പ്രവാസികൾക്ക് ആശ്വാസം;മസ്കത്ത് എയര്‍പോര്‍ട്ടിലേക്കുള്ള ടാക്‌സി ചാര്‍ജ് പകുതിയായി കുറച്ചു
എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള ടാക്‌സി വാടക നിലവിലുള്ളതിന്റെ പകുതിയോളമായി കുറച്ചിരിക്കുകയാണ് ഒമാൻ ഗതാഗത മന്ത്രാലയം
മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും അവിടെ നിന്ന് തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്ക് ആശ്വാസം. എയര്‍പോര്‍ട്ടിലേക്കും തിരിച്ചുമുള്ള ടാക്‌സി വാടക നിലവിലുള്ളതിന്റെ പകുതിയോളമായി കുറച്ചിരിക്കുകയാണ് ഒമാൻ ഗതാഗത മന്ത്രാലയം. മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് സര്‍വീസ് നടത്തുന്നതിന് ഒ-ടാക്‌സി, ഒമാന്‍ ടാക്‌സി എന്നീ രണ്ട് ടാക്‌സി മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്ക് പുതുതായി അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് ഈ നിരക്കിളവ് യാഥാര്‍ത്ഥ്യമായത്. പുതുക്കിയ നിരക്ക് പ്രകാരം 1.5 ഒമാന്‍ റിയാല്‍ മുതലാണ് ടാക്‌സി വാടക തുടങ്ങുക. തുടര്‍ന്നുള്ള ഓരോ കിലോമീറ്ററിനും 250 പൈസ അധികമായി ഈടാക്കും.
പുതിയ ആപ്ലിക്കേഷന്‍ നിലവില്‍ വന്നതോടെ യാത്ര പുറപ്പെടുന്നതിനു മുമ്പ് തന്നെ ടാക്‌സി വാടക നിശ്ചയിച്ച ശേഷം ആയിരിക്കും എയര്‍പോര്‍ട്ടില്‍ നിന്നുള്ള യാത്ര തുടങ്ങുക. വിമാനത്താവളത്തിലെ ടാക്‌സി നിരക്ക് കൂടുതലാണ് എന്നതിനാല്‍ നിലവില്‍ പലരും വ്യാജ ടാക്‌സികളെയാണ് യാത്രയ്ക്കായി ആശ്രയിക്കാറുള്ളത്. ഇതിന് തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ടാക്‌സി നിരക്ക് കുറച്ചുകൊണ്ട് പുതിയ മാറ്റത്തിന് അധികൃതര്‍ തയ്യാറായിരിക്കുന്നത്. പുതിയ സംവിധാനം നിലവില്‍ വന്നതോടെ ടാക്‌സികളില്‍ റൂട്ട് ട്രാക്കിംഗ് സംവിധാനം നിര്‍ബന്ധമാക്കി. ഇത് യാത്രക്കാരുടെ സുരക്ഷിതത്വവും ഈടാക്കുന്ന വാടകയിലെ സുതാര്യതയും ഉറപ്പു വരുത്താന്‍ ഇത് സഹായിക്കും.
Content Highlights: taxi charges to muscat airport reduced by half
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."