ഒരുമാസത്തിനകം താലിബാന്‍ കാബൂള്‍ വളയുമെന്ന് യു.എസ്
വാഷിങ്ടണ്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂള്‍ ഒരുമാസത്തിനകം താലിബാന്‍ വളയുമെന്നും 90 ദിവസത്തിനകം കീഴടക്കുമെന്നും യു.എസ് രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട്. ഫൈസാബാദ്, പുലേഖംരി എന്നീ പ്രവിശ്യാ തലസ്ഥാനങ്ങളാണ് ഇന്നലെ താലിബാന്‍ പിടിച്ചെടുത്തത്. ഒരാഴ്ചയ്ക്കിടെ ഫറാഹ്, സരേപല്‍, ഷെബര്‍ഗാന്‍, അയിബക്, കുന്ദുസ്, താലഖാന്‍, സാരന്‍ജ് എന്നിവ അവരുടെ നിയന്ത്രണത്തിലായിട്ടുണ്ട്. എന്നാല്‍ ഇത് അന്തിമവിധിയല്ലെന്നും ചെറുത്തുനില്‍പ് ശക്തമാക്കിയാല്‍ അഫ്ഗാന്‍ സേനയ്ക്ക് നിലവിലെ അവസ്ഥ മാറ്റിയെഴുതാനാകുമെന്നും യു.എസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഫ്ഗാനില്‍ നിന്ന് യു.എസ് സൈന്യത്തെ പിന്‍വലിച്ചതില്‍ ഖേദമില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. അഫ്ഗാന്‍ നേതാക്കള്‍ ഒന്നിച്ചുനിന്ന് താലിബാനെ നേരിടണമെന്നും അദ്ദേഹം ഉപദേശിച്ചു.
പ്രസിഡന്റ് അശ്‌റഫ് ഗനി മസാരെ ശരീഫില്‍
കാബൂള്‍: അഫ്ഗാന്‍ സേനയുടെ പ്രതിരോധത്തിന് കരുത്തുപകരാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി വടക്കന്‍ നഗരമായ മസാരെ ശരീഫിലെത്തി. ഇതിനകം രാജ്യത്തിന്റെ നാലിലൊന്നു ഭാഗത്തിന്റെ നിയന്ത്രണം താലിബാന്റെ കൈയിലായതിനാല്‍ കടുത്ത പ്രതിരോധതന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാണ് ഗനി എത്തിയത്. യുദ്ധപ്രഭു റഷീദ് ദോസ്തം, മസാരെ ശരീഫിലെ കരുത്തനായ അതാവു മുഹമ്മദ് നൂര്‍ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. മസാരെ ശരീഫ് നഷ്ടമായാല്‍ വടക്കന്‍ ഭാഗത്ത് സര്‍ക്കാരിനുള്ള നിയന്ത്രണം പൂര്‍ണമായി ഇല്ലാതാകും. അതിനാല്‍ ഇവിടെയുള്ള ഗോത്രവര്‍ഗ നേതാക്കളുടെയും സായുധ സംഘടനകളുടെയും സഹായം സര്‍ക്കാര്‍ തേടിയിട്ടുണ്ട്.
സൈനിക കമാന്‍ഡറെ മാറ്റുന്നു
സൈനികനേതൃത്വത്തില്‍ അഴിച്ചുപണി നടത്താനും അഫ്ഗാന്‍ സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ജനറല്‍ വാലി അഹ്മദ് സായിയെ മാറ്റി ജനറല്‍ ഹിബത്തുല്ല അലിസായിയെ സൈനികമേധാവിയാക്കും. പ്രത്യേക സൈനിക നടപടിക്ക് നേതൃത്വം നല്‍കാനുള്ള കമാന്‍ഡറായി ഹെല്‍മന്ദില്‍ സമി സാദത്തിനെയും നിയമിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."