനെയാണ് സ്മാരകശിലകളിലെ തങ്ങളെ വരച്ചത്). ചിത്രകാരൻ കൂടിയായിരുന്ന (കാർട്ടൂൺ) ഒ.വി വിജയന്റെ രചനകൾക്കുള്ള വര ഉയർത്തിയ വെല്ലുവിളിയും (പ്രവാചകന്റെ വഴി എന്ന നോവലിനു വേണ്ടിയുള്ള രേഖാചിത്രണം) അദ്ദേഹം ഓർക്കുന്നു.
ഈ പുസ്തകത്തിൽ വലതുഭാഗത്തുള്ള പേജിൽ അഭിമുഖ സംഭാഷണവും ഇടതുഭാഗത്തുള്ള പേജിൽ നമ്പൂതിരി ഓരോ കാലങ്ങളിൽ വരച്ച രേഖാചിത്രങ്ങളുമാണ് വിന്യസിച്ചിട്ടുള്ളത്. ഇത് നമ്പൂതിരിയെ സമഗ്രമായി മനസിലാക്കാൻ ഒരാളെ സഹായിക്കും. ഉറൂബ്, തിക്കോടിയൻ, ഇടശ്ശേരി തുടങ്ങിയവരുടെ രചനകൾക്കുവേണ്ടി വരച്ച ചിത്രങ്ങൾ ആദ്യകാല നമ്പൂതിരി വരയുടെ ശൈലി മനസിലാക്കാനുള്ള വഴിതുറക്കുന്നു. പിന്നീട് ആ ശൈലിയിൽ ക്രമാനുഗതമായി മാറ്റങ്ങളുണ്ടാകുന്നുവെന്ന് മറ്റു ചിത്രങ്ങൾ നോക്കിയാൽ മനസിലാക്കാം. അത്തരത്തിൽ ഒരു നമ്പൂതിരി ആർക്കൈവ് കൂടിയാണ് ഈ പുസ്തകം.
വൈക്കം മുഹമ്മദ് ബഷീറിന്റെ രചനകൾക്കുവേണ്ടി വരച്ചതിനെക്കുറിച്ച് അദ്ദേഹം പറയുന്നു: ബഷീറിന്റെ ചില കഥകൾക്കു വരച്ചിട്ടുണ്ട്. നോവലുകൾക്ക് വരച്ചിട്ടില്ലെന്നു തോന്നുന്നു. ഞാൻ വരയിൽ സജീവമായതിനു ശേഷം അദ്ദേഹം അധികമൊന്നും എഴുതിയിട്ടില്ല. ബഷീറിനെപ്പറ്റി എം.എ റഹ്മാൻ ചെയ്ത ‘ബഷീർ ദ മാൻ’ എന്ന ഡോക്യുമെന്ററിക്കുവേണ്ടി ധാരാളം വരച്ചിട്ടുണ്ട്. കുറേ നല്ല ചിത്രങ്ങൾ അക്കൂട്ടത്തിലുണ്ട്. ബഷീറിനെയാണ് കൂടുതലും വരച്ചത്. അതിൽ സഞ്ചാരിയായ ബഷീറുണ്ട്. പലപല ജീവിതവൃത്തികൾ ഏറ്റെടുത്ത ബഷീറുമുണ്ട്. അതെനിക്കേറെ സന്തോഷം തോന്നിയ വരകളാണ്. ബഷീറിനെ എനിക്കു നേരത്തെ തന്നെ പരിചയമുണ്ടായിരുന്നു. മാതൃഭൂമിയിൽ ചേർന്നതിനു ശേഷമാണ് നല്ല അടുപ്പമായത്. ബഷീർ വന്നാൽ ആപ്പീസിൽ ഒച്ചപ്പാടും ബഹളവുമാണ്. കുടയും പിടിച്ച് വലിഞ്ഞുള്ള ആ നടത്തം മനസിൽനിന്ന് മായുന്നില്ല.
ചിത്രകാരൻമാരോടുള്ള ആഭിമുഖ്യം നമ്പൂതിരി ഇങ്ങനെ വ്യക്തമാക്കുന്നു: പോൾ സിസ്സാനോടാണ് എനിക്ക് ആരാധന തോന്നിയിട്ടുള്ളത്. പരന്ന തലത്തിൽ ത്രിമാന സ്വഭാവമുള്ള ചിത്രം എന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാട് എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. ചിത്രം അടിസ്ഥാനപരമായി ഫോട്ടോഗ്രഫിക്ക് എതിരാണ്. അതായത്, ഫോട്ടോ അല്ല ചിത്രം. അഥവാ ഫോട്ടോ പോലെയാവരുത് ചിത്രം. സിസ്സാൻ വലിയൊരു ആർട്ട്മൂവ്മെന്റിനു തന്നെ തുടക്കം കുറിച്ചു. പിന്നെ വാൻഗോഗിനെയും മത്തീസിനെയും ഇഷ്ടമാണ്. ഇന്ത്യൻ ചിത്രകാരൻമാരിൽ എം.എഫ് ഹുസൈൻ എനിക്കു പ്രിയപ്പെട്ട ചിത്രകാരനാണ്. ഇംപ്രഷനിസ്റ്റ് രീതിയോടാണ് എനിക്കു കൂടുതൽ താൽപര്യം. രേഖകളിലും പെയിന്റിങ്ങുകളിലും ഞാനതിനാണ് ശ്രമിക്കാറ്.
നിറഞ്ഞുനിന്ന, വിജയിച്ച കലാജീവിതമാണ് നമ്പൂതിരിയുടേത്. അദ്ദേഹവും തീർച്ചയായും വിമർശിക്കപ്പെട്ടിട്ടുണ്ട്. അത്തരം വിമർശനങ്ങളോട് സ്വതസിദ്ധമായ രീതിയിൽ നമ്പൂതിരി പ്രതികരിക്കുന്നതും ഈ താളുകളിലുണ്ട്. (നമ്പൂതിരി വരക്കുന്ന എല്ലാ സ്ത്രീകളും സുന്ദരികളാണ് എന്നതാണ് ഒരു വിമർശനം. സ്ത്രീകൾ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സുന്ദരികൾ തന്നെ എന്ന് അദ്ദേഹം ഈ വിമർശനത്തോട് പ്രതികരിക്കുന്നു).
ഒരു കലാകാരൻ, ഒരു മലയാളി എന്നീ നിലകളിൽ താൻ കടന്നുവന്ന വഴികളെ ആത്മനിഷ്ഠമായി അവതരിപ്പിക്കുന്നുവെങ്കിലും എല്ലാത്തിലും അദ്ദേഹത്തിന്റെ സാമൂഹിക അനുഭവങ്ങളും കൃത്യമായി പുരണ്ടിരിക്കുന്നു. 20ാം നൂറ്റാണ്ടിന്റെ മൂന്നാം പാദത്തിൽ തുടങ്ങി ഏറ്റവും സമകാലികമായ നമ്മുടെ ജീവിതത്തോടുള്ള പ്രതികരണങ്ങൾ കൂടിയാണ് നമ്പൂതിരി ഈ പുസ്തകത്തിൽ നടത്തുന്നത്. അകാലത്തിൽ പൊലിഞ്ഞ ആർട്ടിസ്റ്റ് പത്മിനിയുടെ ആദ്യ ഗുരുക്കൻമാരിൽ ഒരാളായിരുന്നു നമ്പൂതിരിയെന്നതും ശ്രദ്ധേയമായ കാര്യമാണ്. എം.വി ദേവൻ, എ.എസ് തുടങ്ങിയ ചിത്രകാരൻമാർ, അരവിന്ദൻ, പത്മരാജൻ തുടങ്ങിയ സിനിമാ സംവിധായകർ എന്നിവരുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന്റെ ഓർമകൾ അദ്ദേഹം ഈ താളുകളിൽ പങ്കുവയ്ക്കുന്നു.
പ്രസിദ്ധീകരണങ്ങളിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന നോവലുകൾക്കുവേണ്ടി വരക്കുമ്പോൾ താൻ എന്തായിരുന്നു പ്രധാനമായും ശ്രദ്ധിച്ചിരുന്നത്? അതിനെക്കുറിച്ച് നമ്പൂതിരിയുടെ വാക്കുകൾ: കഥയിൽ വരുന്ന കഥാപാത്രങ്ങൾ അതോടെ കഴിഞ്ഞു. ഒരു ലക്കത്തിനപ്പുറം പോവില്ലല്ലോ. നോവലിൽ അങ്ങനെയല്ല. അവർ തുടരും. അപ്പോൾ പ്രായം ഒരു പ്രശ്നമായി വരും. അതിനാൽ കഥാപാത്രത്തിന് മനസിൽ രൂപം കൊടുക്കുമ്പോഴേ പ്രായത്തെപ്പറ്റി ശ്രദ്ധിക്കണം. ഇതെത്ര കാലം കൊണ്ടുനടക്കേണ്ട കഥാപാത്രമാണെന്ന് ആദ്യമേ അറിയണം. വയസു മാറുന്നതിനനുസരിച്ച് ആകൃതിയിൽ മാറ്റങ്ങൾ വരുത്തണം. നോവൽ മുഴുവനായും വായിച്ചതിനു ശേഷമാണ് തുടങ്ങാറ്. എന്നിട്ട് സമാനരായ ചില മനുഷ്യരെ നമ്മുടെ ചുറ്റുവട്ടത്തുനിന്നും കണ്ടെത്തും. അപ്പോൾ പിന്നെ ശരിയായിക്കോളും. എഴുത്തുകാരൻ എഴുതിവച്ചിട്ടുണ്ടെങ്കിലും ചിലപ്പോഴൊക്കെ നമ്മളും ശ്രദ്ധിക്കണം. എല്ലാ രേഖാചിത്രകാരൻമാരോടും കൂടിയാണ് നമ്പൂതിരി വാസ്്തവത്തിൽ ഇങ്ങനെ പറയുന്നത്്.
ഈ ദീർഘസംഭാഷണം ഇങ്ങനെ അവസാനിക്കുന്നു:
സുധീർ: കണക്കുകൾ നോക്കിയാൽ പ്രായം ഒരുപാടായി. ഇപ്പോൾ തൊണ്ണൂറ്റിയേഴല്ലേ? പ്രായത്തെപ്പറ്റി ആലോചിക്കാറുണ്ടോ?
നമ്പൂതിരി: ഇതുവരെ ഇല്ല. അതൊരു സംഖ്യ മാത്രമാണ്. അതിനാൽ ഞാനതത്ര ശ്രദ്ധിക്കാറില്ല. എന്റെ മനസിൽ ഇപ്പോഴും ചിന്ത വരക്കുന്നതിനെപ്പറ്റിയാണ്. ശിൽപങ്ങൾ ചെയ്യുന്നതിനെപ്പറ്റിയാണ്. അവിടെ ഏകാഗ്രത വേണം. അതെനിക്കു കിട്ടും. അപ്പോൾ മറ്റൊന്നിനെപ്പറ്റിയും ഞാൻ ആലോചിക്കാറേയില്ല. ഇപ്പോഴും ഒരൊഴിഞ്ഞ കടലാസ് കിട്ടിയാൽ അതിലെന്തെങ്കിലും വരയ്ക്കുന്നതിനെപ്പറ്റിയാണ് ചിന്ത. സൃഷ്ടി നടത്തുമ്പോൾ കിട്ടുന്ന ഒരു സന്തോഷം. അതാണ് എന്നെ നയിക്കുന്നത്്.
സുധീർ: മരണത്തെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ? ഭയം തോന്നിയിട്ടുണ്ടോ?
നമ്പൂതിരി: മരണത്തെ ഭയപ്പെട്ടിട്ട് വല്ല കാര്യവുമുണ്ടോ? ഇതിനൊരു അവസാനമുണ്ടെന്നറിഞ്ഞു കൊണ്ടാണല്ലോ ജീവിക്കുന്നത്. അതിനാൽ ഭയമൊന്നുമില്ല. തടുക്കാനാവാത്ത ഒന്നാണ് മരണം എന്നു നിശ്ചയമുണ്ട്. എപ്പാഴാണെന്ന് മാത്രമേ നിശ്ചയമില്ലാതുള്ളൂ. ഏതായാലും ഞാനതിനെപ്പറ്റി ആലാചിക്കാറില്ല. ജീവിതത്തെ നിലനിർത്താനും മരണത്തെ തടയാനും ഞാൻ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല എന്നതാണ് വാസ്തവം.
•
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."