'ഇത് ഒരു ഓര്‍മപ്പെടുത്തല്‍ മാത്രം'; ഇത് കണ്ടിട്ടും ഓര്മ വരുന്നില്ലെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുക്കൂ'; ശ്രീരാമകൃഷ്ണന് സ്വപ്നയുടെ മറുപടി, ചിത്രങ്ങള്‍ പുറത്തുവിട്ടു
തിരുവനന്തപുരം: മുന്‍ സ്പീക്കറും സിപിഎം നേതാവുമായ പി ശ്രീരാമകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി സ്വപ്ന സുരേഷ്. ശ്രീരാമകൃഷ്ണന്റെ സ്വകാര്യ ചിത്രങ്ങള്‍ അടക്കമാണ് സ്വപ്നയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ശ്രീ.പി.ശ്രീരാമകൃഷ്ണന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനും അനുബന്ധ വാദങ്ങള്‍ക്കുമുള്ള ലളിതവും വിനീതവുമായ മറുപടിയും ഒരു ഓര്‍മപ്പെടുത്തലും മാത്രമാണ് ഇത്. ഇവ അദ്ദേഹത്തെ ബാക്കിയുള്ള കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നില്ലെങ്കില്‍, എനിക്ക് എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാന്‍ ആ മാന്യനോട് അഭ്യര്‍ഥിക്കുന്നു. അങ്ങനെയെങ്കില്‍ ബാക്കി തെളിവുകള്‍ കൂടി ബഹുമാനപ്പെട്ട കോടതിയില്‍ ഹാജരാക്കാന്‍ എനിക്ക് സാധിക്കും.- സ്വപ്ന ഫേസ്ബുക്കില്‍ കുറിച്ചു.
നേരത്തെ സ്വപ്നയുടെ ആരോപണങ്ങള്‍ നിഷേധിച്ച് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് രംഗത്ത് എത്തിയിരുന്നു. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഔദ്യോഗിക വസതിയിലേക്ക് സ്വപ്നയെ ഒറ്റക്ക് ക്ഷണിച്ചുവെന്ന ആരോപണം തെറ്റാണെന്നും ശ്രീരാമകൃഷ്ണന് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
സ്ത്രീകളോട് മോശമായി പെരുമാറിയിട്ടില്ല. ആര്‍ക്കും അനാവശ്യമായ മെസേജുകള്‍ അയച്ചിട്ടില്ല. അത്തരം പരാതികള്‍ ഇതുവരെയും ആരും ഉന്നയിച്ചിട്ടുമില്ല. അറിഞ്ഞോ അറിയാതെയോ സ്വപ്ന കരുവാകുകയാണ്. ആരോപണങ്ങളെ രാഷ്ട്രീയമായി തന്നെ നേരിടുന്നതിനോടൊപ്പം നിയമപരമായ വശങ്ങളും പരിശോധിച്ചേ മുന്നോട്ട് പോകും. പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്ത് സ്വപ്നക്കെതിരെ നിയമ നടപടി ആലോചിക്കുമെന്നും ശ്രീരാമകൃഷ്ണന് ഫേസ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."