പാർട്ടി തലപ്പത്ത് ഷി ജിൻപിങ്; ചുറ്റും വിശ്വസ്തർ പ്രസിഡന്റ് സ്ഥാനത്ത് തുടരും
ബെയ്ജിങ് • ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ മാവോ സേതൂങ്ങിന് ശേഷം ഏറ്റവും വലിയ ശക്തിയായ ഷി ജിൻപിങ് പാർട്ടി തലപ്പത്ത് നിയമിച്ചത് വിശ്വസ്തരെ. പൊളിറ്റ് ബ്യൂറോയിലെ ഏഴംഗ സ്ഥിരം സമിതിയിൽ നാലുപേരും ഷീയുടെ വിശ്വസ്തരാണ്. ലീ ക്വിയാങ്, ലീ ഷി, ഷാവോ ലെജി, ഡിങ് സൂക്‌സിയാങ്, വാങ് ഹുനിങ്, കായ് ക്വി എന്നിവരാണ് സമിതി അംഗങ്ങൾ. വാങ് ഹുനിങ്ങും ഷോവോ ലെജിയും ഒഴികെ മറ്റുള്ളവർ കമ്മിറ്റിയിലെ പുതിയ അംഗങ്ങളാണ്. ഇവരാകട്ടെ ഷിയുടെ വിശ്വസ്തരും. ഷിയുടെ സീറോ കൊവിഡ് പോളിസിയുടെ ഭാഗമായി രണ്ടുമാസത്തെ ലോക്ക്ഡൗണിന് നേതൃത്വം വഹിച്ച ലീ ക്വിയാങ് അടുത്ത പ്രധാനമന്ത്രിയാകും. നിലവിലെ പ്രധാനമന്ത്രി ലീ കെക്വിയാങ് അടുത്തവർഷം വിരമിക്കുകയാണ്. ഷി ജിൻപിങ്ങിൻ്റെ കൊവിഡ് ലോക്ഡൗണിനെ ജനങ്ങൾ വിമർശിച്ചിരുന്നു. ഷിക്കെതിരേ പാർട്ടി കോൺഗ്രസിന് തലേന്ന് പ്രതിഷേധം ഉയർത്തിയവരും ചൂണ്ടിക്കാട്ടിയത് ഈ നയമാണ്. അതിനിടെ, ഇന്നലെ ചേർന്ന ആദ്യ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഷി ജിൻപിങ്ങിനെ പാർട്ടി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ലോകത്തിന് ചൈനയെ ആവശ്യമുണ്ടെന്നായിരുന്നു മാധ്യമങ്ങളെ അഭിസംബോധന ചെയ്യവെ ഷീയുടെ പ്രതികരണം. ചൈനയുടെ സെൻട്രൽ മിലിറ്ററി കമ്മിഷന്റെ മേധാവിയായും ഷീ ജിൻപിങ്ങിനെ വീണ്ടും നിയമിച്ചു. അടുത്ത മാർച്ചിൽ ചേരുന്ന സർക്കാരിന്റെ വാർഷിക ലെജിസ്ലേറ്റീവ് സെഷനിൽ ഷി വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."